പ്രധാനമന്ത്രി അമേരിക്കയിലേക്ക്; ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും,അമേരിക്കൻ പ്രസിഡൻ്റായി ചുമതലയേറ്റ ശേഷം ജോ ബൈഡനുമായി പ്രധാനമന്ത്രി നേരിട്ട് നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാകും ഇത്.

(www.kl14onlinenews.com) (04-Sept-2021)

പ്രധാനമന്ത്രി അമേരിക്കയിലേക്ക്; ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും
ഡൽഹി:
പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക്. ഈ മാസം 22 മുതൽ 27 വരെയാണ് നരേന്ദ്ര മോദിയുടെ അമേരിക്ക സന്ദർശനം. അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനുമായി ഇന്ത്യൻ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇരുവരും നേരിട്ട് നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാകും ഇത്. സന്ദർശനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അഫ്ഗാനിസ്ഥാൻ വിഷയത്തിൽ തുടർ നിലപാടുകൾ എന്താകുമെന്ന് കാത്തിരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ അമേരിക്കൻ യാത്ര.

താലിബാൻ വിഷയത്തിൽ മൗനം തുടർന്ന് ഇന്ത്യ

അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിനോട് എന്ത് നിലപാടെന്ന കാര്യത്തിൽ ഇന്ത്യയുടെ മൗനം തുടരുകയാണ്. താലിബാനുമായി ഇന്ത്യ ചർച്ച തുടങ്ങിയെങ്കിലും ഇത് അനൗദ്യോഗിക സംഭാഷണം മാത്രമെന്നാണ് കേന്ദ്രത്തിൻ്റെ നിലപാട്. സർക്കാരിനെ തത്കാലം അംഗീകരിക്കേണ്ടതില്ല എന്നാണ് ഉന്നത തലത്തിലെ ധാരണ. പ്രധാനമന്ത്രി നേരിട്ട് മുല്ല ബരാദറിനോട് സംസാരിക്കുന്നതോ അഭിനന്ദന സന്ദേശം നൽകുന്നതോ ഒഴിവാക്കും. താലിബാൻ സർക്കാരിൻ്റെ നിലപാട് എന്താവും എന്നാണ് ഇന്ത്യ ഉറ്റുനോക്കുന്നത്.

പാക് ചാര സംഘടനയായ ഐഎസ്ഐയുടെ തലവൻ ലഫ്റ്റനൻറ് ജനറൽ ഫയിസ് ഹമീദ് കാബൂളിലെത്തിയെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിരവധി ഉദ്യോഗസ്ഥരും ലഫ്റ്റനൻറ് ജനറൽ ഫയിസ് ഹമീദിനൊപ്പം ഉണ്ട്. അഫ്ഗാനിസ്ഥാൻറെ പുതിയ സൈന്യത്തെ പരിശീലിപ്പിക്കുമെന്ന് പാകിസ്ഥാൻ സൈന്യവും താലിബാനെ അറിയിച്ചു. അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ്റെ സജീവ ഇടപെടൽ ഉണ്ട് എന്നതിൻ്റെ സൂചന ആയാണ് ഇപ്പോഴത്തെ സംഭവങ്ങളെ ഇന്ത്യ കാണുന്നത്.

താലിബാനു പിന്നിൽ ഒരു സമയത്ത് പാകിസ്ഥാനായിരുന്നു എന്ന് വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ധൻ ശ്രിംഗ്ള ന്യൂയോർക്കിൽ പറഞ്ഞു. പാക് കേന്ദ്രീകൃത ഭീകരസംഘനടകളോടുള്ള പുതിയ സർക്കാരിൻ്റെ നിലപാട് നിരീക്ഷിക്കുമെന്നും വിദേശകാര്യ സെക്രട്ടറി മാധ്യമങ്ങളോട് വ്യക്തമാക്കി. ഇപ്പോൾ അഫ്ഗാനിസ്ഥാനിലുള്ള ഇന്ത്യക്കാരുടെ സുരക്ഷ കൂടി ഉറപ്പാക്കാനുള്ള കരുതലോടെയാവും ഇന്ത്യയുടെ അടുത്ത നീക്കങ്ങൾ.

Post a Comment

أحدث أقدم