ഷാജഹാന്റെ കൊലപാതകം സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കം; കര്‍ശന നടപടിയെന്നും മുഖ്യമന്ത്രി

(www.kl14onlinenews.com)
(16-Aug -2022)

ഷാജഹാന്റെ കൊലപാതകം സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കം; കര്‍ശന നടപടിയെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: പാലക്കാട്‌ മരുതറോഡ്‌ സിപിഐഎം ലോക്കൽകമ്മിറ്റി അംഗം ഷാജഹാന്‍റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഷാജഹാന്‍റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. സമാധാന അന്തരീക്ഷം തകർക്കാനുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ കർശന നടപടികളെടുക്കും. കുറ്റമറ്റ അന്വേഷണത്തിലൂടെ കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ പ്രതികരണം.

ഷാജഹാന്‍റെ കൊലപാതകം രാഷ്ട്രീയ വിരോധം മൂലമെന്നാണ് എഫ്ഐആറില്‍ പറയുന്നത്. കൊലപാതകത്തിന് പിന്നിൽ ബിജെപി അനുഭാവികളെന്ന് റിപ്പോർട്ടിൽ പറയുന്നു. ഷാജഹാന്‍റെ സുഹൃത്തും പാർട്ടി അംഗവുമായ സുകുമാരൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ എഫ്ഐആര്‍ പ്രകാരം കൊലയ്ക്ക് പിന്നിൽ എട്ട് ബിജെപി പ്രവർത്തകരെന്നാണ് ഉള്ളത്. ഷാജഹാന്‍ സിപിഎം നേതാവാണെന്ന് അറിഞ്ഞു തന്നെയാണ് ഷാജഹാനെ വെട്ടിയത്. വടിവാളു കൊണ്ട് ആദ്യം വെട്ടിയത് ഒന്നാം പ്രതി ശബരീഷാണ്. പിന്നീട് അനീഷ്. മറ്റ് ആറ് പ്രതികൾ കൊലയ്ക്ക് സഹായവുമായി ഒപ്പം നിന്നുവെന്നും റിപ്പോട്ടിൽ പറയുന്നു.എന്നാൽ രാഷ്ട്രീയ കൊലപാതകമാണെന്ന് കൂടുതൽ അന്വേഷണത്തിന് ശേഷമെ വ്യക്തമാകുവെന്നാണ് പൊലീസിൻ്റെ നിലപാട്.

ഷാജഹാന്‍റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് സിപിഎം വാദം. ക്രിമിനൽ പ്രവർത്തനം ചോദ്യം ചെയ്തത് കൊലപാതകത്തിന് പ്രേരണയായെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആരോപിക്കുന്നു. കൊലപാതകത്തിന് ശേഷം വ്യാജപ്രചാരണം അഴിച്ചുവിടുന്നത് കൊടും ക്രൂരതയാണെന്നും സിപിഎം കുറ്റപ്പെടുത്തുന്നു. ഷാജഹാന്‍റെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ അനുമോദിക്കാൻ വെച്ച ബോർഡ് ആര്‍എസ്എസ് എടുത്ത് മാറ്റി. പകരം ശ്രീകൃഷ്ണ ജയന്തി ബോർഡ് വെച്ചു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറയുന്നു. ഷാജഹാന്‍റെ കൊലപാതക കേസിലെ പ്രതികൾക്ക് കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ടെന്നും പ്രസ്താവനയില്‍ ആരോപിക്കുന്നു.

Post a Comment

Previous Post Next Post