(www.kl14onlinenews.com) (27-Apr-2020)
നാട്ടിലേക്ക് മടങ്ങാനായി
നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത് ഒന്നര ലക്ഷത്തിലേറെ പേര്‍, കൂടുതലും യുഎഇയില്‍ നിന്ന്
തിരുവനന്തപുരം: കോവിഡ് 19 പശ്ചാത്തലത്തിൽ രാജ്യത്തേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്ന മലയാളികൾക്കായി നോർക്ക ഏർപ്പെടുത്തിയ ഓൺലൈൻ രജിസ്ട്രേഷന് വൻ പ്രതികരണം. യുഎഇയിൽനിന്നാണ് ഏറ്റവും കൂടുതൽ പേർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ 11 മണിവരെ വരെ നോർക്കയിൽ രജിസ്റ്റർ ചെയ്ത പ്രവാസികളുടെ എണ്ണം 1,65,630 ആണ്. ഇവരിൽ 65,608 പേരും യുഎഇയിൽ നിന്നാണ്.
സൗദി അറേബ്യയിൽനിന്ന് 20,755, ഖത്തർ -18,397,കുവൈറ്റ് - 9626,ഒമാൻ -7286,ബഹറിൻ- 3451, മാലദ്വീപ്- 1100, യു.കെ.- 1342,യു.എസ്.എ.-965, റഷ്യ-563, യുക്രൈൻ- 550 എന്നിങ്ങനെയാണ് രജിസ്റ്റർ ചെയ്തവരുടെ എണ്ണം
രജിസ്റ്റർ ചെയ്യുന്നതിന്റെ മുൻഗണനാക്രമത്തിൽ തിരിച്ചെത്തിക്കുന്നതിന് പരിഗണന ലഭിക്കില്ലെന്ന് നോർക്ക വ്യക്തമാക്കിയിട്ടുണ്ട്. വിസിറ്റിങ് വിസ കാലാവധി കഴിഞ്ഞവർ, വയോജനങ്ങൾ, ഗർഭിണികൾ, കുട്ടികൾ, രോഗികൾ, വിസ കാലാവധി പൂർത്തിയാക്കിയവർ എന്നിവർക്കായിരിക്കും മുൻഗണന. കേന്ദ്രസർക്കാർ നൽകുന്ന അനുമതിയുടെ അടിസ്ഥാനത്തിലായിരിക്കും നടപടിക്രമങ്ങൾ.
കോവിഡ് 19 പരിശോധനയിൽ നെഗറ്റിവാകുന്നവർക്ക് മാത്രമേ നാട്ടിലേക്ക് മടങ്ങാൻ സാധിക്കൂ. നാട്ടിലെത്തായാലും കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നിരീക്ഷണത്തിൽ കഴിയേണ്ടതായി വരും. സർക്കാർ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇതനുസരിച്ചുള്ള ക്വാറന്റൈൻ സംവിധാനങ്ങൾ സംസ്ഥാനത്ത് ഒരുക്കേണ്ട സാഹചര്യമാണ് ഉയരുന്നത്. സർക്കാർ എല്ലാ വിധ സൗകര്യങ്ങളും തിരിച്ചുവരുന്ന പ്രവാസികൾക്കായി ഒരുക്കിയിട്ടുണ്ട്. മൂന്നര ലക്ഷം മുതൽ അഞ്ചു ലക്ഷം വരെ പ്രവാസികൾ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. രണ്ട് ലക്ഷം പേർക്ക് വേണ്ട ക്വാറന്റൈൻ സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്.
www.norkaroots.netഎന്ന വെബ്സ്റ്റൈലിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. നോർക്ക രജിസ്ട്രേഷന് www.registernorkaroots.orgഎന്ന ലിങ്കും സന്ദർശിക്കാവുന്നതാണ്.മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികൾ ആദ്യ പടിയായി നോർക്കയിൽ രജിസ്റ്റർ ചെയ്യുകയാണ് വേണ്ടത്. കോവിഡ് നെഗറ്റീവ് ആണെന്ന സർട്ടിഫിക്കറ്റും ഹാജരാക്കണം.
അതേസമയം, പ്രവാസികളെ തിരികെയത്തിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം കൺട്രോൾ റൂമുകൾ തുറന്നു. പ്രത്യേക വിമാനത്തിലായിരിക്കും വിദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുക. മടങ്ങിവരാൻ ആഗ്രഹിക്കുന്നവരുടെ കണക്കെടുപ്പ് തുടങ്ങിയിട്ടുണ്ട്. ഓരോരുത്തരെയും വീടിന്റെ തൊട്ടടുത്തുള്ള വിമാനത്താവളത്തിലായിരിക്കും എത്തിക്കുക. നിരീക്ഷണത്തിന് ശേഷമായിരിക്കും ഇവരെ വീടുകളിലേക്ക് എത്തിക്കുന്നത്. എല്ലാ സജ്ജീകരണങ്ങളും ഒരുക്കാൻ ചീഫ് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കേന്ദ്രം ചോദിച്ചാൽ വ്യക്തമായ കണക്ക് നൽകാനാണ് രജിസ്ട്രേഷൻ നടപടികൾ നടത്തുന്നതെന്ന് മന്ത്രി കെ.ടി.ജലീൽ പറഞ്ഞിരുന്നു. നോർക്കയുടെ കാർഡ് ഇല്ലാത്തവർക്കും രജിസ്ട്രേഷൻ ചെയ്യാം, എല്ലാവരെയും തിരികെ കൊണ്ടുവരാനല്ല രജിസ്ട്രേഷൻ എന്നും ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കാണ് മുൻഗണനയെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. കോവിഡ് ടെസ്റ്റ് യാത്രക്ക് മുൻപ് നടത്തേണ്ടിവരും രജിസ്റ്റർ ചെയ്യുന്ന സമയത്ത് പരിശോധന ഫലം വേണ്ടെന്നും കഴിഞ്ഞ ദിവസം മന്ത്രി വ്യക്തമാക്കി.
إرسال تعليق