കോവിഡ് വാക്‌സിന്‍ ഇടവേളയില്‍ ഇളവ് നല്‍കാനാവില്ലെന്ന് കേന്ദ്രം,രണ്ട് ഡോസുകള്‍ക്കിടയില്‍ 84 ദിവസം ഇടവേള നിശ്ചയിച്ചത് വിദഗ്ധരുടെ തീരുമാന പ്രകാരമാണെന്ന് കേന്ദ്രം കോടതിയില്‍ പറഞ്ഞു.

(www.kl14onlinenews.com) (03-Sept-2021)

കോവിഡ് വാക്‌സിന്‍ ഇടവേളയില്‍ ഇളവ് നല്‍കാനാവില്ലെന്ന് കേന്ദ്രം
കൊച്ചി:
കൊവിഡ് വാക്സിന്‍ ഇടവേളയില്‍ ഇളവ് നല്‍കാനാകില്ലെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. കിറ്റെക്‌സ് കമ്പനി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടറിയിച്ചത്. തൊഴിലാളികള്‍ക്ക് രണ്ടാം ഡോസ് വാക്സിന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
രണ്ട് ഡോസുകള്‍ക്കിടയില്‍ 84 ദിവസം ഇടവേള നിശ്ചയിച്ചത് വിദഗ്ധരുടെ തീരുമാന പ്രകാരമാണെന്ന് കേന്ദ്രം കോടതിയില്‍ പറഞ്ഞു. വിദേശത്ത് പോകുന്ന വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, കായിക താരങ്ങള്‍ എന്നിവര്‍ക്കാണ് ഇളവനുവദിച്ചത്. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് നടപടിയെന്നും കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.

ആദ്യ ഡോസ് വാക്സിനെടുത്ത് നാല്‍പ്പത്തിയഞ്ച് ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസെടുക്കാന്‍ അനുമതി നല്‍കിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കിറ്റെക്സ് ഹൈക്കോടതിയെ സമീപിച്ചത്. നേരത്തേ ഹര്‍ജി പരിഗണിച്ച സാഹചര്യത്തില്‍ എണ്‍പത്തിനാല് ദിവസം ഇടവേള നിശ്ചയിച്ചത് വാക്സിന്‍ ക്ഷാമം മൂലമല്ല, മറിച്ച് ഫലപ്രാപ്തി കണക്കിലെടുത്താണെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

Post a Comment

Previous Post Next Post