(www.kl14onlinenews.com) (26-Apr-2020)
ആളൊഴിഞ്ഞ പള്ളികൾ വേദനിപ്പിക്കുന്നു; പുണ്യമാസത്തിൽ കൈകളുയർത്തി അബ്ദുല്ല ഫൈസി
✍️ഷാഫി തെരുവത്ത്
പുണ്യ റമളാൻ..
റമദാനിൽ ഖുർആൻ പാരായണവും നിസ്ക്കാരങ്ങളും ദിക്റുകളുമായി സജീവമാകേണ്ട പള്ളികളിലെ ദിനരാത്രങ്ങൾ. ഇന്ന് ബാങ്ക് വിളിക്കാൻ വേണ്ടി മാത്രം തുറക്കുകയും അടച്ചിടുകയും ചെയ്യേണ്ട വേദനയിലാണ് വിശ്വാസികൾക്കൊപ്പം തളങ്കര കടവത്ത് മുഹ്യുദ്ദീൻ മസ്ജിദിലെ അബ്ദുല്ല ഫൈസി. ഓരോ റമദാനും വരുമ്പോഴും പള്ളികൾ സജീവമാകുന്ന കാലമായിരുന്നു കഴിഞ്ഞ വർഷം വരെ.കോവിഡ് - 19 രോഗഭീതിയെ തുടർന്ന് രാജ്യത്ത് ലോക് ഡൗൺപ്രഖ്യാപിച്ചതോടെ മറ്റു മതസ്ഥരുടെ ആരാധാനലയങ്ങൾക്കൊപ്പം പള്ളികൾക്കും പുട്ട് വീണു.കഴിഞ്ഞ 26 വർഷമായി ഈ പള്ളിയിലെ ഇമാമാണ് മലപ്പുറം മഞ്ചേരി സ്വദേശിയായ 63 കാരനായ അബ്ദുല്ല ഫൈസി.പയ്യന്നൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ പള്ളി ഇമാമായി നേരത്തേ ജോലി ചെയ്ത ഇദ്ദേഹത്തിന് തളങ്കര സ്വന്തം നാട് പോലെയാണ്. പള്ളിയിൽ ആദ്യമായി ജോലിക്കെത്തിയ നാൾ. ആദ്യ റമദാൻ അനുഭവങ്ങൾ വിവരിക്കുകയാണ് അബ്ദുല്ല ഫൈസി. ഇന്ന് നടത്തുന്നത് പോലെ വിവിധ തരം വലിയ വിഭവങ്ങൾ കൊണ്ടായിരുന്നില്ല നോമ്പ് തുറന്നിരുന്നത്. വിരലിലെണ്ണാവുന്നവർ മാത്രമായിരുന്നു പള്ളിയിൽ ഒരുക്കുന്ന നോമ്പ് തുറയ്ക്ക് എത്തിയിരുന്നത്. പച്ച വെള്ളവും കാരക്കയും വാഴപ്പഴവും പിന്നെ കഞ്ഞിയും. കാലം മാറിയപ്പോൾ കാരക്കയുടെയും കഞ്ഞിയുടെയും സ്ഥാനത്ത് സമൂസ, റോൾ തുടങ്ങി നിരവധി എണ്ണ പലഹാരങ്ങൾ കൈയടക്കി, കഴിഞ്ഞ വർഷം വരെ കുട്ടികളും മുതിർന്നവരുമടക്കം നിരവധി പേരാണ് നോമ്പ് തുറക്കാൻ എത്തുന്നത്. നോമ്പ് തുറ സാധനങ്ങൾ പളളി മഹലിൽ പെട്ടവർ തന്നെ സംഘടിപ്പിക്കുന്നുണ്ട്. പഴയ ക്കാലത്തുള്ള നോമ്പ് തുറയുടെ സംതൃപ്തി ഇപ്പോഴില്ല. രാത്രിയിലെ നീണ്ട നിസ്ക്കാരമായ തറാവീഹിൽ പങ്കെടുക്കാൻ അന്നും ഇന്നും ആളുകൾക്ക് കുറവില്ല. അത്താഴത്തിന് വിളിക്കാൻ അഞ്ച് വർഷം മുമ്പ് വരെ നാദാപുരത്തിൽ നിന്നും അത്താഴ കൊട്ട് സംഘം എത്തിയിരുന്നു.അതും ഓർമ്മയിലായി. ഇപ്പോൾ അത്താഴ സമയം അറിയിക്കാൻ പള്ളിയിലെ മൈക്കിൽ സ്വലാത്ത് ചൊല്ലും. കാലം കഴിയുന്തോറും പഴമയുടെ ഓർമ്മകൾ അബ്ദുല്ല ഫൈസിയുടെ പുതുമയായി നിലകൊള്ളുന്നു. കോ വിഡ് - ഭീതി ഒഴിഞ്ഞ് ഈ റമദാനിന്റെ അവസാന നാളുകളിലെങ്കിലും പള്ളി സജീവമാകുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം.
Post a Comment