(www.kl14onlinenews.com) (25-Apr-2020)
ഹോട്ട്‌സ്‌പോട്ടുകള്‍ ഒഴികെയുള്ള ഇടങ്ങളില്‍ കടകള്‍ തുറക്കാം, കേന്ദ്രത്തിന്റെ ഇളവുകള്‍ കേരളത്തിലും ബാധകം: ചീഫ് സെക്രട്ടറി
തിരുവനന്തപുരം: കേന്ദ്ര ഉത്തരവ് പ്രകാരം ഹോട്ട്‌സ്‌പോട്ടുകള്‍ ഒഴികെയുള്ള ഇടങ്ങളില്‍ കേരളത്തിലും കടകള്‍ തുറക്കാമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിലുള്ളതനുസരിച്ച് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ കേരളത്തില്‍ തടസ്സമില്ല. ഏതെല്ലാം ഷോപ്പുകള്‍ തുറക്കാമെന്നത് ഉത്തരവില്‍ പറയുന്നുണ്ടെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും പലചരക്ക് സാധനങ്ങള്‍ വില്‍ ക്കുന്ന കടകളും തുറക്കാമെന്ന് കേന്ദ്ര ഉത്തരവിലുണ്ട്. ജൂവലറി അടക്കമുള്ള ഷോപ്പുകള്‍ തുറക്കാനാവില്ലെന്നും വ്യക്തമാക്കിയിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
അതേസമയം ഗ്രാമങ്ങളിലെ കടകള്‍ സജീവമാകണമെങ്കില്‍ നഗരങ്ങളില്‍ കൂടി കടകള്‍ തുറക്കേണ്ടി വരുമെന്നും ഗ്രാമങ്ങളിലെ ചെറിയ കടകളിലേക്ക് നഗരങ്ങളില്‍ നിന്നാണ് സാധനങ്ങള്‍ കൊണ്ടുവരുന്നതെന്നും മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു.
കേന്ദ്രം നല്‍കിയ ഇളവുകള്‍ ആലോചിച്ച ശേഷം കേരളത്തില്‍ നടപ്പാക്കുമെന്നും മന്ത്രി എ.കെ.ശശീന്ദ്രനും അറിയിച്ചു.
ശനിയാഴ്ച മുതൽ തുറന്ന് പ്രവർത്തിപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. വെള്ളിയാഴ്ച രാത്രിയോടെയാണ് മന്ത്രാലയം ലോക്ക്ഡൗൺ ഇളവ് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.
പലചരക്ക് കടകൾ മാത്രമല്ല അവശ്യസാധനങ്ങൾ വിൽക്കുന്നവ അല്ലാത്ത കടകളും തുറക്കാം. എന്നാൽ ഷോപ്പിങ് മാളുകൾക്ക് തുറക്കാൻ അനുമതിയില്ല. ഹോട്ട്സ്പോട്ട് മേഖലകളിലെ കടകൾക്കും ഈ ഇളവുകൾ ബാധകമല്ല. കടകളിൽ 50 ശതമാനം ജീവനക്കാരേ പാടുള്ളൂ. ജീവനക്കാർ മാസ്ക് ധരിക്കണം. സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം
'നഗരസഭാ, കോർപറേഷൻ പരിധിക്ക് പുറത്ത് ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് നിയമ പ്രകാരം അതത് സംസ്ഥാന കേന്ദ്ര ഭരണപ്രദേശങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കടകളും, പാർപ്പിട സമുച്ചയങ്ങളിലേയും മാർക്കറ്റ് സമുച്ചയങ്ങളിലേയും കടകൾ തുറന്ന് പ്രവർത്തിക്കാം. മൾട്ടി ബ്രാൻഡ്, സിംഗിൾ ബ്രാൻഡ് മാളുകളിലെ ഷോപ്പുകൾ ഇതിൽ ഉൾപ്പെടില്ല. അവ തുറക്കാൻ അനുമതിയില്ല
നഗരസഭാ, കോർപറേഷൻ പരിധിയിൽ വരുന്ന കോർപറേഷൻ ഷോപ്സ് ആൻഡ് എസ്റ്റാബ്ലീഷ്മെന്റ് നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള അടുത്തടുത്തുള്ള കടകളും ഒറ്റപ്പെട്ടുനിൽക്കുന്ന കടകളും പാർപ്പിട സമുച്ചയത്തിലുള്ള കടകളും തുറക്കാം. എന്നാൽ കമ്പോളങ്ങൾക്കും മൾട്ടി ബ്രാൻഡ് സിംഗിൾ ബ്രാൻഡ് മാളുകൾക്കും പ്രവർത്തനാനുമതി ഇല്ല.
രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗൺ മെയ് മൂന്നിനാണ് അവസാനിക്കുക. ലോക്ക്ഡൗൺ അവസാനിപ്പിക്കുന്നതും നീട്ടുന്നതും സംബന്ധിച്ച് തിങ്കളാഴ്ച പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തുന്ന വീഡിയോ കോൺഫറൻസിന് ശേഷം തീരുമാനമെടുക്കും.
إرسال تعليق