കാറില്‍ ലോറിയിടിച്ച് മുത്തശ്ശിയും പേരക്കുട്ടിയും മരിച്ചു

(www.kl14onlinenews.com)
(24-Aug -2022)

കാറില്‍ ലോറിയിടിച്ച് മുത്തശ്ശിയും പേരക്കുട്ടിയും മരിച്ചു
കൊല്ലം:
കൊല്ലം ബൈപ്പാസില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ മൂന്നര വയസ്സുകാരിയും മുത്തശ്ശിയും മരിച്ചു. തിരുവനന്തപുരം പേട്ട സ്വദേശിനി കൃഷ്ണകുമാരി (82), ഇവരുടെ പേരക്കുട്ടി ജാനകി (മൂന്നര) എന്നിവരാണ് മരിച്ചത്. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയവര്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ കാവനാട് മുക്കാട് പാലത്തിനുസമീപമായിരുന്നു അപകടം.

കഴിഞ്ഞ ശനിയാഴ്ചയാണ് ജാനകിക്ക് തുലാഭാരം നടത്താന്‍ ഇവര്‍ ഗുരുവായൂരിലേക്ക് യാത്രതിരിച്ചത്. രണ്ട് കാറുകളിലായിരുന്നു യാത്ര. തുലാഭാരത്തിന് ശേഷം തിങ്കളാഴ്ച രാവിലെ എറണാകുളത്തെത്തിയ ഇവര്‍ രാത്രിയാണ് തിരുവനന്തപുരത്തേക്ക് തിരിച്ചത്. കൊല്ലം ബൈപ്പാസില്‍ വെച്ച് എതിരെ വന്ന ലോറി മുമ്പില്‍ പോയ കാറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു.

കൃഷ്ണകുമാരിക്കും ജാനകിക്കും ഒപ്പം കൃഷ്ണകുമാരിയുടെ മകന്‍ ജയദേവനും ഭാര്യ ഷീബക്കും ജാനകിയുടെ അമ്മ കൃഷ്ണഗാഥയ്ക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ ഉടന്‍ തന്നെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കൃഷ്ണകുമാരിയും ജാനകിയും മരിച്ചു. മൃതദേഹങ്ങള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി

Post a Comment

أحدث أقدم