ഒറ്റപ്പെട്ട് കാസർകോട്ടെ രണ്ട് വാര്‍ഡുകള്‍; 700 കുടുംബങ്ങള്‍ക്ക് പുറത്തുകടക്കാനാവുന്നില്ല,ഗര്‍ഭിണികൾ ദുരിതത്തിൽ

(www.kl14onlinenews.com) (26-Apr-2020)

ഒറ്റപ്പെട്ട് കാസർകോട്ടെ രണ്ട് വാര്‍ഡുകള്‍; 700 കുടുംബങ്ങള്‍ക്ക് പുറത്തുകടക്കാനാവുന്നില്ല,ഗര്‍ഭിണികൾ ദുരിതത്തിൽ

കാസർകോട്: ചെര്‍ക്കള കല്ലടുക്ക ദേശീയ പാത കര്‍ണാടക പൂര്‍ണമായി അടച്ചതോടെ കാസർകോട്ടെ എന്‍മകജെ പഞ്ചായത്തിലെ ഒന്നും രണ്ടും വാര്‍ഡുകളിലുള്ളവര്‍ അങ്ങോട്ടും ഇങ്ങോട്ടും പോകാനാകാതെ കുടുങ്ങിപ്പോയ അവസ്ഥയിലാണിപ്പോള്‍. കര്‍ണാടകയിലെ ആശുപത്രികളില്‍ മലയാളികള്‍ക്ക് ചികിത്സ നിഷേധിക്കുക കൂടി ചെയ്തതോടെ എങ്ങനെ ആശുപത്രിയിലെത്തുമെന്നറിയാത്ത ആശങ്കയിലാണ് ഇവിടുത്തെ പൂര്‍ണ ഗര്‍ഭിണികളടക്കമുള്ളവര്‍.

എന്‍മകജെ സ്വദേശിയായ ഫാത്തിമാ സുഹ്റ മംഗലാപുരത്തെ ദേര്‍ളക്കട്ട ആശുപത്രിയിലാണ് ചികിത്സ തേടുന്നത്. പ്രസവത്തിനായി അടുത്താഴ്ച മംഗലാപുരത്തെ ആശുപത്രിയിലെത്താനാണ് സുഹ്റയോട് ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നത്. കൊവിഡ് ജില്ലയില്‍ വ്യപിച്ചതോടെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് പോകാനാവാതെയായി. ഒരു സ്കാനിംഗും മുടങ്ങി. കര്‍ണാടക റോഡ് അടച്ചതിനാല്‍ സുഹ്റയ്ക്ക് കേരളത്തിലേയോ മംഗലാപരുത്തേയോ ആശുപത്രിയിലേക്ക് പോകാനാവാത്ത സ്ഥിതിയിലാണിപ്പോള്‍ ഉള്ളത്.

എന്‍മകജെ പഞ്ചായത്തിലെ ഒന്നും രണ്ടും വാര്‍ഡുകളായ സായ, ചവറക്കാട് എന്നീ പ്രദേശങ്ങളാണ് പൂര്‍ണമായും ഒറ്റപ്പെട്ടുപോയത്. കേരളത്തിലെ ആംബുലന്‍സും പൊലീസ് വാഹനങ്ങളും അടക്കം ഒന്നിനും ഇവിടേക്ക് വരാനാകുന്നുമില്ല.

കടപ്പാട് ഏഷ്യാനെറ്റ്‌ ന്യൂസ്‌.

Post a Comment

Previous Post Next Post