(www.kl14onlinenews.com) (23-Apr-2020)
സംസ്ഥാനത്ത് സാമൂഹ്യവ്യാപനം ഉണ്ടായിട്ടില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്-19 സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊറോണ അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എന്നാൽ സാമൂഹ്യവ്യാപന ഭീഷണി ഒഴിഞ്ഞു എന്ന് പറയാറായിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കോവിഡ്-19 ന്റെ മൂന്നാം ഘട്ടത്തിൽ ഉണ്ടാകേണ്ട രോഗവ്യാപനം സംസ്ഥാനത്ത് ഉണ്ടായിട്ടില്ല എന്നതാണ് നിലവിലുള്ള കണക്കുകൾ വെച്ച് അനുമാനിക്കാവുന്നത്. എന്നാൽ ഭീഷണി ഒഴിഞ്ഞു എന്ന് പറയാനായിട്ടില്ല. അത് തുടരുകയാണ്.
നേരത്തേ പോസിറ്റീവ് കേസുകളില്ലാതിരുന്നതിനാൽ കോട്ടയം, ഇടുക്കി ജില്ലകളെ ഗ്രീൻ സോണിൽപെടുത്തി ചില ഇളവുകൾ നൽകിയിരുന്നു. എന്നാൽ ഇന്ന് ഇവിടങ്ങളിൽ പുതിയ കേസുകളുണ്ട്. അതുകൊണ്ടുതന്നെ അവരെ ഗ്രീന്‍ സോണുകളിൽനിന്ന് മാറ്റി ഓറഞ്ച് സോണിലേക്കു മാറ്റി. ഓറഞ്ച് മേഖലയിലെ പത്ത് ജില്ലകളിൽ ഹോട്സ്പോട്ടായ പഞ്ചായത്തുകൾ അടച്ചിടും. എന്നാൽ മുനിസിപ്പാലിറ്റി അതിർത്തിയിലാണെങ്കിൽ വാർഡുകളും കോർപറേഷനുകളിൽ ഡിവിഷനുകളും അടച്ചിടും.
ഏതൊക്കെ പ്രദേശങ്ങളാണ് ഹോട്സ്പോട്ടായി വരികയെന്ന് ജില്ലാ ഭരണകൂടം തീരുമാനിക്കും. കണ്ണൂർ പരിയാരം മെഡിക്കൽ കോളജിലെയും കോട്ടയം മെഡിക്കൽ കോളജിലെയും കോവിഡ് ലാബിന് ഐസിഎംആർ അംഗീകാരം ലഭിച്ചു. കണ്ണൂരിലെ കോവിഡ് ലാബിൽ നാളെ മുതൽ കോവിഡ് പരിശോധന ആരംഭിക്കും. നാല് റിയൽ ടൈം പിസിആർ യന്ത്രങ്ങൾ ഇവിടെയുണ്ട്. ആദ്യ ഘട്ടത്തിൽ 15ഉം പിന്നീട് 60 വരെയും പരിശോധന ദിവസേന നടത്താൻ സാധിക്കും. ഇതോടെ കേരളത്തിൽ 14 സർക്കാർ ലാബുകളിലാണ് കോവിഡ് പരിശോധന നടത്തുന്നത്. 2 സ്വകാര്യ ലാബുകളിലും പരിശോധന നടക്കുന്നുണ്ട്.
കോവിഡ് രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ പരിശോധന കർശനമാക്കാൻ 10 റിയൽ ടൈം പിസിആര്‍ യന്ത്രങ്ങൾ വാങ്ങാനാണ് സർക്കാർ അനുമതി. എന്നാൽ ഒരു പ്രത്യേകത മൂന്നാം ഘട്ടം സംസ്ഥാനത്ത് രോഗവ്യാപനം ഉണ്ടായിട്ടില്ലെന്നാണ് അനുമാനിക്കാവുന്നത്. സാമൂഹ്യ വ്യാപനം ഇല്ല. എന്നാൽ അതിന്റെ ഭീഷണി നിലനിൽക്കുന്നുണ്ട്.
Post a Comment