(www.kl14onlinenews.com) (03-Sept-2021)
ഉമ്മന്‍ചാണ്ടിയേയും ചെന്നിത്തലയേയും അനുനയിപ്പിക്കാന്‍ നീക്കം; ഫോണില്‍ വിളിച്ച് വി.ഡി സതീശന്‍
തിരുവനന്തപുരം:
ഡി.സി.സി അധ്യക്ഷൻമാരുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളും പൊട്ടിത്തെറിയും പരിഹരിക്കാൻ നേതൃത്വം. ഇതിനുള്ള ആദ്യപടിയായി മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും അനുനയിപ്പിക്കാനാണ് നീക്കം. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇരുവരേയും ഫോണിൽ നേരിട്ട് വിളിച്ചു. സെപ്റ്റംബർ ആറിന് ചേരുന്ന യു.ഡി.എഫ് മുന്നണി യോഗത്തിൽ പങ്കെടുക്കണമെന്ന് ഇരുനേതാക്കളോടും അഭ്യർത്ഥിച്ചിട്ടുണ്ട്.സതീശന്റെ ക്ഷണത്തോട് ഇരുവരും എങ്ങനെ പ്രതികരിക്കുമെന്നത് നിർണായകമാണ്.
ഡിസിസി അധ്യക്ഷൻമാരുടെ പട്ടിക പ്രഖ്യാപനത്തിൽ രണ്ട് നേതാക്കളും അതൃപ്തി പരസ്യമാക്കി രംഗത്ത് വന്നിരുന്നു. കാര്യങ്ങൾ വിശദമായി സംസ്ഥാനത്ത് ചർച്ച ചെയ്തില്ലെന്ന ആരോപണമാണ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഉന്നയിച്ചത്. പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും ഇവരെ തള്ളി രംഗത്ത് വരികയും ചെയ്തിരുന്നു. ഡിസിസി അധ്യക്ഷൻമാരുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ആരോപണപ്രത്യാരോപണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ വെടിനിർത്തലാണ് പുതിയ നേതൃത്വം ആഗ്രഹിക്കുന്നത്.
പുതിയ നേതൃത്വം സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള യുഡിഎഫിന്റെ ആദ്യ സമ്പൂർണ യോഗമാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ചേരുക. ഘടകകക്ഷികളായ ആർഎസ്പി, മുസ്ലീം ലീഗ് എന്നിവർക്ക് കോൺഗ്രസിലെ പ്രശ്നങ്ങളിൽ അതൃപ്തിയുണ്ട്. യോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്നാണ് ആർഎസ്പിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. നാളഎ ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാവുക.
ഘടകകക്ഷികൾ പങ്കെടുക്കന്ന യോഗം ചേരുന്നതിന് മുൻപ് തന്നെ പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ ഒരു പരിധിവരെയെങ്കിലും പരിഹരിക്കണമെന്ന നിലപാടിലേക്ക് കോൺഗ്രസ് നേതൃത്വം എത്തിയതിനെത്തുടർന്നാണ് വി.ഡി സതീശൻ നേരിട്ട് അനുനയനീക്കം നടത്തുന്നത്. കഴിഞ്ഞ ദിവസം കണ്ണൂർ ഡി.സി.സി ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും നേരിട്ട് പങ്കെടുത്തിരുന്നില്ല. ഓൺലൈൻ വഴിയാണ് ഇരുവരും പങ്കെടുത്തത്. സതീശന്റെ ക്ഷണത്തോട് ഇരുവരും എങ്ങനെ പ്രതികരിക്കുമെന്നത് നിർണായകമാണ്.
Post a Comment