(www.kl14onlinenews.com) (Feb-04-2022)
കർണാടകയിൽ വീണ്ടും ഹിജാബ് ധരിച്ച വിദ്യാർത്ഥിനികൾക്ക് കോളേജിൽ വിലക്ക്,
ബംഗളൂരു: കർണാടകയിൽ കൂടുതൽ വിദ്യാലയങ്ങളിൽ ശിരോവസ്ത്ര വിവാദം പുകയുന്നു. ഉഡുപ്പി കുന്താപുര ഗവ. ജൂനിയർ കോളജിൽ ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ വ്യാഴാഴ്ച കാമ്പസിൽ പ്രവേശിപ്പിച്ചില്ല.
രാവിലെ വിദ്യാര്‍ഥിനികളെ കോളജ് പ്രവേശന കവാടത്തില്‍ പ്രിന്‍സിപ്പൽ ജി.ജെ. രാമകൃഷ്ണ തടയുകയായിരുന്നു. യൂനിഫോം അണിഞ്ഞുതന്നെ വിദ്യാർഥിനികൾ ക്ലാസിലെത്തണമെന്ന് പ്രിന്‍സിപ്പൽ ആവശ്യപ്പെട്ടു. ശിരോവസ്ത്രം ഒഴിവാക്കിയ ശേഷം കോളജിൽ കയറിയാൽ മതിയെന്നു പ്രിൻസിപ്പൽ പറഞ്ഞതോടെ വിദ്യാർഥിനികൾ ക്ലാസ് അവസാനിക്കുന്നതുവരെ ആറുമണിക്കൂർ ഗേറ്റിന് പുറത്തുനിന്നു.
ബുധനാഴ്ച കോളജിൽ 100 വിദ്യാർഥികൾ കാവി ഷാള്‍ അണിഞ്ഞെത്തിയിരുന്നു. ഇവരെ കോളജില്‍ തടഞ്ഞതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ജയ് ശ്രീറാം മുഴക്കി പ്രതിഷേധിച്ചിരുന്നു. എല്ലാ വിദ്യാർഥികളും സ്കൂൾ യൂനിഫോം മാത്രമേ ധരിക്കാവൂ എന്നും ശിരോവസ്ത്രമടക്കം സ്കൂളിൽ അനുവദിക്കില്ലെന്നും കോളജ് വികസന സമിതിയംഗം കൂടിയായ കുന്താപുര ബി.ജെ.പി എം.എൽ.എ ഹാലഡി ശ്രീനിവാസ ഷെട്ടി വ്യക്തമാക്കി.
കഴിഞ്ഞദിവസം ശിവമൊഗ്ഗ ഭദ്രാവതിസർ എംവി. ആർട്സ് ആൻഡ് സയൻസ് കോളജിലും ചിക്കമഗളൂരു കൊപ്പയിലെ ബലഗാഡി ഫസ്റ്റ് ഗ്രേഡ് കോളജിലും മുസ്ലിം വിദ്യാർഥിനികൾ ശിരോവസ്ത്രം ധരിക്കുന്നതിനെതിരെ ഒരു വിഭാഗം വിദ്യാർഥികൾ കാവി ഷാൾ അണിഞ്ഞ് കാമ്പസിലെത്തിയിരുന്നു.
വിദ്യാർഥികൾ സ്കൂളിലേക്ക് ശിരോവസ്ത്രമോ കാവി ഷാളോ ധരിച്ചു വരേണ്ടതില്ലെന്ന് ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. വിദ്യാർഥികൾ ഒന്നിച്ചു പഠിക്കുന്ന വിദ്യാലയത്തിൽ മതപരമായ കാര്യങ്ങൾ പ്രവർത്തിക്കാൻ ആരും വരേണ്ടതില്ല. എല്ലാ മതത്തിലുമുള്ള കുട്ടികൾ പരസ്പരം മനസ്സിലാക്കേണ്ട സ്ഥലമാണ് വിദ്യാലയങ്ങൾ. എല്ലാ കുട്ടികളും ഭാരതമാതാവിന്‍റെ മക്കളാണ്. ഭാരതമാതാവിന്‍റെ കുട്ടികളായാണ് അവർ സ്കൂളിലേക്ക് വരേണ്ടത്.
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെ നിർദേശം അവർ പാലിക്കണം. ആരാധനകൾക്കും മതപരമായ കാര്യങ്ങൾ ചെയ്യാനും പള്ളിയും ചർച്ചും അമ്പലങ്ങളുമുണ്ട്. ഈ വിഷയത്തിൽ ചില മതസംഘടനകൾ രാജ്യത്തിന്‍റെ അഖണ്ഡതക്ക് കോട്ടം വരുത്താൻ ശ്രമിക്കുന്നത് സംബന്ധിച്ച് അന്വേഷിക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
Post a Comment