നടിയെ പീഡിപ്പിച്ച കേസ്: മേയ് 19ന് ഹാജരാകാമെന്ന് വിജയ് ബാബു,​ ബിസിനസ് യാത്രയിലെന്ന് വിശദീകരണം

(www.kl14onlinenews.com) 
(02-May -2022)


നടിയെ പീഡിപ്പിച്ച കേസ്: മേയ് 19ന് ഹാജരാകാമെന്ന് വിജയ് ബാബു,​ ബിസിനസ് യാത്രയിലെന്ന് വിശദീകരണം

കൊച്ചി: പൊലീസിന് മുന്നില്‍ ഹാജരാകാന്‍ സാവകാശം തേടി ബലാത്സംഗക്കേസില്‍ ആരോപണ വിധേയനായ നടന്‍ വിജയ് ബാബു. ബിസിനസ് ടൂറിലാണെന്നും മേയ് 19 ന് ഹാജരാകാമെന്നും കൊച്ചി സിറ്റി പൊലീസിനെ വിജയ് അറിയിച്ചു.
മേയ് 18 നാണ് വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്. എത്രയും വേഗം ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ നോട്ടീസിന് മറുപടിയായാണ് വിജയ് സാവകാശം തേടിയിരിക്കുന്നത്.

ഈ മാസം 22 നാണ് നടി വിജയ് ബാബുവിനെതിരെ പൊലീസിൽ പരാതി നൽകിയത്. സിനിമയിൽ കൂടുതൽ അവസരം വാഗ്‌ദാനം ചെയ്ത് കൊച്ചിയിലെ ഫ്ലാറ്റിലും ആഡംബര ഹോട്ടലിലും പാർപ്പിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയായ യുവതിയുടെ പരാതി. ബലാത്സംഗം, ഗുരുതരമായി പരുക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
നടി പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് വിജയ് ദുബായിലേക്ക് കടന്നത്. ബാംഗ്ലൂര്‍ വഴിയാണ് വിദേശത്തേക്ക് കടന്നതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കഴിഞ്ഞ ദിവസം രാത്രി ഫെയ്സ്ബുക്ക് ലൈവിലെത്തിയ വിജയ് ബാബു ആരോപണം നിഷേധിക്കുകയും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. താനാണ് ഇരയെന്നും ആരോപണങ്ങൾ കള്ളമെന്ന് തെളിയിക്കാനുള്ള തെളിവുകൾ തന്റെ കൈയ്യിലുണ്ടെന്നും വിജയ് ബാബു അവകാശപ്പെട്ടു.
നടിയുടെ പേര് വെളിപ്പെടുത്തിയതിലും വിജയ് ബാബുവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കാന്‍ വിജയ് ബാബു തയാറായില്ലെങ്കില്‍ പാസ്പോര്‍ട്ടും വീസയുമടക്കം റദ്ദാക്കാനുള്ള അപേക്ഷ സമര്‍പ്പിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അറസ്റ്റിന് തടസമല്ലെന്നും വിജയ് ബാബുവിനെ തേടി വിദേശത്ത് പോകേണ്ടി വന്നാൽ പോകുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Post a Comment

أحدث أقدم