(www.kl14onlinenews.com) (25-Apr-2020)
റമദാനിലെ നോമ്പും തറാവീഹും പതിവാക്കിയതിനു ശേഷമുള്ള മരണം
✍️ എം എം മയ്യളം
വീണ്ടും വിശുദ്ധ റമളാന്‍ വിരുന്നെത്തുന്നു. അല്ലാഹുവിന്‍റെ അപാരമായ അനുഗ്രഹങ്ങളുടെ പെയ്ത്തുകാലം. സത്യവിശ്വാസി വളരെ സന്തോഷത്തോടെയാണ് ഈ മാസത്തെ സ്വീകരിക്കുക. ചെറിയതും പ്രയാസരഹിതവുമായ സല്‍കര്‍മങ്ങള്‍ക്ക് വലിയ പ്രതിഫലവും പ്രതിഫലത്തില്‍ തന്നെ പ്രത്യേക വര്‍ധനവും വാഗ്ദാനം ചെയ്യപ്പെട്ട കാലം. സൗഭാഗ്യങ്ങളുടെ അനര്‍ഘ നിമിഷങ്ങളൊരുക്കി വച്ച മാസമാണ് റമളാന്‍. അത് വിശ്വാസിക്കു മുമ്പില്‍ അവന്‍റെ ആത്മീയ സുരക്ഷക്കും ആത്യന്തികമായ വിജയത്തിനുമുള്ള അവസങ്ങളാണ് നിരത്തിവെക്കുന്നത്.
നബി(സ)യുടെ അടുത്ത് ഒരാള്‍ വന്നു പറഞ്ഞു: “അല്ലാഹുവിന്‍റെ റസൂലേ, ഞാന്‍ അല്ലാഹു അല്ലാതെ ഒരാരാധ്യനില്ലെന്നും അങ്ങ് അവന്‍റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുന്നു. അഞ്ചു നേരം നിസ്കരിക്കുകയും സകാതു കൊടുത്തു വീട്ടുകയും റമദാനില്‍ നോമ്പു നോല്‍ക്കുകയും നിന്ന് നിസ്കരിക്കുകയും ചെയ്താല്‍ ഞാന്‍ ആരില്‍ പെട്ടവനെന്നു് അങ്ങു പറയുമോ. റസൂല്‍(സ) പറഞ്ഞു: “സ്വിദ്ദീഖുകളിലും ശുഹദാക്കളിലും” (അത്തര്‍ഗീബ്)
ഇബ് ഖുസൈമ പറഞ്ഞു: “സ്വിദ്ദീഖുകളുടെയും ശുഹദാക്കളുടെയും കൂട്ടത്തില്‍ പേരു വരണമെങ്കില്‍ റമദാനില്‍ നോമ്പനുഷ്ഠിക്കുകയും അതിലെ പ്രത്യേക നിസ്കാരം നിര്‍വ്വഹിക്കുന്നതോടൊപ്പം അഞ്ചു നേരത്തെ നിസ്കാരം നിലനിര്‍ത്തുന്നവനും സകാത് കൊടുത്തു വീട്ടുന്നവനും അല്ലാഹുവിന്‍റെ ഏകത്വത്തെ സാക്ഷ്യപ്പെടുത്തുന്നവനും നബി(സ)യുടെ രിസാലത്തിനെ അംഗീകരിക്കുന്നവനുമായിരിക്കണം.”
നോമ്പുകാരന്‍ നോമ്പു തുറക്കുമ്പോള്‍ അല്ലാഹു അവന് നരകമോചനം ഔദാര്യമായി നല്‍കുന്നു.
