(www.kl14onlinenews.com) (25-Apr-2020)
തിരുവനന്തപുരം-കാസര്‍കോട് അര്‍ധ അതിവേഗ റെയില്‍പ്പാതയുടെ കരട് രൂപരേഖയായി
ആലപ്പുഴ: കേരളത്തിലെ ഗതാഗത സംവിധാനത്തില്‍ മാറ്റങ്ങള്‍ക്ക് കാരണമായേക്കാവുന്ന തിരുവനന്തപുരം-കാസര്‍കോട് അര്‍ധ അതിവേഗ റെയില്‍പ്പാതയുടെ കരട് രൂപരേഖയായി.
തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെ ഇപ്പോഴത്തെ റെയില്‍പ്പാതയില്‍ നിന്ന് മാറിയും തുടര്‍ന്ന് കാസര്‍കോട് വരെ നിലവിലുള്ളതിന് സമാന്തരമായുമായിരിക്കും ഈ പാത.
കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ അന്തിമ റൂട്ട് പ്രസിദ്ധപ്പെടുത്തി. വിശദമായ പദ്ധതി റിപ്പോര്‍ട്ട് കെ-റെയില്‍ ബോര്‍ഡ് യോഗം അംഗീകരിച്ചു. ഈ വര്‍ഷം പണി തുടങ്ങി അഞ്ചു വര്ഷം കൊണ്ട് പൂര്‍ത്തിയാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പൈതൃക സ്ഥാപനങ്ങളെയും ആരാധനാലയങ്ങളെയും ഒഴിവാക്കാന്‍ വേണ്ടി സാധ്യതാ പഠന റിപ്പോര്‍ട്ടിലെ അലൈന്മെന്റില്‍ പലയിടത്തായി പരമാവധി പത്തുമുതല്‍ 50 മീറ്റര്‍ വരെ മാറ്റം വരുത്തിയിട്ടുണ്ട്. ഈ പാതയിലൂടെ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ക്ക് സഞ്ചരിക്കാനാകും.
സാങ്കേതിക സവിശേഷതകളും നിലവിലെ റെയില്‍പ്പാതയിലെ കൊടുംവളവുകളും കാരണം പുതിയ സ്ഥലങ്ങളിലൂടെയാണ് പാത കടന്നു പോകുക.
തിരുവനന്തപുരത്തുനിന്ന് 11 ജില്ലകളിലൂടെ 530.6 കിലോമീറ്റര്‍ പിന്നിട്ട് കാസര്‍കോട്ടെത്തുന്ന സില്‍വര്‍ ലൈനില്‍ 11 സ്റ്റേഷനുകളുണ്ടാകും. ഏറെ തിരക്കുള്ള തിരുവനന്തപുരം-എറണാകുളം ഭാഗത്ത് യാത്രാസമയം ഒന്നര മണിക്കൂറാണ്. സാധ്യതാപഠന റിപ്പോര്‍ട്ടിലുണ്ടായിരുന്ന
കാക്കനാട് സ്റ്റേഷനുപുറമെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പുതിയ സ്റ്റേഷനുണ്ടാകും. പദ്ധതി ചെലവ് 63,941 കോടി രൂപയാണ്.
പാത പോകുന്ന പ്രദേശങ്ങളുടെ ഗൂഗിള്‍മാപ്പ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
പാത ഇങ്ങനെ
തിരുവനന്തപുരത്ത് കൊച്ചുവേളിയില്‍നിന്ന് തുടക്കം. കഴക്കൂട്ടം, ആറ്റിങ്ങല്‍, കല്ലമ്പലം, പാരിപ്പള്ളി, കൊട്ടിയം, മുഖത്തല, കുണ്ടറ, തെങ്ങമം, നൂറനാട്, മുതുകാട്ടുകര, കിടങ്ങയം, കൊഴുവല്ലൂര്‍, മുളക്കുഴ വഴി ചെങ്ങന്നൂരില്‍ പ്രവേശിക്കും.
