(www.kl14onlinenews.com) (25-Apr-2020)
പൊതുഗതാഗതം നാളെ മുതല്‍, ദുബായ് മാള്‍ ഏപ്രിൽ 28 ന് തുറക്കും
ദുബായ് : കോവിഡ് വ്യാപനത്തിനെതിരായ കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി യുഎഇ. റമസാന്‍ പ്രമാണിച്ചാണ് ഇളവ് അനുവദിച്ചത്. സര്‍ക്കാര്‍ ഓഫിസുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കും. മെട്രോ ഉള്‍പ്പെടെയുള്ള പൊതുഗതാഗതവും നാളെ പുനരാരംഭിക്കും.
മണി എക്‌സ്‌ചേഞ്ചുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും നിയന്ത്രണങ്ങളോടെ തുറക്കും. മാളുകള്‍ ഉച്ചയ്ക്കു 12 മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കും. ശേഷിയുടെ 30 % ആളുകളേ പാടുള്ളൂ. 3 മണിക്കൂറില്‍ കൂടുതല്‍ ഷോപ്പിങ് പാടില്ല. 60 വയസ്സിനു മുകളിലുള്ളവര്‍ക്കും 12 വയസിന് താഴെയുള്ളവര്‍ക്കും പ്രവേശനം അനുവദിക്കില്ല.
റസ്റ്റോറന്റുകളിലും 30 ശതമാനം പേരെ മാത്രമേ അനുവദിക്കൂ. ഹോം ഡെലിവറി തുടരും. വ്യായാമം ചെയ്യാന്‍ നിശ്ചിത സമയത്തു പുറത്തിറങ്ങാം. പൊലീസിന്റെ അനുമതി ഉണ്ടെങ്കിലേ പുറത്തിറങ്ങാനാകൂ എന്ന നിബന്ധന നീക്കി. എന്നാല്‍ രാത്രി 10നു ശേഷം നിയന്ത്രണം തുടരും. റമസാനില്‍ അടുത്ത ബന്ധുക്കളെ മാത്രം സന്ദര്‍ശിക്കാം. അഞ്ചിലേറെപ്പേര്‍ ഒത്തുകൂടരുത്.
യുഎഇയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നിലവില്‍ വന്നതോടെ ദുബായ് ഷോപ്പിങ് മാള്‍ ഏപ്രില്‍ 28 ന് തുറക്കാന്‍ തീരുമാനിച്ചു. ഉച്ചക്ക് 12 മുതല്‍ രാത്രി 10 വരെയായിരിക്കും മാള്‍ തുറന്ന് പ്രവര്‍ത്തിക്കുക. സന്ദര്‍ശകര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിപുലമായ സുരക്ഷാമുന്നൊരുക്കങ്ങളാണ് മാള്‍ അധികൃതര്‍ നടത്തുന്നത്.
Post a Comment