റസൂല്‍(സ) പറഞ്ഞു: “അല്ലാഹുവിനു എല്ലാ നോമ്പു തുറയിലും നരകത്തില്‍ നിന്നു വിമോചിതരാവുന്നവരുണ്ട്. ഇത് എല്ലാ രാത്രിയിലുമുണ്ട്.” (അല്‍ജാമിഅ്)
നിന്നിലേക്കല്ലാതെ നിന്നില്‍ നിന്നുള്ള അഭയവും രക്ഷയുമില്ല
ഒരു പാപി തന്‍റെ ദോഷങ്ങള്‍ ഓരോന്നായി ഓര്‍ത്തെടുക്കുകയും അല്ലാഹുവിനോട് പൊറുക്കല്‍ തേടുകയും ചെയ്യുന്നു. അങ്ങനെ അവനു തൌബക്ക് ശേഷം തൗബ എഴുതപ്പെടുന്നു. ഇതത്ര സുന്ദരമാണ്. അവനു തൗബ ചെയ്യാന്‍ ബോധനം നല്‍കിയ, ആ തൗബ കാരണത്താല്‍ അവന്‍റെ ദോഷങ്ങള്‍ പൊറുത്തുകൊടുത്ത, എന്നിട്ട് ആ തിന്മകളെയെല്ലാം നന്മകളാക്കി പരിവര്‍ത്തിപ്പിച്ച, അല്ലാഹുവിനെ അനുസരിച്ച് ഋജുവായി ജീവിക്കാന്‍ അനുഗ്രഹിച്ച അല്ലാഹുവിന്‍റെ ഔദാര്യമെത്രെയാണെന്നവന്‍ മനസ്സിലാക്കട്ടെ.
അല്ലാഹുവിനോട് ഈ സന്ദര്‍ഭത്തില്‍ ചോദിക്കാവുന്ന മധുരതരമായ വചനങ്ങളിതാ
أسألك بعزك وذلي إلا رحمتني، أسألك بقوتك وضعفي، وبغناك عني وفقري إليك، هذه ناصيتي الكاذبة الخاطئة بين يديك، عبيدك سواي كثير، وليس لي سيد سواك، لا ملجأ ولا منجأ من إلا إليك، أسألك مسألة المسكين، وأبتهل إليك ابتهال الخاضع الذليل، وأدعوك دعاء الخائف الضرير، سؤال من خضعت لك رقبته، ورغم لك أنفه، وفاضت لك عيناه، وذل لك قلبه.
നാഥാ നിന്‍റെ പ്രതാപവും നീ കനഞ്ഞില്ലെങ്കില്‍ എനിക്കുണ്ടാവുന്ന നിസ്സാരതയും മുന്‍ നിര്‍ത്തി നിന്നോട് ചോദിക്കുന്നു. നിന്‍റെ ശക്തിയും എന്‍റെ അവശതയും വെച്ച് ഞാന്‍ ചോദിക്കുന്നു. നിന്‍റെ ഐശ്വര്യവും നിന്നിലേക്കുള്ള എന്‍റെ ആവശ്യകതയും മുന്നിര്‍ത്തി ഞാന്‍ നിന്നോടു ചോദിക്കുന്നു. ഇതാ തെറ്റു ചെയ്ത, കളവു പറഞ്ഞ എന്‍റെ മൂര്‍ദ്ധാവ് നിന്‍റെ മുമ്പില്‍. ഞാനല്ലാത്ത ദാസന്മാര്‍ തന്നെ ധാരാളമുണ്ട് നിനക്ക്. പക്ഷേ, എനിക്ക് നീയല്ലാതെ ഒരു യജമാനനുമില്ല. നിന്നില്‍ നിന്നുള്ള അഭയവും രക്ഷയും നിന്നിലേക്കു തന്നെ. പാവപ്പെട്ടവന്‍ ചോദിക്കുന്നതുപോലെ ഞാന്‍ നിന്നോടു ചോദിക്കുന്നു. നിസ്സാരനും തലകുനിച്ചവനും കരഞ്ഞു പറയുന്നതു പോലെ ഞാന്‍ നിന്നോടു കരഞ്ഞു പറയുന്നു. കഷ്ടപ്പാടുകള്‍ക്കു നടുവില്‍ ഭയവിഹ്വലനായ ഒരുത്തന്‍റെ പ്രാര്‍ത്ഥനയാണ് ഞാന്‍ നിന്നോടു പ്രാര്‍ത്ഥിക്കുന്നത്. നിനക്കുവേണ്ടി പിരടി താഴ്ത്തിപ്പിടിച്ചവന്‍റെ യാചനയാണിത്. നിനക്കു മുമ്പില്‍ മുഖം കുത്തിവീണവന്‍റെ യാചന, നിനക്കായി കണ്ണുകള്‍ നിറഞ്ഞൊലിച്ചവന്‍റെ യാചന, നിനക്കായ് മനസ്സ് തകര്‍ന്നവന്‍റെ യാചന...
إرسال تعليق