‘തല പോയാലും കൊയപ്പത്തിലാക്കൂല, വിശ്വസിക്കാം 101 ശതമാനം’; കെ കെ ശൈലജയ്ക്ക് മറുപടിയുമായി കെ ടി ജലീല്‍

(www.kl14onlinenews.com)
(25-Aug -2022)

‘തല പോയാലും കൊയപ്പത്തിലാക്കൂല, വിശ്വസിക്കാം 101 ശതമാനം’; കെ കെ ശൈലജയ്ക്ക് മറുപടിയുമായി കെ ടി ജലീല്‍
മലപ്പുറം: കെ.കെ ശൈലജ എം.എല്‍.എയ്ക്ക് പരോക്ഷ മറുപടിയുമായി കെ.ടി. ജലീൽ എം.എൽ.എ. തന്നെ 101 ശതമാനം വിശ്വസിക്കാം. തലപോയാലും ആരേയും കുഴപ്പത്തിലാക്കില്ലെന്ന് കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. കശ്മീര്‍ പരാമര്‍ശത്തില്‍ നിയമസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ വിഡിയോയ്ക്ക് ഒപ്പമാണ് കെ ടി ജലീല്‍ ഇപ്രകാരം കുറിച്ചത്.

‘ഇന്ന് നിയമസഭയില്‍. തല പോയാലും ഒരാളെയും കൊയപ്പത്തിലാക്കൂല. വിശ്വസിക്കാം. 101 %’ എന്നാണ് കെ ടി ജലീല്‍ കുറിച്ചത്.


കഴിഞ്ഞദിവസം നിയമസഭയില്‍ ലോകായുക്ത നിയമഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചയ്ക്കിടെ 'ഇയാള് നമ്മളെ കുഴപ്പത്തിലാക്കും' എന്ന് കെ.കെ ശൈലജ എം.എല്‍.എയുടെ ആത്മഗതം വൻതോതിൽ ചർച്ചകൾക്കിടയാക്കിയിരുന്നു. കെ.ടി ജലീല്‍ സംസാരിക്കാന്‍ ഇടപെട്ട ഘട്ടത്തിലായിരുന്നു ശൈലജയുടെ ഈ ആത്മഗതം. ഇതോടെ ജലീലിനെ ഉദ്ദേശിച്ചാണെന്ന വ്യാഖ്യാനം വന്നു. പതിയെ പറഞ്ഞ ഇക്കാര്യം മൈക്കിലൂടെ ഉച്ചത്തില്‍ കേള്‍ക്കുകയായിരുന്നു.

എന്നാൽ ജലീലിന്റെ ചോദ്യത്തിന് വഴങ്ങി സീറ്റില്‍ ഇരിക്കുമ്പോള്‍ പ്രസംഗ സമയം നഷ്ടപ്പെടുമല്ലോ എന്നോര്‍ത്ത് അടുത്തിരുന്ന സജി ചെറിയാനോട് പറഞ്ഞ ഒരു വാചകം തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കപ്പെടുന്നത് ഖേദകരമാണെന്നായിരുന്നു ശൈലജ പ്രതികരണം. തന്റെ പരാമര്‍ശം ജലീലിനെതിരാണെന്ന ആക്ഷേപം കഴമ്പില്ലാത്തതും ദുരുപദിഷ്ടവുമാണെന്നും അവര്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.

Post a Comment

Previous Post Next Post