ബേക്കൽ പോലീസ് അതിക്രമം; ജില്ലാ ജനകീയ നീതിവേദി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി, അന്വേഷണം ആരംഭിച്ചു

(www.kl140nlinenews.com) (26-Apr-2020)

ബേക്കൽ പോലീസ് അതിക്രമം; ജില്ലാ ജനകീയ നീതിവേദി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി, അന്വേഷണം ആരംഭിച്ചു

കാസർകോട്: ഏപ്രിൽ 24ന് വൈകുന്നേരം 4 മണിക്ക് ബേക്കൽ ജംഗ്ഷനിൽ കട തുറന്ന് കച്ചവടം നടത്തുകയായിരുന്ന സ്ഥലത്ത് വന്ന് ബേക്കൽ പോലീസ് സബ് ഇൻസ്പെക്ടർ അജിത് കുമാറും സംഘവും, കടയിലുള്ള സാധന സാമഗ്രികൾ വലിച്ചെറിയുകയും സാധന സാമഗ്രികൾ വാങ്ങാൻ വന്ന ആളുകളെ തല്ലിയോടിക്കുകയും ശേഷം അവിടെയുണ്ടായ കടയുടമ അടക്കം അഞ്ചിലധികം പേരെ മ്ലേഛമായ ഭാഷാ പ്രയോഗങ്ങൾ നടത്തി പിടിച്ച് കൊണ്ട് പോയി അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് കൊണ്ട് ജില്ലാ ജനകീയ നീതി വേദി താത്വികാചാര്യ സമിതി അടിയന്തിര ഓൺലൈൻ യോഗം ചേരുകയും മുഖ്യമന്ത്രിക്കും, ഡി.ജി.പി.ക്കും, പോലീസ് കംപ്ലയ്ൻറ് അഥോറിറ്റിക്കും പരാതി നൽകാൻ തീരുമാനിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ പരാതി നൽകുകയും ചെയ്തു. 
പോലീസ് ഉദ്യോഗസ്ഥന്മാരുടെ ചിലവാക്ക് പ്രയോഗങ്ങൾ ഒരു സമുദായത്തെ ഇകഴ്ത്താനും പാർശ്വവത്കരിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണൊ എന്ന് സംശയിക്കുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
മേൽ പരാതി ലഭ്യമായ മുറക്ക് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി.പരാതി നൽകിയ നീതി വേദി താത്വികാചാര്യ സമിതി അംഗം അബ്ദുറഹിമാൻ കൈതോടിനെ ഫോണിലൂടെ ബന്ധപ്പെടുകയും വിഷയങ്ങൾ അന്വേഷിക്കുകയും ചെയ്തിരിക്കയാണ്. ആഭ്യന്തര വകുപ്പിന്റെ അന്വേഷണത്തിൽ നടപടികൾ ഉണ്ടായില്ലെങ്കിൽ സ്വകാര്യ പെറ്റിഷൻ പ്രകാരം കോടതിയെ സമീപിക്കാനും ജില്ലാ ജനകീയ നീതി വേദി യോഗം തീരുമാനിച്ചിരുന്നു.
സൈഫുദ്ദീൻ കെ.മാക്കോട്, ഹമീദ് ചാത്തങ്കൈ, റിയാസ് സി.എച്ച് ബേവിഞ്ച, ഹാരിസ് ബന്നു നെല്ലിക്കുന്ന്, റഹ്മാൻ കൈതോട്, അബ്ദുറഹിമാൻ തെരുവത്ത്, ഇസ്മായിൽ ചെമ്മനാട്, ബഷീർ കുന്നരിയത്ത്, ബഷീർ എൻ.കെ.പള്ളിക്കര, നൗഫൽ ഉളിയത്തടുക്ക, ബദറുദ്ദീൻ കറന്തക്കാട്, എന്നിവർ സംസാരിച്ചു.

