മനോരമയുടെ കൊലപാതകം; ബാഗില്‍ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടപ്പെട്ടെന്ന് പ്രതി

(www.kl14onlinenews.com)
(13-Aug -2022)

മനോരമയുടെ കൊലപാതകം; ബാഗില്‍ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടപ്പെട്ടെന്ന് പ്രതി

തിരുവനന്തപുരം: കേശവദാസപുരത്ത് വീട്ടമ്മയുടെ കൊലപാതകത്തില്‍ പ്രതി ആദം അലിയുമായി പോലീസ് കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. ബാഗില്‍ സൂക്ഷിച്ച മനോരമയുടെ സ്വര്‍ണം നഷ്ടപ്പെട്ടന്നാണ് പ്രതി പോലീസിനോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ അന്വേഷണ സംഘം ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. പോലീസ് നടത്തിയ തിരച്ചിലില്‍ കൊലപാതകത്തിനുപയോഗിച്ച കത്തി കണ്ടെത്തി. ഓടയില്‍ നിന്നാണ് കത്തി കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം ജോലി ചെയ്തിരുന്ന കെട്ടിടത്തിന്റെ അഴുക്കുവെള്ളം ഒഴുകിപ്പോകുന്ന പൈപ്പിലാണ് കത്തി ഒളിപ്പിച്ചത്. എന്നാല്‍ ഇവിടെ നിന്ന് കത്തി ഓടയില്‍ വീണിരുന്നു.

മനോരമ മാത്രം വീട്ടിലുള്ള സമയത്താണ് പ്രതി എത്തിയത്. മനോരമ വീടിന് പുറത്ത് നില്‍ക്കുന്നത് പ്രതി കണ്ടിരുന്നു. വീട്ടുവളപ്പിലെ പൂവ് ചോദിച്ചാണ് മനോരമയുടെ അടുത്തെത്തിയത്. സ്ഥിരമായി വെള്ളമെടുക്കാന്‍ വരാറുള്ള പ്രതിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികതയുണ്ടായിരുന്നില്ല. പൂവ് പറിക്കാന്‍ മനോരമ വീടിന് പുറകില്‍ പോയപ്പോള്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. പ്രതി കവര്‍ന്ന ആഭരണങ്ങള്‍ കണ്ടെത്താനുണ്ട്. ആദം അലിയുടെ കസ്റ്റഡി കാലാവധി അവസാനിക്കാന്‍ ഏഴ് ദിവസം കൂടിയുണ്ട്. അതിനുള്ളില്‍ ആഭരണം കണ്ടെത്താനാണ് പോലീസ് ശ്രമിക്കുന്നത്. അതേസമയം, തെളിവെടുപ്പിനായി പ്രതിയെ കൊണ്ടുവന്നപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. ആദം അലിക്ക് നേരെ കൈയേറ്റമുണ്ടായി.

Post a Comment

Previous Post Next Post