(www.kl14onlinenews.com) (03-Sept-2021)
കേന്ദ്രനയങ്ങൾ: കേരളത്തിന്റെ വരുമാനത്തിൽ 32,000 കോടി കുറയും -ധനമന്ത്രി
തിരുവനന്തപുരം:
കേന്ദ്രനയങ്ങൾ തുടർന്നാൽ 2023-ൽ കേരളത്തിന് 32,000 കോടി രൂപയുടെ വരുമാനം കുറയുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി ഗുരുതരമാണ്. എത്രകാലം ഇങ്ങനെ മുന്നോട്ടുപോകാനാവുമെന്നതിനെക്കുറിച്ച് ഗൗരവകരമായ ചർച്ച നടക്കേണ്ട സമയമാണിതെന്ന് അദ്ദേഹം മീറ്റ് ദ പ്രസിൽ പറഞ്ഞു.
ജി.എസ്.ടി. നഷ്ടപരിഹാരമായി വർഷം ഏകദേശം 13,000 കോടിരൂപയാണ് കേന്ദ്രം നൽകുന്നത്. അടുത്ത വർഷം ജൂലായിയോടെ ഇതു നിലയ്ക്കും. ധനകാര്യ കമ്മിഷന്റെ നിർദേശപ്രകാരം ലഭിക്കുന്ന റവന്യൂക്കമ്മി നികത്താനുള്ള സഹായധനം ഇപ്പോൾ ലഭിക്കുന്ന 19,000 കോടിയിൽനിന്ന് 4000 കോടി രൂപയായി കുറയും. 15,000 കോടിയുടെ കുറവ്. കേന്ദ്രസർക്കാരിന്റെ നികുതി വിഹിതത്തിൽനിന്ന് 2019-20ൽ കിട്ടിയത് 17,084 കോടിരൂപയാണ്. 15-ാം ധനകാര്യകമ്മിഷന്റെ നിർദേശപ്രകാരം ഇത് 12,812 കോടിരൂപയാവും. മാനദണ്ഡങ്ങൾ പുതുക്കിയാണ് കേരളത്തിന് സഹായം കുറച്ചത്. ഈ മൂന്നിനങ്ങളിലെ കുറവ് കണക്കാക്കുമ്പോഴാണ് 32,000 കോടിയുടെ നഷ്ടം പ്രതീക്ഷിക്കുന്നത്.
ജി.എസ്.ടി. നഷ്ടപരിഹാരം നീട്ടണം
ജി.എസ്.ടി. നഷ്ടപരിഹാരം ഇനിയും അഞ്ചുവർഷംകൂടി നീട്ടണം. കടമെടുപ്പ് പരിധി വർധിപ്പിക്കണം. കഴിഞ്ഞവർഷത്തെപ്പോലെ ആഭ്യന്തര ഉത്പാദനത്തിന്റെ അഞ്ചുശതമാനം കടമെടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അനുവദിച്ചില്ല. നാലുശതമാനമാണ് ഇപ്പോൾ അനുവദിച്ചിട്ടുള്ളത്. ഇതിൽ അര ശതമാനം ലഭിക്കണമെങ്കിൽ വൈദ്യുതി ബോർഡിന്റെ ബാധ്യതകളെല്ലാം സർക്കാർ ഏറ്റെടുക്കണം. കേന്ദ്രനയങ്ങൾക്കെതിരേ സംസ്ഥാനങ്ങളുടെ ഒത്തൊരുമിച്ച മുന്നേറ്റം വരേണ്ടതുണ്ട്- മന്ത്രി പറഞ്ഞു.
കിഫ്ബിക്കുള്ളത് കിഫ്ബിക്ക്
മോട്ടോർവാഹന നികുതിയും ഇന്ധനസെസും കുറഞ്ഞെങ്കിലും കിഫ്ബിക്ക് വാഗ്ദാനംചെയ്ത തുക സർക്കാർ നൽകും. ഈ വർഷം 2400 കോടിരൂപയാണ് കിഫ്ബിക്ക് നൽകേണ്ടത്. കിഫ്ബി വഴി 21,716 കോടിരൂപയുടെ പദ്ധതികൾ നിർമാണഘട്ടത്തിലാണെന്ന് മന്ത്രി പറഞ്ഞു.
മന്ത്രിയുടെ നഷ്ടക്കണക്ക് ഇങ്ങനെ;
ജി.എസ്.ടി. നഷ്ടപരിഹാരം നിലച്ചാൽ 13,000 കോടി
റവന്യൂക്കമ്മി ഗ്രാന്റിൽ വരുന്ന കുറവ് 15,000 കോടി
കേന്ദ്രനികുതി വിഹിതത്തിലെ കുറവ് 4000 കോടി
ആകെ 32,000 കോടി
إرسال تعليق