(www.kl14onlinenews.com)
(05-May -2022)
മാഡ്രിഡ്: കൈവിട്ടു പോയെന്ന് കരുതിയ കളി അവസാന മിനിറ്റിൽ തിരിച്ചുപിടിച്ച് റയൽ മാഡ്രിഡ് യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയ്‌ക്കെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് റയലിന്റെ ജയം. ഇതോടെ കലാശപ്പോരിൽ റയൽ ലിവർപൂളിനെ നേരിടും.
ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ അവിശ്വസനീയ തിരിച്ചുവരവാണ് സാന്റിയാഗോ ബർനെബുവിൽ കണ്ടത്. തൊണ്ണൂറാം മിനിറ്റുവരെ അഗ്രഗേറ്റ് ഗോളുകളുടെ എണ്ണത്തിൽ ഒരു ഗോളിനു പിന്നിലായിരുന്ന റയൽ ഇഞ്ചുറി ടൈമിലും എക്സ്ട്രാ ടൈമിലും ഗോളുകൾ നേടിയാണ് ജയമുറപ്പിച്ചത്.
ആദ്യപാദത്തിൽ 4-3 ന് ജയിച്ച മാഞ്ചസ്റ്റർ സിറ്റിയും റയൽ മാഡ്രിഡും ആദ്യ പകുതിയിൽ മികച്ച കളി പുറത്തെടുത്തെങ്കിലും സ്കോർ ചെയ്തിരുന്നില്ല. രണ്ടാം പകുതിയിൽ 73ആം മിനിറ്റിൽ മെഹ്‌റസിന്റെ ഗോളിലൂടെ ലീഡ് നേടിയ സിറ്റി അഗ്രഗേറ്റ് സ്‌കോറിൽ 5-3 ന് മുന്നിലെത്തിയിരിന്നു. എന്നാൽ അവസാന മിനിറ്റിൽ പകരക്കാരനായി കളിക്കളത്തിൽ എത്തിയ റോഡ്രിഗോ കളിയുടെ ഗതിമാറ്റി. കരീം ബെൻസേമയുടെ പാസ് വലയിൽ എത്തിച്ച് റയലിന് ആദ്യ ഗോൾ സമ്മാനിച്ചു. ഇതോടെ രണ്ടാം പാദം സമനിലയിലും അഗ്രഗേറ്റ് സ്കോർ 5-4.
നിമിഷങ്ങൾക്കകം ഡാനി കർവാഹലിന്റെ ക്രോസിൽ നിന്ന് ഹെഡ്ഡറിലൂടെ റോഡ്രിഗോ അടുത്ത ഗോളും നേടി. സമനിലയിൽ കലാശിക്കുമെന്ന് തോന്നിയ മത്സരത്തിന്റെ എക്സ്ട്രാ ടൈമിൽ കിട്ടിയ പെനാൽറ്റി ബെൻസേമ വലയിൽ എത്തിച്ചതോടെ റയൽ കലാശപ്പോരിനുള്ള ടിക്കറ്റ് ഉറപ്പിക്കുകയായിരുന്നു. അഗ്രഗേറ്റ് സ്കോറായ 6-5നാണ് ജയം.
മെയ് 29ന് ഫ്രാൻസിലെ യൂൾ റീമേ സ്റ്റേഡിയത്തിലാണ് റയൽ മാഡ്രിഡും ലിവർപൂളും തമ്മിലുള്ള കലാശപ്പോര്.
إرسال تعليق