കോഴിക്കോട് ഫറോക്കില്‍ പെയിന്റ് ഗോഡൗണിൽ വന്‍തീപിടുത്തം

(www.kl14onlinenews.com)
(23-Aug -2022)

കോഴിക്കോട് ഫറോക്കില്‍ പെയിന്റ് ഗോഡൗണിൽ വന്‍തീപിടുത്തം
കോഴിക്കോട്: കോഴിക്കോട് ഫറോക്കില്‍ വന്‍ തീപിടിത്തം. സി ടി ഏജൻസീസ് എന്ന പെയിന്റ് നിർമാണ വസ്തുക്കളുടെ ഗോഡൗണില്‍ വൈകീട്ട് 5.10 ഓടെയാണു തീപിടിത്തമുണ്ടായത്. അഗ്‌നിരക്ഷാ സേനയും പൊലീസും ചേര്‍ന്നു തീയണയ്ക്കാന്‍ ഊർജിത ശ്രമം തുടരുകയാണ്.

രണ്ടു മണിക്കൂറിലേറെയായിട്ടും തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല. ഗോഡൗണില്‍ പെയിന്റ് നിർമാണ രാസവസ്തുക്കൾക്കു തീപടർന്നതാണു വെല്ലുവിളിയാകുന്നത്. ഗോഡൗണില്‍ മൊത്തത്തില്‍ തീപടരുകയാണ്. അപകട കാരണം വ്യക്തതമായിട്ടില്ല.

സംഭവത്തിൽ ഒരാള്‍ക്കു പൊള്ളലേറ്റു. മലപ്പുറം സിയാംകണ്ടം പൊയിലി സുഹൈലി (19)നാണു പൊള്ളലേറ്റത്. ഇയാളെ ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തീപിടിത്തമുണ്ടാകുമ്പോൾ അന്യസംസ്ഥാനക്കാർ ഉൾപ്പെടെയുള്ള തൊഴിലാളികൾ ഗോഡൗണില്‍ ചെയ്യുന്നുണ്ടായിരുന്നു. ഇവർ പുറത്തേക്ക് ഓടിരക്ഷപ്പെട്ടതായാണു പ്രദേശവാസികൾ പറയുന്നത്. ആരെങ്കിലും ഗോഡൗണില്‍ അകപ്പെട്ടുപോയിട്ടുണ്ടോയെന്നു പരിശോധിച്ചു വരികയാണ്.

ഒട്ടേറെ വീടുകളും വ്യാപാരസ്ഥാപനങ്ങളും പള്ളിയും സ്ഥിതി ചെയ്യുന്ന മേഖലയിലാണു തീപിടിത്തമുണ്ടായിരിക്കുന്നത്. ഇവിടങ്ങളിലുണ്ടായിരുന്നവരെ ഒഴിപ്പിച്ചിട്ടുണ്ട്. ഗോഡൗണിനു മുന്നില്‍ ഒരു ടാങ്കര്‍ ലോറിയുണ്ടായിരുന്നു. ഇത് സംഭവസ്ഥലത്തുനിന്നു മാറ്റിയതു വന്‍ ദുരന്തം ഒഴിവാക്കി.

പൊട്ടിത്തെറിയോടെയാണു തീപിടത്തമുണ്ടായതെന്നാണു പ്രദേശവാസികൾ പറയുന്നത്.പെയിന്റ് നേർപ്പിക്കാൻ ഉപയോഗിക്കുന്ന തിന്നര്‍ ടാങ്കിനു തീപിടിച്ചതോടെയാണു കെട്ടിടമാകെ തീപടര്‍ന്നത്. ഗോഡൗണിന്റെ ജനലുകളും വാതിലുകളും തകർന്നു വീണു.
കരിപ്പൂർ വിമാനത്താവളത്തിലേത് ഉൾപ്പെടെയുള്ള അഞ്ച് ഫയർ യൂണിറ്റുകൾ തീയണയ്ക്കാൻ സജീവ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്.

മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ ഷിഹാബുദ്ദീന്റെ ഉടമസ്ഥതയിലുള്ളതാണു തീപിടിത്തമുണ്ടായ ഗോഡൗൺ. നാലു മാസം മുൻപാണു പ്രവർത്തനമാരംഭിച്ചത്

Post a Comment

أحدث أقدم