ലഹരിക്കേസിൽ ഓഗസ്റ്റ് വരെ പിടിയിലായത് 17,834 പേർ'; പിടിച്ചെടുത്തത് 6.7 കിലോ എംഡിഎംഎ,ലഹരിമരുന്ന് ഉപയോഗം കൂടിയെന്ന് മുഖ്യമന്ത്രി

(www.kl14onlinenews.com)
(31-Aug -2022)

ലഹരിക്കേസിൽ ഓഗസ്റ്റ് വരെ പിടിയിലായത് 17,834 പേർ'; പിടിച്ചെടുത്തത് 6.7 കിലോ എംഡിഎംഎ,ലഹരിമരുന്ന് ഉപയോഗം കൂടിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം :
സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗം വർദ്ധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരി ഉഫയോഗം, വ്യാപാരം എന്നിവ സമൂഹത്തിന് ഭീഷണിയാകുന്ന നിലയിലേക്ക് വർധിച്ചു. ഇത് തടയാൻ ഫലപ്രദമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പ്രതിപക്ഷം ഉന്നയിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു  മുഖ്യമന്ത്രി. 

2022ൽ മാത്രം 16, 228 കേസുകളാണ് രജിസ്റ്റർ ചെയ്തത്. സ്ഥിരം ലഹരി കേസിൽപ്പെടുന്നവരെ കരുതൽ തടങ്കലിലാക്കും. പോലീസും എക്‌സൈസും ഒരുമിച്ചുള്ള നടപടികൾ ഉണ്ടാകും. ഉദ്യോഗസ്ഥർക്ക് ഇതിനായി പരിശീലനം നൽകുമെന്നും കേസിൽ ഉൾപ്പെടുന്നവരുടെ ഹിസ്റ്ററി ഷീറ്റ് തയ്യാറാക്കി സൂക്ഷിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. 

ലഹരിയുടെ പ്രശ്‌നം അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലഹരി ഉപയോഗവും വ്യാപാരവും സമൂഹത്തിൽ കുറേക്കാലമായി ഭീഷണിയായി വളർന്നിട്ടുണ്ടെന്നത് നിസ്തർക്കമായ വസ്തുതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ കഞ്ചാവുപോലുള്ള ലഹരിവസ്തുക്കളാണ് വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നതെങ്കിൽ സിന്തറ്റിക് - രാസലഹരി വസ്തുക്കളുടെ വ്യാപനവും ഉപഭോഗവുമാണ് നിലവിലെ വലിയ ഭീഷണിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

ലഹരിക്ക് എതിരായ പോരാട്ടം ജനകീയ ക്യാമ്പയിനായി സംഘടിപ്പിക്കും. യുവാക്കള്‍, മഹിളകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സമുദായ സംഘടനകള്‍, ഗ്രന്ഥശാലകള്‍, ക്ലബ്ബുകള്‍, റസിഡൻ്റ്സ് അസോസിയേഷനുകള്‍, സാമൂഹ്യ - സാംസ്‌കാരിക -രാഷ്ട്രീയ കൂട്ടായ്മകള്‍ ഉള്‍പ്പെടെയുള്ള വിവിധ പ്രാദേശിക കൂട്ടായ്മകളെ ക്യാമ്പയിനില്‍ കണ്ണിചേര്‍ക്കും. ഇതിന് വ്യക്തമായ രൂപരേഖ തയ്യാറാക്കുമെന്നും മുഖ്യമന്ത്രി.

ഗാന്ധിജയന്തി ആഘോഷങ്ങള്‍ ലഹരി വിരുദ്ധ ക്യാമ്പയിനായി മാറ്റണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. വിദ്യാലയങ്ങളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാര്‍ത്ഥികളുടെ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യണം. റോള്‍പ്ലേ, സ്‌കിറ്റ്, ലഹരി വിരുദ്ധ കവിതാലാപനം, കഥാവായന, പ്രസംഗം, പോസ്റ്റര്‍ രചന, തുടങ്ങി പ്രാദേശിക സാധ്യതകള്‍ പരിഗണിച്ച് പ്രത്യേക പരിപാടികള്‍ ആസൂത്രണം ചെയ്യും. ശുചീകരണത്തിൻ്റെ ഭാഗമായി പ്രതീകാത്മക ലഹരി ഉല്‍പ്പന്നങ്ങള്‍ കുഴിച്ചുമൂടല്‍ തുടങ്ങിയവ ആവിഷ്കരിച്ച് നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു

Post a Comment

Previous Post Next Post