കരാര്‍ അവസാനിച്ചു; ഇന്ത്യന്‍ റെയില്‍വേയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചൈനീസ് കമ്പനി

(www.kl14onlinenews.com)
(26-Aug -2022)

കരാര്‍ അവസാനിച്ചു; ഇന്ത്യന്‍ റെയില്‍വേയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചൈനീസ് കമ്പനി

ന്യൂഡല്‍ഹി: ഇന്ത്യന്‍ റയില്‍വയോട് 279 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചൈന. ചൈനീസ് റെയിൽവേയുടെ സിഗ്നലിങ് ആൻഡ് ടെലികോം വിഭാഗത്തിന്റെ ഉത്തര്‍പ്രദേശിലെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള 471 കോടി രൂപയുടെ കരാര്‍ ഇന്ത്യന്‍ റെയില്‍വെ റദ്ദാക്കിയതിന് രണ്ട് വര്‍ഷത്തിന് ശേഷമാണിത്.

ചൈന റെയിൽവേ സിഗ്നലിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ (സിആർഎസ്‌സി) റിസർച്ച് ആൻഡ് ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ട് എന്ന കമ്പനി അടുത്തിടെ സിംഗപ്പൂരിലെ ഇന്റർനാഷണൽ ചേംബർ ഓഫ് കൊമേഴ്‌സ് (ഐസിസി) നിയമങ്ങൾക്ക് അനുസരിച്ചു ആർബിട്രേഷൻ സ്ഥാപിച്ചു.

റെയിൽവേയുടെ കീഴിലുള്ള ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (ഡി എഫ് സി സി ഐ എല്‍) മറുപടിയായി ചൈനീസ് കമ്പനിയോട് 71 രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. വിഷയം രാജ്യാന്തര ട്രിബ്യൂണലില്‍ ഏറ്റുമുട്ടലിലേക്ക് നീങ്ങുകയാണെന്ന് റെയിൽവെ വൃത്തങ്ങൾ അറിയിച്ചു.

2020 ലാണ് ചരക്ക് ഇടനാഴിക്കായി യുപിയിലെ കാൺപൂർ, മുഗൾസരായ് (ഇപ്പോൾ ദീൻ ദയാൽ ഉപാധ്യായ) സ്റ്റേഷനുകൾക്കിടയിലുള്ള 417 കിലോമീറ്റർ ദൂരത്തിൽ സിഗ്നലിംഗ്, ടെലികോം സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനുള്ള സിആർഎസ്‌സി യുടെ കരാർ ഡി എഫ് സി സി ഐ എല്‍ അവസാനിപ്പിച്ചത്.

കരാര്‍ റദ്ദാക്കിയ വിവരം ദി ഇന്ത്യന്‍ എക്സ്പ്രസ് ആയിരുന്നു ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

ചൈനീസ് കമ്പനി ഇത് ഡൽഹി ഹൈക്കോടതി വരെ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. കരാർ അവസാനിപ്പിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള നടപടിക്രമങ്ങൾ ഇന്ത്യ പാലിക്കാത്തതിനാൽ കരാർ അവസാനിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് ചൈനീസ് കമ്പനിയുടെ വാദം.

ചൈനീസ് കമ്പനി കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ലെന്നും നാല് വർഷം കഴിഞ്ഞിട്ടും 20 ശതമാനത്തോളം പുരോഗതി മാത്രമാണ് ഉണ്ടായതെന്നും റെയിൽവേ പറഞ്ഞു. നിലവില്‍ മറ്റൊരു കരാറുകാരന്റെ കീഴില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നാണ് ഒരു ഡിഎഫ്സിസിഐഎൽ ഉദ്യോഗസ്ഥൻ അറിയിച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post