(www.kl14onlinenews.com) (04-Sept-2021)
ജില്ലാ ആസ്പത്രിയിലെ ഹൃദ്രോഗചികിത്സയ്ക്കുള്ള കാത്ത് ലാബ് പണി ഇഴഞ്ഞുനീങ്ങുന്നു
കാഞ്ഞങ്ങാട്:
ജില്ലാ ആസ്പത്രി കാത്ത് ലാബിലെ ചികിത്സ കിട്ടാൻ ഇനിയും മാസങ്ങളുടെ കാത്തിരിപ്പ് വേണ്ടിവരും. ആറുമാസം മുൻപ് കഴിഞ്ഞ മന്ത്രിസഭയുടെ അവസാനനാളുകളിലാണ് പണി പാതിവഴിയിൽക്കിടന്ന ജില്ലാ ആസ്പത്രിയിലെ ഹൃദ്രോഗചികിത്സയ്ക്കുള്ള കാത്ത് ലാബ് ഉദ്ഘാടനം ചെയ്തത്. പുതിയകോട്ടയിലെ അമ്മയും കുഞ്ഞും ആസ്പത്രി ഉദ്ഘാടനവേദിയിൽതന്നെയാണ് മുന്നറിയിപ്പൊന്നുമില്ലാതെ കാത്ത് ലാബും അന്നത്തെ ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.
അമ്മയും കുഞ്ഞും ആസ്പത്രി നേരിടുന്ന പ്രശ്‌നങ്ങൾതന്നെയാണ് കാത്ത് ലാബും നേരിടുന്നത്. രണ്ട് പദ്ധതികളുടെയും പണി പാതിവഴിയിലായപ്പോഴാണ് ധൃതിപിടിച്ചുള്ള ഉദ്ഘാടനം നടത്തിയത്. ഒൻപതുകോടി അടങ്കലുള്ള ആസ്പത്രിയുടെ മൂന്നുകോടിയുടെ പണികൾ ബാക്കിനിൽക്കുമ്പോഴായിരുന്നു ഉദ്ഘാടനം. ഇതേ സ്ഥിതിതന്നെയാണ് ജില്ലാ ആസ്പത്രിയിലെ കാത്ത് ലാബിനും സംഭവിച്ചത്. കാത്ത് ലാബിന്റെ പ്രധാന ഘടകമായ ക്രിട്ടിക്കൽ കെയർ യൂണിറ്റിന്റെ പണി ഇപ്പോഴും നടന്നുവരുന്നതേയുള്ളൂ. മുഴുവൻ പണിയും തീർന്നാലും ലാബ് തുറന്നുകിട്ടാൻ കടമ്പകളേറെയുണ്ട്. ഹൃദ്രോഗവിദഗ്ധന്റെ നിയമനംമുതൽ ആവശ്യമായ മറ്റു നിയമനങ്ങൾക്കുമായി പിന്നെയും കാത്തിരിക്കേണ്ടിവരും.
2016-ലാണ് ജില്ലാ ആസ്പത്രിയിൽ കാത്ത് ലാബ് അനുവദിക്കുന്നത്. ലാബ് അനുവദിച്ചെങ്കിലും കെട്ടിടസൗകര്യമില്ലാത്തതിന്റെ പേരിൽ പിന്നീട് നടപടി ഒന്നുമായില്ല. ഒടുവിൽ ലാബ് പദ്ധതി നഷ്ടപ്പെടുമെന്ന സ്ഥിതിവന്നപ്പോഴാണ് 2019 ഒക്ടോബറിൽ ആസ്പത്രിയിലെ ഫാർമസി, ലാബ്, ഗൈനക്കോളജി ഒ.പി., കുട്ടികളുടെ ഒ.പി. മുറികൾ ആസ്പത്രിയിലെ മറ്റ് ഭാഗങ്ങളിലേക്ക് മാറ്റി കാത്ത് ലാബിനായി ആസ്പത്രിസ്ഥലം വിട്ടുനൽകിയത്. ജില്ലയിലെ ജനങ്ങൾക്ക് വളരെയോറെ പ്രതീക്ഷയാണ് കാത്ത് ലാബ് നൽകിയത്. മാസങ്ങളായി ഇഴഞ്ഞുനീങ്ങുന്ന പണി തീരുമെന്ന് പറയാൻ പറ്റാത്ത സ്ഥിതിയാണ്.
Post a Comment