(www.kl14onlinenews.com)
(01-May -2022)
തിരുവനന്തപുരം: കാസർകോട് ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിക്കുകയും നിരവധിപേര്‍ക്ക് അസുഖം ബാധിക്കുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ മന്ത്രി വീണ ജോർജ് ഭക്ഷ്യസുരക്ഷാ കമീഷണര്‍ക്ക് നിര്‍ദേശം നല്‍കി.
ഭക്ഷ്യ വിഷബാധയേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് മന്ത്രി അറിയിച്ചു. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കാസർകോട് ചെറുവത്തൂരിലെ കൂൾബാറിൽ നിന്നും ഷവര്‍മ കഴിച്ച പ്ലസ് വൺ വിദ്യാർഥിനി ദേവനന്ദ (17) ആണ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്. കരിവെള്ളൂർ എ.വി. സ്മാരക ഗവ. ഹയർ സെക്കൻഡറിയിലെ പ്ലസ് വൺ സയൻസ് വിദ്യാർഥിയാണ്. വെള്ളിയാഴ്ച ദേവനന്ദ ചെറുവത്തൂർ ബസ് സ്റ്റാൻഡിലെ കൂൾബാറിൽ നിന്ന് ഷവർമ കഴിച്ചിരുന്നു. ഞായറാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചെറുവത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു.
Post a Comment