(www.kl14onlinenews.com) (Feb-03-2022)
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ള കുറ്റാരോപിതരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉച്ചയ്ക്ക് ശേഷം ഒന്നേ മുക്കാലിനായിരിക്കും കോടതി കേസ് പരിഗണിക്കുക.
അന്വേഷണത്തിനോട് പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട ഫോണുകള്‍ ഹാജാരാക്കിയെന്നും ചൂണ്ടിക്കാണിച്ചായിരിക്കും ജാമ്യം നല്‍കണമെന്ന് പ്രതിഭാഗം വാദിക്കുക. അന്വേഷണസംഘം ആവശ്യപ്പെട്ട എല്ലാ ഫോണുകളും ദിലീപ് ഹാജരാക്കിയില്ല എന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു.
ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന ആവശ്യമാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രോസിക്യൂഷന്‍ ശക്തമായി ഉന്നയിച്ചത്. കോടതി നല്‍കിയ ആനുകൂല്യങ്ങള്‍ ഉപയോഗിച്ച് കേസ് വഴിതിരിച്ചു വിടാനുള്ള ശ്രമം ദിലീപും കൂട്ടാളികളും നടത്തുന്നുണ്ടെന്നും മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹതയില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയോട് പറഞ്ഞിരുന്നു.
അതേസമയം, ദിലീപിന്റേയും മറ്റ് കുറ്റാരോപിതരുടേയും ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്കയക്കുന്നത് സംബന്ധിച്ച് ആലുവ മജിസ്ട്രേറ്റ് കോടതി ഇന്ന് തീരുമാനം എടുത്തേക്കും. ഫോണ്‍ പരിശോധിക്കുന്നത് സംബന്ധിച്ച് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ദിലീപ്, സഹോദരന്‍ ശിവകുമാര്‍ (അനൂപ്), സഹോദരി ഭർത്താവ് സുരാജ്, ബൈജു ചെങ്ങമനാട്, കൃഷ്ണപ്രസാദ്, വി ഐ പി എന്ന് സംശയിക്കുന്ന ശരത് എന്നിവരുടെ പേരില്‍ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫ്ലാറ്റില്‍ കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടന്നിരുന്നു.
Post a Comment