(www.kl14onlinenews.com) (NOV-15-2021)
തിരുവനന്തപുരം: കെ-റെയില്‍ കേരളത്തിന്‍റെ ഭാവിയ്ക്കുവേണ്ടിയുള്ള പ്രധാന പദ്ധതിയെന്നു കണ്ട് പിന്തുണ നല്‍കണമെന്ന് പാര്‍ലമെന്‍റ് ശീതകാല സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന എം.പിമാരുടെ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്തിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതിയാണിത്. നാടിന്‍റെ വികസനത്തിന് പ്രധാന പങ്ക് വഹിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ചിലര്‍ക്കുണ്ടായ സംശയങ്ങള്‍ ദൂരീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.
പ്രദേശങ്ങളെ അടിസ്ഥാനമാക്കി കൂടുതല്‍ മുന്നറിയിപ്പ് നല്‍കാനുള്ള സാങ്കേതിക സംവിധാനത്തോടെ കാലാവസ്ഥാ പ്രവചനം സാധ്യമാക്കണം. വയനാട്, കോഴിക്കോട് അതിര്‍ത്തിയില്‍ ഒരു ഡോപ്ലര്‍ റഡാര്‍ സ്ഥാപിക്കണമെന്ന ദീര്‍ഘകാല ആവശ്യം കേന്ദ്രം പരിഗണിക്കണം. നിലവിലുള്ള രണ്ട് റഡാറുകളും മുഴുവന്‍ സമയവും സംസ്ഥാനത്തിന് വിവരങ്ങള്‍ നല്‍കുന്ന രീതിയില്‍ സജ്ജീകരിക്കണം. ജില്ലാതലത്തില്‍ കാലാവസ്ഥാ വിദഗ്ധരുടെ സേവനം ലഭ്യമാക്കണം. ചുഴലിക്കാറ്റ് മുന്നറിയിപ്പ് സംവിധാനം കാര്യക്ഷമമാക്കണം.
നാടിന്‍റെ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ പറ്റുന്ന തരത്തില്‍ എംപിമാര്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ക്കുമേല്‍ തുടര്‍ച്ചയായ കടന്നുകയറ്റം ഉണ്ടാകുന്നു. സംസ്ഥാന താത്പര്യങ്ങള്‍ കേന്ദ്രം പരിഗണിക്കുന്നില്ല. രാജ്യത്തിന്‍റെ പൊതുവായ സാമ്പത്തികവിഭവങ്ങളില്‍ സംസ്ഥാനങ്ങള്‍ക്കുള്ള അവകാശം പരിമിതപ്പെടുത്തുന്നു. വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് തടസ്സമുണ്ടാക്കുന്നു. ജനാധിപത്യവ്യവസ്ഥയെ തന്നെ ദോഷകരമായി ബാധിക്കുന്ന സാഹചര്യമുണ്ടാവുന്നു. കേന്ദ്ര ഭരണകക്ഷി നേതൃത്വം കൊടുക്കുന്ന സംസ്ഥാനങ്ങള്‍ പോലും ഇത്തരം പ്രശ്നങ്ങള്‍ ഉന്നയിക്കുകയാണ്.
إرسال تعليق