(www.kl14onlinenews.com) (03-Sept-2021)
ചട്ടഞ്ചാൽ ഓക്സിജൻ പ്ലാന്റ് ഈ മാസം സജ്ജമാകും : അരികെ പ്രാണവായു
ചട്ടഞ്ചാൽ:
കോവിഡിന്റെ മൂന്നാംതരംഗ സാധ്യത മുന്നിൽക്കണ്ട് ജില്ലാപഞ്ചായത്തും തദ്ദേശഭരണസ്ഥാപനങ്ങളും ചേർന്ന് പദ്ധതിയിട്ട ചട്ടഞ്ചാൽ ഓക്സിജൻ പ്ലാന്റ് സെപ്റ്റംബർ ഒടുവിൽ പ്രവർത്തനസജ്ജമാകും. സ്ഥാപിക്കുന്നതിന് മുന്നോടിയായുള്ള അടിസ്ഥാനജോലികൾ ജില്ലാ നിർമിതികേന്ദ്രത്തിന്റെ മേൽനോട്ടത്തിൽ പുരോഗമിക്കുകയാണ്. 32 ലക്ഷം രൂപയുടെ പ്രാഥമികപ്രവൃത്തികൾ ജൂലായ് 26-നാണ് നിർമിതികേന്ദ്രത്തിന് കൈമാറിയത്.
ഓഫീസ്, ശുചിമുറി എന്നിവ ഉൾപ്പെടെ 2117 ചതുരശ്രയടി വിസ്തീർണത്തിലുള്ള നിർമാണമാണ് നടക്കുന്നത്. ഇവിടെ 20 കോൺക്രീറ്റ് തൂണുകളുടെ മേലെയാണ് പ്ലാൻറ്് ഘടിപ്പിക്കുക. 10-ന് ഓക്സിജൻ പ്ലാന്റ് പദ്ധതിസ്ഥലത്ത് എത്തിക്കാനാണ് ആലോചന. കൊച്ചി ആസ്ഥാനമായ കെയർ സിസ്റ്റംസാണ് ഇത് സ്ഥാപിക്കുന്നത്. ജൂൺ ഏഴിന് മന്ത്രി എം.വി. ഗോവിന്ദനാണ് തറക്കല്ലിട്ടത്.
ലക്ഷ്യം ദിവസം 200 സിലിൻഡർ
ദിവസം 200 സിലിൻഡർ ഓക്സിജൻ ഉത്പാദനമാണ് ലക്ഷ്യമെന്ന് പദ്ധതിയുടെ ചുമതലയുള്ള ജില്ലാവ്യവസായകേന്ദ്രം ജനറൽ മാനേജർ കെ. സജിത്കുമാർ പറഞ്ഞു. ഭാവിയിൽ വ്യാവസായികാവശ്യങ്ങൾക്കുകൂടി ഉപയോഗപ്പെടുത്താൻ പറ്റുന്ന തരത്തിലാണ് രൂപകൽപ്പന. വ്യവസായപാർക്ക് റോഡ് കോൺക്രീറ്റ് ചെയ്യും.
ചട്ടഞ്ചാൽ-മുണ്ടോൾ റോഡിൽനിന്ന് കുന്നാറയിലെ വ്യവസായ പാർക്കിലേക്കുള്ള റോഡ് ഓക്സിജൻ പ്ലാൻറുവരെ കോൺക്രീറ്റ് ചെയ്യും. ഇതിനായി ജില്ലാപഞ്ചായത്ത് 38 ലക്ഷം രൂപ ചെലവഴിക്കും. 550 മീറ്റർ ദൂരമാണ് കോൺക്രീറ്റ് ചെയ്യുന്നത്. നിലവിൽ വ്യവസായ പാർക്കിന്റെ കവാടംമുതൽ ടാർ ചെയ്തിട്ടുള്ള റോഡ് തകർന്നുകിടക്കുകയാണ്.
ജില്ലാപഞ്ചായത്ത് ബജറ്റ് പ്രഖ്യാപനമായ കൃത്രിമ പുൽമൈതാനം (ടർഫ് കോർട്ട്) വ്യവസായ പാർക്കിനകത്ത് നിർമിക്കാനാണ് ആലോചന നടക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ ഇക്കാര്യത്തിൽ അന്തിമതീരുമാനമുണ്ടാകും.
إرسال تعليق