(www.kl14onlinenews.com) (04-Sept-2021)
മുഖ്യമന്ത്രി സ്ഥാനം നിലനിർത്താൻ മമത ബാനർജി പോരിനിറങ്ങുന്നു; ഭബാനിപൂർ ഉപതെരഞ്ഞെടുപ്പ് സെപ്തംബർ 30 ന്
ന്യൂഡൽഹി:
കഴിഞ്ഞ വെസ്റ്റ് ബംഗാൾ തെരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിയായ തൃണമൂൽ കോൺഗ്രസ് ഭരണം നേടിയെങ്കിലും ബിജെപി വെല്ലുവിളി ഏറ്റെടുത്ത് നന്ദിഗ്രാമിൽ മത്സരിച്ച് പരാജയപ്പെട്ട മമത മുഖ്യമന്ത്രി സ്ഥാനം നിലനിർത്താൻ വീണ്ടും പോരിനിറങ്ങുന്നു. സെപ്തംബർ 30 ന് തൃണമൂൽ പാർട്ടിയുടെ ശക്തിദുർഗവും തന്റെ മുൻസീറ്റുമായ ഭബാനിപൂരിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിലാണ് മമത മത്സരിക്കുന്നത്. ഒക്‌ടോബർ മൂന്നിനാണ് വോട്ടെണ്ണൽ. ബിജെപി സ്ഥാനാർഥിയായി മത്സരിച്ച തൃണമുൽ പാർട്ടിയുടെ മുൻ ഉപനായകൻ സുവേന്ദു അധികാരിയുടെ വെല്ലുവിളി നേരിട്ട് മമത നന്ദിഗ്രാമിൽ മത്സരിക്കുകയും തന്റെ സ്ഥിരം സീറ്റായ ഭബാനിപൂർ സോബൻദേബ് ചത്യോപാധ്യായക്ക് വിട്ടുകൊടുക്കുകയുമായിരുന്നു. എന്നാൽ നന്ദിഗ്രാമിൽ മമത പരാജയപ്പെട്ടു. 2000 ത്തിൽ താഴെ വോട്ടുകൾക്കായിരുന്നു വാശിയേറിയ മത്സരത്തിൽ മമത പരാജയപ്പെട്ടത്. തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ മമത കൊൽക്കത്ത ഹൈകോടതി സമീപിച്ചിരുന്നു. മതത്തിന്റെ അടിസ്ഥാനത്തിൽ വോട്ടുചോദിക്കൽ, കളങ്കിത പ്രവർത്തനങ്ങൾ, ബൂത്തുപിടിത്തം എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു കേസ് നൽകിയത്. വീണ്ടും വോട്ടെണ്ണാനുള്ള തന്റെ അപേക്ഷ തെരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിയതും മമത ചോദ്യം ചെയ്തു. കേസ് ട്രാൻസ്ഫർ ചെയ്യാൻ സുവേന്ദു അധികാരി സുപ്രീംകോടതിയെ സമീപിച്ചതായി അഭിഭാഷകൻ അറിയിച്ചതിനെ തുടർന്ന് നവംബർ വരെ വാദം കേൾക്കുന്നത് ഹൈകോടതി നിർത്തിവെച്ചിട്ടുണ്ട്. മുഖ്യമന്ത്രിയായി ആറു മാസത്തിനകം എംഎൽഎ സ്ഥാനം നേടണമെന്ന ഭരണഘടനയുടെ 164 ാം വകുപ്പിന്റെ അടിസ്ഥാനത്തിലാണ് മമത ഉപതെരഞ്ഞെടുപ്പ് നേരിടുന്നത്. ഭരണഘടനാപരമായ അവസ്ഥയും വെസ്റ്റ് ബംഗാൾ സർക്കാറിന്റെ അഭ്യർഥനയും പരിഗണിച്ചാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ബംഗാളിലെ തന്നെ സാംസർഗഞ്ച്, ജംഗിപൂർ എന്നിവിടങ്ങളിലും ഒഡിഷയിലെ പിപ്‌ലിയിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. മഹാരാഷ്ട്ര, തെലങ്കാന, ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ 31 മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് കോവിഡ് സാഹചര്യം പരിഗണിച്ച് നീട്ടിവെച്ചിരിക്കുകയാണ്. ഭബാനിപൂർ ഉപതെരുഞ്ഞെടുപ്പിന്റെ പേരിൽ മമതയും ബിജെപി നേതാക്കളും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. നരേന്ദ്ര മോദി പറയുന്നത് തെരഞ്ഞെടുപ്പ് കമ്മിഷൻ ചെയ്യുന്നുവെന്ന് മമത വിമർശിച്ചിരുന്നു. മമതക്കെന്താണ് ഇത്ര ധൃതിയെന്നായിരുന്നു ബിജെപി തലവൻ ദിലീപ് ഘോഷിന്റെ തിരിച്ചടി. കഴിഞ്ഞ ഏപ്രിൽ- മെയ് മാസങ്ങളിൽ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ തൃണമൂൽ 294 ൽ 213 സീറ്റുകളുമായി വൻവിജയം നേടിയിരുന്നു. മേയിൽ തെരഞ്ഞെടുപ്പ് ഫലം വന്ന ഉടൻ തന്നെ ഭബാനിപൂരിലെ തൃണമൂൽ എംഎൽഎ സോബൻദേബ് ചത്യോപാധ്യായ രാജിവെച്ച് മമതക്ക് വഴിയൊരുക്കിയിരുന്നു. പിന്നീട് സംസ്ഥാന കൃഷി മന്ത്രിയായ ഇദ്ദേഹത്തിനും നവംബറോടെ മത്സരിച്ച് എംഎൽഎ ആകണം. കോവിഡ് ബാധിച്ച് മരണപ്പെട്ട തൃണമൂലിന്റെ തന്റെ എംഎൽഎയായ കാജൽ സിൻഹയുടെ ഖർദാ മണ്ഡലത്തിൽ ഇദ്ദേഹം മത്സരിക്കുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
إرسال تعليق