(www.kl14onlinenews.com)
(25-Aug -2022)
ഡൽഹി :
കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അധികാരം ശരിവച്ച വിധി പുനഃപരിശോധിക്കാന്‍ സുപ്രീം കോടതി സമ്മതിച്ചു. അന്വേഷണത്തിനും അറസ്റ്റിനുമുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വിശാല അധികാരം ശരിവച്ച വിധിക്കെതിരെ കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. 2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ വ്യവസ്ഥകള്‍ ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹര്‍ജികളിലാണ് സുപ്രീം കോടതി നടപടി. ജൂലൈ 27നാണ് ഇഡിയുടെ വിശാല അധികാരം ഉറപ്പിക്കുന്ന വിധി സുപ്രീം കോടതി പ്രസ്താവിച്ചത്.
കാര്‍ത്തി ചിദംബരത്തിന്റെ വാദം അനുസരിച്ച് ഈ വിധി ഗുരുതരമായ പിഴവാണ്. മുന്‍ വിധികള്‍ക്കും ഭരണഘടനയുടെ വ്യവസ്ഥകള്‍ക്കും വിരുദ്ധവുമാണ്. ഉത്തരവ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 20, ആര്‍ട്ടിക്കിള്‍ 21 എന്നിവയ്ക്ക് വിരുദ്ധമാണെന്നും ക്രിമിനല്‍ നീതിന്യായ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും കോടതിയുടെ പുനഃപരിശോധന അര്‍ഹിക്കുന്നുവെന്നും ചിദംബരം പറഞ്ഞു.
പിഎംഎല്‍എയുടെ സെക്ഷന്‍ 45 പ്രകാരമുള്ള ഇരട്ട ജാമ്യ വ്യവസ്ഥകളുടെ സാധുത സംബന്ധിച്ച കോടതിയുടെ കണ്ടെത്തലിനെ ചിദംബരം ചോദ്യം ചെയ്തിട്ടുണ്ട്. ചീഫ് ജസ്റ്റിസ് എന്‍.വി.രമണയുടെ അധ്യക്ഷതയില്‍ ഉള്ള മൂന്നംഗ ബെഞ്ചാണ് ഹര്‍ജി ചേമ്പറില്‍ പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് എന്‍.വി.രമണയ്ക്ക് പുറമെ, ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, സി.ടി.രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് പുനഃപരിശോധന ഹര്‍ജി പരിഗണിക്കുന്നത് .
Post a Comment