ഇറാൻ-അമേരിക്ക സംഘർഷം; ഗള്‍ഫ് മേഖലയിലെ വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം

(www.kl14onlinenews.com) (09-Jan-2020)

ഇറാൻ-അമേരിക്ക സംഘർഷം;
ഗള്‍ഫ് മേഖലയിലെ വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം

ദമാം:
ബഗ്ദാദില്‍ ഇറാന്‍ സൈനിക കമാന്‍ഡര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇറാന്‍ വ്യോമ പാതയിലൂടെ സര്‍വീസ് നടത്തുന്നതില്‍ നിന്ന് വിമാന കമ്പനികള്‍ പിന്മാറുന്നു. വിമാന കമ്പനികള്‍ സഞ്ചാര ദിശ മാറ്റിയതിലൂടെ പ്രതിദിനം 15,000 യാത്രക്കാര്‍ക്ക് ഇതുമൂലം അസൗകര്യമുണ്ടാകുമെന്നും വിമാനയാത്രയില്‍ ശരാശരി 30 മുതല്‍ 90 മിനുട്ട് സമയം വരെ വര്‍ധിക്കുമെന്നും ദുബൈ ആസ്ഥാനമായുള്ള ഏവിയേഷന്‍ കണ്‍സല്‍ട്ടന്റ്‌ മാര്‍ക്ക് മാര്‍ട്ടിന്‍ പറഞ്ഞു. പുതിയ സഞ്ചാര ദിശാമാറ്റം വ്യോമയാന വ്യവസായത്തിന്റെ അടിത്തറയെ തന്നെ സാരമായി ബാധിക്കും. നിലവില്‍ ഇറാന്‍-ഇറാഖ് വ്യോമാതിര്‍ത്തിയിലൂടെ ദിനംപ്രതി 500 വാണിജ്യ വിമാനങ്ങളാണ് സഞ്ചരിക്കുന്നത്.

ഗള്‍ഫ് വ്യോമ പാത മേഖലയിലൂടെയുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കാന്‍ വിമാന കമ്പനികള്‍ക്ക് യു എസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
ആക്രമണത്തിനു ശേഷം എണ്ണവിലയും സ്വര്‍ണവിലയും കൂടി. ഇതിനിടെ 176 യാത്രക്കാരുള്ള യുക്രെയ്ൻ വിമാനം ഇറാനില്‍ തകര്‍ന്നുവീണത് കടുത്ത ആശങ്ക സൃഷ്ടിച്ചു. എന്നാല്‍ സാങ്കേതിക തകരാറാണ് അപകട കാരണമെന്ന് ഇറാനും യുക്രൈനും സ്ഥിരീകരിച്ചു.

ഇറാഖിലെ എര്‍ബിലിലും ഐനുല്‍ അസദിലും ആക്രണം നടന്നു എന്ന് സ്ഥിരീകരിച്ചതിനു പിന്നാലെ സംഘർഷസാധ്യത കണക്കിലെടുത്ത് വിമാനക്കമ്പനികളോട് ഗൾഫ് സർവീസുകൾ നിർത്തിവയ്ക്കാൻ യു.എസ് വ്യോമയാന അതോറിറ്റി അറിയിച്ചു. ഗള്‍ഫ് തീരത്തിലൂടെയുള്ള ജലഗതാഗതത്തിനും അമേരിക്ക നിയന്ത്രണം ഏര്‍പ്പെടുത്തി. ഇറാഖിലേക്കും ഇറാനിലേക്കുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ ഇന്ത്യയും വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. ഇറാഖിൽ താമസിക്കുന്ന ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്നും ഇറാഖിനുള്ളിലൂടെ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ബഗ്ദാദിലെ എംബസിയും ഇർബിലിലെ കോൺസുലേറ്റും പതിവുപോലെ പ്രവര്‍ത്തിക്കും.