പിരളശ്ശേരി എല്‍.പി.സ്‌കൂളിനുസമീപം വല്ലന റോഡിലെ ടൂട്ടൂസ് ട്രാവല്‍സിനടുത്താണ് ചെങ്ങന്നൂരിലെ നിര്‍ദിഷ്ട സ്റ്റേഷന്‍. അവിടെനിന്ന് നെല്ലിക്കല്‍ കോയിപ്പുറം, നെല്ലിമല, ഇരവിപേരൂര്‍, കല്ലൂപ്പാറ, മുണ്ടിയപ്പള്ളി, മാടപ്പള്ളി, വാകത്താനം, വെള്ളൂത്തുരുത്തി, പാറയ്ക്കല്‍ കടവ്, കൊല്ലാട്, കടുവാക്കുളം വഴി കോട്ടയത്തേക്ക്. അവിടെ നിലവിലുള്ള റെയില്‍ വേസ് സ്റ്റേഷനു തെക്കുമാറി മുട്ടമ്പലം ദേവലോകം ഭാഗത്താണ് നിര്‍ദിഷ്ട സ്റ്റേഷന്‍.
കോട്ടയത്തുനിന്ന് എറണാകുളം കാക്കനാട്ടേക്ക്. അവിടെനിന്ന് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട്, തൃശ്ശൂര്‍, തിരൂരില്‍ എത്തും. തിരൂര്‍ മുതല്‍ കാസര്‍കോട് വരെ നിലവിലെ പാതയ്ക്ക് സമാന്തരമായിരിക്കും.
നേട്ടങ്ങള്‍
. തിരുവനന്തപുരം-കാസര്‍കോട് യാത്രയ്ക്ക് നാലുമണിക്കൂര്‍
• സംസ്ഥാനത്തെ മിക്ക പ്രധാന, ചെറുകിട, ഇടത്തരം പട്ടണങ്ങളെയും ശൃംഖലയില്‍ വരും.
• അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍, പ്രമുഖ ആശുപത്രികള്‍ സ്ഥാപനങ്ങള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍ വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവയുമായി എളുപ്പം ബന്ധപ്പെടാനാകും.
• തിരക്കേറിയ റോഡുകളില്‍ നിന്നും റെയില്‍പാതയില്‍ നിന്നും യാത്ര സില്‍വര്‍ ലൈനിലേക്ക് മാറുന്നതോടെ 530 കോടി രൂപയുടെ പെട്രോളുംഡീസലും പ്രതിവര്‍ഷം ലാഭിക്കാം.
• ചരക്കുനീക്കം സുഗമമാകും. സില്‍വര്‍ ലൈന്‍ വഴിയുള്ള ചരക്ക് ഗതാഗത സംവിധാനമായ റോറോ സര്‍വ്വീസ് വഴി 500 ചരക്കുവാഹനങ്ങള്‍ പ്രതിദിനം റോഡില്‍ നിന്ന് ഒഴിവാക്കാം. റോഡിലെ ഗതാഗതത്തിരക്കും അപകടങ്ങളും കുറയ്ക്കും.
• 7,500 വാഹനങ്ങളെ ഇന്നത്തെ സ്ഥിതിയില്‍ സംസ്ഥാനത്തെ തിരക്കേറിയ റോഡുകളില്‍ നിന്ന് വിമുക്തമാക്കാനാകും.
• റോഡുകളില്‍ വാഹനങ്ങളുടെ എണ്ണം കുറയുന്നതിനാല്‍ അന്തരീക്ഷ മലിനീകരണം കുറയും. വൈദ്യുതിയും സൗരോര്‍ജവും ഉള്‍പ്പെടെ ഹരിതോര്‍ജമാണ് സില്‍വര്‍ ലൈനില്‍ ഉപയോഗിക്കുന്നത്.
സ്റ്റേഷനുകള്‍
Post a Comment