കുവൈത്തില്‍ 109 ഇന്ത്യക്കാരടക്കം 278 പേര്‍ക്ക് കോവിഡ്; സൗദിയില്‍ 1197പുതിയ രോഗികളും 9 കോവിഡ് മരണവും

(www.kl14onlinenews.com) (25-Apr-2020)

കുവൈത്തില്‍ 109 ഇന്ത്യക്കാരടക്കം 278 പേര്‍ക്ക് കോവിഡ്; 
സൗദിയില്‍ 1197പുതിയ രോഗികളും 9 കോവിഡ് മരണവും 

റിയാദ് / കുവൈത്ത്‌ സിറ്റി 
കുവൈത്തില്‍ 109 ഇന്ത്യക്കാരടക്കം 278 പേര്‍ക്ക് കൂടി കോവിഡ്
സ്ഥിരീകരിച്ചു.
ഇന്ന്  നാല് മരണം കൂടി സ്ഥിരീകരിച്ചതോടെ കുവൈത്തിലെ കോവിഡ് മരണ സംഖ്യ പത്തൊമ്പതായി.  59 വയസ്സുള്ള ഇന്ത്യക്കാരൻ, 64 കാരനായ ബംഗ്ലാദേശി, 45കാരനായ ഈജിപ്ത് പൗരൻ,   74കാരനായ കുവൈത്തി എന്നിവരാണ് മരിച്ചത്. കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ച ഇന്ത്യക്കാരുടെ  എണ്ണം  ഇതോടെ ആറായി.
278 പേർക്കാണ് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 2892 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 109 പേർ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1504 ആയി.
പുതിയ രോഗികളിൽ ഇന്ത്യക്കാർ ഉൾപ്പെടെ 252 പേർക്കു നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. വിവിധ രാജ്യക്കാരായ  13 പേർക്ക് രോഗം ബാധിച്ചത് എങ്ങിനെയെന്ന് വ്യക്തമായിട്ടില്ല. ബ്രിട്ടൻ , ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നും മടങ്ങിയെത്തിയ 13 കുവൈത്തികൾക്കും ഇന്ന് പുതുതായി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ചികിത്സയിലുണ്ടായിരുന്നവരിൽ 43 പേർ കൂടി രോഗമുക്തി നേടി. ഇതോടെ അസുഖം ഭേദമായവരുടെ എണ്ണം  656 ആയി. നിലവിൽ 2217 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 58 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 33 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം  അറിയിച്ചു

സൗദിയില്‍ പുതിയ 
1197 രോഗികൾ 

സൗദിയില്‍ കോവിഡ് ബാധിച്ച് 9 പേര്‍ കൂടി മരിച്ചു. മക്കയിലും ജിദ്ദയിലുമാണ് മരണങ്ങള്‍. ഇതോടെ ആകെ മരണ സംഖ്യ 136 ആയി. 1197 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 16299 ആയി. 13948 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 115 പേര്‍ ഗുരുതരാവസ്ഥയിലാണ്. 166 പേര്‍ക്ക് കൂടി രോഗമുക്തി ലഭിച്ചു. 2215 ആണ് ആകെ രോഗമുക്തി നേടിയവര്‍. ഇന്ന് അസുഖം സ്ഥിരീകരിച്ചവരില്‍ 76 ശതമാനവും വിദേശികളാണ്.

മക്കയില്‍ 364, ജിദ്ദയില്‍ 271, റിയാദ് 170, മദീന 120, ഖോബാര്‍ 45, ദമ്മാം 43, ഹുഫൂഫ് 34, ജുബൈല്‍ 26 എന്നിങ്ങിനെയാണ് ഇന്ന് സ്ഥിരീകരിച്ചത്. 


Post a Comment

Previous Post Next Post