(www.kl14onlinenews.com)
(13-Aug -2022)
കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജ്; നിർമാണ പ്രവൃത്തികള്‍ നിശ്ചിത കാലയളവില്‍ പൂര്‍ത്തീകരിക്കണം -മന്ത്രി വീണാ ജോര്‍ജ്
ബദിയടുക്ക: കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജില്‍ നിർമാണ പ്രവൃത്തികളെല്ലാം നിശ്ചിത കാലയളവില്‍ പൂര്‍ത്തീകരിക്കണമെന്നും അടുത്ത അധ്യയന വര്‍ഷമെങ്കിലും നഷ്ടമാകില്ലെന്ന് ഉറപ്പുവരുത്തണമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. നവകേരള കര്‍മപദ്ധതി രണ്ടാംഘട്ടത്തില്‍ മെഡിക്കല്‍ കോളജിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ മുറികളുടെയും അധ്യാപകരുടെ ക്വാര്‍ട്ടേഴ്സുകളുടെയും ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ആശുപത്രിയിലെ ദന്തശസ്ത്രക്രിയ വിഭാഗത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയെന്നതാണ് നമ്മുടെ സ്വപ്നം. അതിനാല്‍ നിർമാണങ്ങളില്‍ ഒരു തരത്തിലുള്ള കാലതാമസവും പാടില്ല. നിർമാണ ചുമതല വഹിക്കുന്നവരും കരാറുകാരും ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണം.
കോവിഡ് ആശുപത്രിയാക്കി മാറ്റിയ മെഡിക്കല്‍ കോളജില്‍ ജീവനക്കാരും കുറച്ചുപേരും മാത്രമായിരുന്നു ആദ്യസന്ദര്‍ശന സമയത്തെങ്കില്‍ രണ്ടാം തവണ ഉക്കിനടുക്കയിലെത്തുമ്പോള്‍ ഏറെ സന്തോഷമുണ്ട്. ഇന്ന് ഒ.പിയിലും മറ്റുമായി പൊതുജനങ്ങള്‍ ഇവിടെ എത്തുന്നുണ്ട്. കാസര്‍കോടിന്റെ ആരോഗ്യമേഖലയെ കൈപിടിച്ചുയര്‍ത്തുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. ആശുപത്രി കെട്ടിടത്തിന്റെ താഴത്തെ നില പ്രവര്‍ത്തനം തുടങ്ങി നിർമാണം പൂര്‍ത്തിയാകുന്ന മുറക്ക് മറ്റു നിലകളും പ്രവര്‍ത്തനസജ്ജമാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
മെഡിക്കല്‍ കോളജിനനുവദിച്ച 272 തസ്തികകളില്‍ പകുതി ഇപ്പോള്‍ നിയമനം നടത്തിയെന്നും ആശുപത്രി പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ ബാക്കി നിയമനം നടക്കുമെന്നും മന്ത്രി പറഞ്ഞു.
എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായിരുന്നു. കാസര്‍കോട് വികസന പാക്കേജ് സ്പെഷല്‍ ഓഫിസര്‍ ഇ.പി.രാജ്മോഹന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
എ.കെ.എം. അഷ്റഫ് എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ബി.ശാന്ത, ജെ.എസ്.സോമശേഖര, ബദിയടുക്ക പഞ്ചായത്ത് അംഗം ജ്യോതി, ഡോ.റിജിത് കൃഷ്ണന്‍, പി.രഘുദേവന്‍, വി.വി.രമേശന്‍, കെ.ചന്ദ്രശേഖര ഷെട്ടി, മാഹിന്‍ കേളോട്ട്, കിറ്റ്കോ എം.ഡി ഹരിനാരായണ്‍ രാജ് തുടങ്ങിയവര്‍ സംബന്ധിച്ചു.
മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.തോമസ് മാത്യു സ്വാഗതവും മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ.എം.ബി.ആദര്‍ശ് നന്ദിയും പറഞ്ഞു.
ഉയരുന്നത് 29 കോടിയുടെ പാര്‍പ്പിട സമുച്ചയം
ബദിയടുക്ക: കാസര്‍കോട് വികസന പാക്കേജില്‍ കാസര്‍കോട് ഗവ.മെഡിക്കല്‍ കോളജില്‍ ഉള്‍പ്പെടുത്തി 29 കോടി രൂപയുടെ നിർമാണ പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്.
നാല് നിലകളില്‍ 6600 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ പെണ്‍കുട്ടികള്‍ക്കുള്ള ഹോസ്റ്റലും 4819 ചതുരശ്ര മീറ്റര്‍ വിസ്തീർണത്തില്‍ ഒമ്പത് നിലകളിലുള്ള അധ്യാപകരുടെ ക്വാര്‍ട്ടേഴ്സുമാണ് മെഡിക്കല്‍ കോളജ് പാര്‍പ്പിട സമുച്ചയമായി പണിയുന്നത്. 170 വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റലില്‍ താമസിക്കാന്‍ കഴിയും. പാര്‍പ്പിട സമുച്ചയത്തിന് പുറത്തേക്കുള്ള ജലവിതരണത്തിനും ഓവുചാലുകള്‍ക്കുമായി 64 ലക്ഷം രൂപയും ഹോസ്റ്റലിലേക്കുള്ള ജലവിതരണത്തിനും സാനിറ്റേഷനുമായി 68 ലക്ഷവും ക്വാര്‍ട്ടേഴ്സിലേക്ക് 74 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
إرسال تعليق