പോലീസിനെക്കുറിച്ച് കേരളത്തിലെ സിപിഐക്ക് പരാതി ഇല്ല-ആനി രാജയെ തള്ളി കാനം

(www.kl14onlinenews.com) (04-Sept-2021)

പോലീസിനെക്കുറിച്ച് കേരളത്തിലെ സിപിഐക്ക് പരാതി ഇല്ല-ആനി രാജയെ തള്ളി കാനം
തിരുവനന്തപുരം:
കേരള പോലീസിനെതിരേ സിപിഐ ദേശീയ നേതാവ് ആനി രാജ ഉന്നയിച്ച വിമർശനങ്ങളെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സംസ്ഥാന പോലീസിനോട് സംസ്ഥാന സിപിഐക്ക് സമാനമായ നിലപാടല്ല ഉള്ളത്. കേരളത്തിലെ പോലീസിനെക്കുറിച്ച് സിപിഐക്ക് പരാതി ഇല്ല. അക്കാര്യം ആനി രാജയെ അറിയിച്ചിട്ടുണ്ടെന്ന് കാനം പ്രതികരിച്ചു.

കേരളത്തിലെ നേതാക്കൾക്കാർക്കും അത്തരത്തിലുള്ള അഭിപ്രായങ്ങളില്ല. വിഷയത്തിൽ കേരളത്തിലെ പാർട്ടിയുടെ നിലപാട് ആനി രാജയെ അറിയിച്ചിട്ടുണ്ട്. അത് പാർട്ടിയിലെ ആഭ്യന്തര വിഷയമാണ്, വിവാദമാക്കേണ്ട ആവശ്യമില്ലെന്നും കാനം പ്രതികരിച്ചു.

സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് സർക്കാർ നയത്തിനെതിരെ ബോധപൂർവമായ ഇടപെടൽ പോലീസ് സേനയിൽ നിന്ന് ഉണ്ടാവുന്നുണ്ട്. പോലീസിന്റെ അനാസ്ഥ മൂലം മരണങ്ങൾവരെ ഉണ്ടാവുന്നു. ദേശീയതലത്തിൽ പോലും നാണക്കേട് ഉണ്ടാക്കുന്നതാണ് പോലീസിന്റെ നയമെന്നായിരുന്നു ആനി രാജയുടെ വിമർശനം.പോലീസിൽ ആർ.എസ്.എസ് ഗ്യാങ് പ്രവർത്തിക്കുന്നതായി സംശയമുണ്ട്. സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേകമായി വകുപ്പും മന്ത്രിയും വേണമെന്നും ആനി രാജ പറഞ്ഞു. ഇതിനെ തള്ളിക്കൊണ്ടാണ് കാനത്തിന്റെ പ്രതികരണം.

സംസ്ഥാനത്തെ കാര്യങ്ങളിൽ പാർട്ടി നേതൃത്വത്തോട് ആലോചിക്കാതെ നടത്തിയ ആനി രാജയുടെ പരാമർശത്തിൽ കടുത്ത അതൃപ്തി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കേന്ദ്രനേതൃത്വത്തിന് നേരത്തെ കത്ത് നൽകിയിരുന്നു.
കേരളത്തിലെ കോൺഗ്രസിൽ തർക്കങ്ങളും പ്രശ്നങ്ങളും സ്വാഭാവികമാണെന്നും കാനം പ്രതികരിച്ചു. കോൺഗ്രസിൽ എല്ലാക്കാലത്തും തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. അത് ചായക്കോപ്പയിലെ കൊടുങ്കാറ്റ് പോലെ അവസാനിക്കുകയാണ് ചെയ്യുന്നത്. ജനാധിപത്യ പാർട്ടിയിൽ നിന്ന് നിരവധി പേർ ഇപ്പോഴും സിപിഐയിലേക്ക് വരുന്നുണ്ട്. ഇനിയും കൂടുതൽ പ്രവർത്തകർ കോൺഗ്രസ് വിട്ടുവരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

Post a Comment

أحدث أقدم