കേന്ദ്ര സര്‍ക്കാരിന്റെ സംപ്രേഷണ വിലക്ക്; മീഡിയ വണ്ണിന്റെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കും

(www.kl14onlinenews.com) (Feb-02-2022)

കേന്ദ്ര സര്‍ക്കാരിന്റെ സംപ്രേഷണ വിലക്ക്; മീഡിയ വണ്ണിന്റെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കും

കൊച്ചി: സംപ്രേഷണം വിലക്കിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ മീഡിയ വണ്‍ ചാനല്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം കോടതി തേടിയിരുന്നു.
സംപ്രേഷണം തടഞ്ഞത് രാജ്യസുരക്ഷാ കാരണങ്ങളാലാണെന്നായിരുന്നു കേന്ദ്രം കഴിഞ്ഞ ദിവസം കോടതിയ അറിയിച്ചത്. ഇക്കാര്യത്തില്‍ കോടതി ഇടപെടല്‍ ആവശ്യമില്ലെന്നുമായിരുന്നു കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ എടുത്ത നിലപാട്.

തിങ്കളാഴ്ചയായിരുന്നു മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം വിലക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തു വന്നത്. തുടര്‍ന്ന് ചാനല്‍ സംപ്രേഷണം അവസാനിപ്പിക്കുകയും ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു. രണ്ട് ദിവസത്തേക്കായിരുന്നു ഹൈക്കോടതി കേന്ദ്ര ഉത്തരവ് മരവിപ്പിച്ചത്.
ജനുവരി 29 വരെയായിരുന്നു ചാനലിന്റെ ലൈസന്‍സ് കാലാവധി. ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന്, ദേശീയ സുരക്ഷ കണക്കിലെടുത്ത് ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കാനാവശ്യപ്പെട്ട് ജനുവരി അഞ്ചിനു ചാനലിനു കേന്ദ്രം കാരണം നോട്ടീസ് നല്‍കി. ഈ നോട്ടീസിന് മറുപടിയായി, തങ്ങളെ കേള്‍ക്കാതെ നടപടിയുമായി മുന്നോട്ടുപോകരുതെന്ന് കമ്പനി അഭ്യര്‍ത്ഥിച്ചിരുന്നതായി ഹര്‍ജിയില്‍ ബോധിപ്പിച്ചു.
ഇതിനു മുൻപ് 2020ലും മീഡിയ വൺ സമാന വിലക്ക് നേരിട്ടിരുന്നു. വടക്കുകിഴക്കൻ ഡൽഹി കലാപം റിപ്പോർട്ട് ചെയ്തതില്‍ കേബിള്‍ ടെലിവിഷന്‍ നിയമലംഘനമുണ്ടെന്ന് ആരോപിച്ച് 48 മണിക്കൂർ നേരത്തേക്കായിരുന്നു വിലക്ക്. അന്ന് ഏഷ്യാനെറ്റ് ന്യൂസ് ചാനലും വിലക്ക് നേരിട്ടിരുന്നു.

അന്ന് മാപ്പ് പറയില്ലെന്നു വ്യക്തമാക്കിയ മീഡിയ വൺ കോടതിയെ സമീപിക്കാനിരിക്കെ വിലക്ക് നീക്കിയെന്ന അറിയിപ്പ് ലഭിക്കുകയായിരുന്നു. മാർച്ച് ആറിന് വൈകിട്ട് 7.30 മുതല്‍ നിര്‍ത്തി വച്ച സംപ്രേഷണം ഏഴിനു രാവിലെയാണ് പുനഃരാരംഭിക്കാൻ കഴിഞ്ഞത്.
ജമാ അത്തെ ഇസ്‌ലാമിയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് ചാനലാണ് മീഡിയ വണ്‍. കോഴിക്കോട് മെഡിക്കൽ കോളേജിനു സമീപം വെള്ളിപറമ്പിലാണ് ചാനലിന്റെ ആസ്ഥാനം

Post a Comment

Previous Post Next Post