പരാതിയുട പൂർണ രൂപം

പ്രേക്ഷിതൻ,
റഹ്മാൻ കൈതോട്
ജില്ലാ ജനകീയ നീതി വേദി
ജില്ലാ കമ്മിറ്റി അംഗം,
കൈതോട്, പി.ഒ.മുള്ളേരിയ
കാസർകോട് ജില്ല
ഫോൺ: 7034 114334

സ്വീകർത്താവ്.
ബഹു: സംസ്ഥാന മുഖ്യമന്ത്രി
സെക്രട്ടറിയേറ്റ്.തിരുവനന്തപുരം. 695 001

സാർ,
വിഷയം: ബേക്കൽ ജംഗ്ഷനിൽ നടന്ന പോലീസ് അതിക്രമം അന്വേഷിക്കുന്നത് സംബന്ധിച്ച്.

24.04.2020 ന് വൈകുന്നേരം 4 മണി സമയത്ത് ബേക്കൽ ജംഗ്ഷനിൽ തുറന്ന പ്രവർത്തിക്കുകയായിരുന്ന കടയിലേക്ക് നോമ്പ് തുറയുമായി ബന്ധപ്പെട്ട സാധന സാമഗ്രികൾ വാങ്ങാനായി എത്തിയ അഞ്ചാലധികം പേരെ ബേക്കൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അജിതിന്റെ നേതൃത്വത്തിൽ എത്തിയ പോലീസുകാർ പീടിക പുറത്ത് റാക്കിൽ വെച്ചിരുന്ന പഴവർഗ്ഗങ്ങൾ റോഡിലേക്ക് വലിച്ചെറിയുകയും, അസഭ്യ വാക്കുകൾ പറയുകയും, ഒരു സമുദായത്തെ ആക്ഷേപിക്കുന്ന രീതിയിൽ പരസ്യമായി വാക്ക് പ്രയോഗങ്ങൾ നടത്തുകയും, കടയുടമയെയും, അവിടെ സാധന സാമഗ്രികൾ വാങ്ങാൻ വന്ന4 ൽ അധികം വരുന്നവരെയും വലിച്ചിഴച്ച് ജീപ്പിൽ കയറ്റി കൊണ്ട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
മേൽ വിഷയത്തിൽ പ്രദേശവാസികൾ തന്നെ ഏറെ വ്യാകുലരാവുകയും, ആഭ്യന്തര വകുപ്പിനെ തന്നെ കുറ്റപ്പെടുത്തുന്ന ഒരവസ്ഥ ഉണ്ടാവുകയും ചെയ്തിരിക്കയാണ്.

രാവിലെ 11 മണി മുതൽ വൈകുന്നേരം 5 മണി വരെ കടകൾ തുറന്ന് പ്രവർത്തിക്കാമെന്നിരിക്കെയാണ് പോലീസിന്റെ ഭാഗത്ത് നിന്നും സർക്കാറിന്റെ നയങ്ങളെ ആക്ഷേപിക്കാൻ ഇടവരുത്തുന്ന രീതിയിൽ ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകുന്നത്, റംസാൻ കാലമായത് കൊണ്ട് നോമ്പ് തുറക്കാവശ്യമായ സാധന സാമഗ്രികൾ വാങ്ങാൻ ആളുകൾ ഉണ്ടാവുക സ്വാഭാവികമെന്നിരിക്കെ, സാമൂഹിക അകലം പാലിക്കുന്നില്ലെങ്കിൽ അവരെ അനുനയത്തിലൂടെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കേണ്ട നിയമ പാലകർ ഒരു സമുദായത്തെ പാർശ്വവത്കരിക്കുന്ന രീതിയിൽ പെരുമാറുന്നത് ഏറെ ദുഃഖകരവും വേദനാജനകവുമാണ്.
ആയതിനാൽ മേൽവിഷയത്തിൽ ഇടപെട്ട് കുറ്റകരമായ രീതിയിൽ ഇടപെടൽ നടത്തിയ എസ്.ഐ. അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥന്മാർക്കെതിരെ അന്വേഷണം നടത്തി സസ്പെൻറ് അടക്കമുള്ള വകുപ്പ് തല അച്ചടക്ക നടപടികൾക്ക് വിധേയമാക്കണമെന്ന് വിനയപൂർവ്വം അപേക്ഷിക്കുന്നു.
അനുഭാവപൂർവമായ നടപടിയുണ്ടാകുമെന്ന പ്രത്യാശയോടെ,

വിശ്വസ്ഥൻ
റഹിമാൻ കൈതോട്

കാസർകോട്,
26.04.2020.

Post a Comment

Previous Post Next Post