(www.kl14onlinenews.com)
(28-Aug -2022)
ദുബായ് :
ഏഷ്യാ കപ്പ് ടി20യിൽ ജയത്തോടെ തുടങ്ങി അഫ്ഗാനിസ്ഥാൻ. ആദ്യ മത്സരത്തിൽ ശ്രീലങ്കയെ 8 വിക്കറ്റിന് തകർത്തു. ലങ്ക ഉയർത്തിയ 106 റൺസ് വിജയലക്ഷ്യം 59 പന്തുകൾ ശേഷിക്കെ അഫ്ഗാൻ മറികടന്നു. ഓപ്പണർമാരായ ഹസ്രത്തുള്ള സസായിയും റഹ്മാനുള്ള ഗുർബാസുമാണ് ടീമിന് അനായാസ ജയം നേടിക്കൊടുത്തത്.
മത്സരത്തിൽ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ മുഹമ്മദ് നബി ബൗളിംഗ് തെരഞ്ഞെടുത്തു. മൂർച്ചയുള്ള ബൗളിംഗ് പ്രകടനത്തോടെ ലങ്കയെ 105 എന്ന കുറഞ്ഞ സ്‌കോറിൽ ഒതുക്കാൻ അഫ്ഗാനിസ്ഥാന് കഴിഞ്ഞു. മുൻ ചാമ്പ്യന്മാർ 19.4 ഓവറിൽ 105 റൺസിന് ആൾ ഔട്ട് ആവുകയായിരുന്നു. ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തി ഫസൽഹഖ് ഫാറൂഖി കളി തുടങ്ങിയപ്പോൾ, രണ്ടാം ഓവറിൽ തന്നെ പാത്തും നിസ്സാങ്കയെ (3) നവീൻ-യു-ഹഖ് പുറത്താക്കി.
പിന്നീട് ഭാനുക രാജപക്‌സെയും ധനുഷ്‌ക ഗുണതിലകയും നാലാം വിക്കറ്റിൽ 32 പന്തിൽ 44 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. എന്നാൽ എട്ടാം ഓവറിൽ മുജീബ് ഉർ റഹ്മാൻ ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നീട് വന്ന ആരെയും നിലയുറപ്പിക്കാൻ അഫ്ഗാൻ ബൗളിംഗ് നിര അനുവദിച്ചില്ല. കൃത്യമായ ഇടവേളകളിൽ ഒന്നിന് പിറകെ ഒന്നായി വിക്കറ്റുകൾ വീഴ്ത്തി. അഫ്ഗാനിസ്ഥാനു വേണ്ടി ഫസൽഹഖ് ഫാറൂഖി 3 വിക്കറ്റും മുജീബും നബിയും 2 വിക്കറ്റ് വീതവും നവീൻ ഒരു വിക്കറ്റും വീഴ്ത്തി.
29 പന്തിൽ 5 ബൗണ്ടറിയും ഒരു സിക്സും സഹിതം 38 റൺസെടുത്ത ഭാനുക രാജപക്‌സെയാണ് ലങ്കയുടെ ടോപ് സ്‌കോറർ. ചാമിക കരുണരത്‌നെ നേടിയ 31 റൺസ് ലങ്കയെ 100 റൺസ് കടത്താൻ സഹായിച്ചു. 106 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാൻ ഓപ്പണർമാരായ ഹസ്രത്തുള്ള സസായിയും റഹ്മാനുള്ള ഗുർബാസും തകർപ്പൻ ബാറ്റിങ്ങാണ് പുറത്തെടുത്തത്. അഫ്ഗാൻ ജയം 23 റൺസ് അകലെ നിൽക്കേ, ഏഴാം ഓവറിലെ ആദ്യ പന്തിൽ ഗുർബാസിനെ ഹസരംഗ്ര പുറത്താക്കി.
വിക്കറ്റ് കീപ്പർ റഹ്മാനുള്ള ഗുർബാസ് 18 പന്തിൽ 3 ഫോറും 4 സിക്സും സഹിതം 40 റൺസെടുത്തപ്പോൾ ഹസ്രത്തുള്ള സസായി 28 പന്തിൽ 5 ഫോറും ഒരു സിക്സും സഹിതം പുറത്താകാതെ 37 റൺസ് നേടി ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ ടീമിന് അനായാസ ജയം സമ്മാനിച്ചു.
Post a Comment