(www.kl14onlinenews.com) (03-Sept-2021)
കോവിഡ് വ്യാപനം: കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണം കർശനമാക്കി തമിഴ്നാട്
കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ നിയന്ത്രണം കടുപ്പിച്ച് തമിഴ്നാട്. കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്ക് പോകുന്ന വാഹനങ്ങളിലെ പരിശോധന കർശനമാക്കി. വാക്സിൻ സർട്ടിഫിക്കറ്റോ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ ഉണ്ടെങ്കിൽ മാത്രമേ യാത്ര അനുവദിക്കൂ. കേരളത്തിൽ കോവിഡ് വ്യാപനം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിലാണ് തമിഴ്നാട് പരിശോധന കടുപ്പിച്ചത്. രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്കും 72 മണിക്കൂറിനുള്ളിൽ ആര്‍ടിപിസിആര്‍ ടെസ്റ്റ് എടുത്ത് നെഗറ്റീവ് ആയവർക്കും ഇ-പാസ് ഉള്ളവർക്കും മാത്രമേ അതിർത്തി കടക്കാൻ സാധിക്കൂ. കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ സ്കൂളുകൾ തുറന്നിരുന്നു.തമിഴ്നാട്ടിലെ സ്കൂളുകളിൽ പഠിക്കുന്ന കേരളത്തിലെ കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ യാത്ര ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. മതിയായ രേഖകളില്ലാത്ത വാഹന യാത്രികരെ മടക്കി അയക്കുകയാണ്. നിയന്ത്രണം ലംഘിച്ച് അതിർത്തി കടക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം തമിഴ്നാട്ടിൽ നിന്നുള്ള വാഹനങ്ങൾ പരിശോധിക്കാതെയാണ് കേരള ചെക്ക് പോസ്റ്റിലൂടെ കടത്തിവിടുന്നത്. അതുകൊണ്ടുതന്നെ അതിർത്തി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയ ഈ വഴിയിലൂടെ നിർബാധം ലഹരിക്കടത്ത് നടത്തുന്നു എന്ന ആരോപണവും ഉണ്ട്.
Post a Comment