തെഹ്റാനില്‍ യുക്രെയ്ന്റെ ബോയിങ് വിമാനം ടേക് ഓഫിനു തൊട്ടുപിന്നാലെ തകർന്നു വീണു. വിമാനത്തിലുണ്ടായിരുന്ന വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും മറ്റ് വിമാന ജീവനക്കാരും ഉൾപ്പെടെ 176 പേരും അപകടത്തിൽ മരിച്ചതായാണ് റിപ്പോര്‍ട്ട്. സാങ്കേതിക തകരാറാണ് വിമാനം തകരാൻ ഇടയാക്കിയതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇറാന്റെ ആക്രമണത്തിനു തൊട്ടുപിന്നാലെ ക്രൂഡ് ഓയിലിന് അന്താരാഷ്ട്ര വിപണിയില്‍ വിലവര്‍ധനയുണ്ടായി. ബാരലിന് 70 ഡോളറില്‍ കൂടുതലാണ് വില. സ്വര്‍ണത്തിനും വിലകൂടി. അതേ സമയം അമേരിക്ക വധിച്ച ഇറാന്‍ സൈനിക കമാന്‍ഡല്‍ ഖാസിം സുലൈമാനിയുടെ മൃതദേഹം ഇന്ന് ഖബറടക്കി, ഇന്നലെ സംസ്കാര ചടങ്ങുകള്‍ക്കിടെ തിക്കിലും തിരക്കിലുംപെട്ട് നിരവധിപേര്‍ മരിച്ചതിനെ തുര്‍ന്നാണ് ഇന്നത്തേക്ക് ഖബറടക്കം മാറ്റിവച്ചിരുന്നത്.

ഗൾഫ് മേഖലയിൽ യുദ്ധഭീതി കനക്കുന്നു
ആശങ്കയിൽ ഗൾഫ്

ഇറാഖിലെ യു.എസ് സൈനിക കേന്ദ്രങ്ങൾക്കു നേരെയുള്ള ഇറാന്റെ ആക്രമണം മറ്റൊരു ഗൾഫ് യുദ്ധം തുടങ്ങുന്നുവെന്ന ആശങ്ക ശക്തമാക്കിയിട്ടുണ്ട്. അമേരിക്കയുടെ ആക്രമണത്തിന് സൗകര്യം നൽകുന്ന രാജ്യങ്ങളെയും വെറുതെ വിടില്ലെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാഖിൽ നിന്ന് പൗരൻമാരെ ഒഴിപ്പിക്കാൻ വിവിധ രാജ്യങ്ങൾ നടപടി തുടങ്ങി.

കടുത്ത നടപടികൾക്ക് മുതിരരുതെന്നാണ് സൗദി അറേബ്യ ഉൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളും അമേരിക്കയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇറാനു പുറമെ വിവിധ രാജ്യങ്ങളിലെ തെഹ്റാൻ അനുകൂല മിലീഷ്യകൾ ഉയർത്തുന്ന ഭീഷണി യുദ്ധത്തിന്റെ ഗതിമാറ്റുമെന്ന ആശങ്കയുണ്ട്. യു.എസിന്റെ പശ്ചിമേഷ്യയിലെ പ്രധാന സൈനിക കേന്ദ്രങ്ങളിൽ ചിലത് ഗൾഫിലാണ്. ഏതാണ്ട് മുപ്പതിനായിരത്തിലേറെ യു.എസ് സൈനികരും ഇവിടെ മാത്രം തമ്പടിച്ചിട്ടുണ്ട്. കൂടുതൽ സൈനികരും സന്നാഹങ്ങളും വരാനിരിക്കുന്നു.

യുദ്ധസാഹചര്യം രൂപപ്പെട്ടതോടെ സൈനിക താവളങ്ങൾക്കും നയതന്ത്ര കേന്ദ്രങ്ങളുടെയും സുരക്ഷ വർധിപ്പിച്ചു. കൂടുതൽ മിസൈൽ പ്രതിരോധ സംവിധാനങ്ങളും വിന്യസിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് കേന്ദ്രീകരിച്ച് എണ്ണകപ്പലുകളുടെ സുരക്ഷയും ഉയർത്തി. ആഗോളവിപണിയിൽ എണ്ണവില ഉയരുകയും ഗൾഫ് ഓഹരി വിപണികളിൽ തകർച്ച തുടരുകയുമാണ്. യു.എസ് വിമാന കമ്പനികൾ സർവീസ് നിർത്തി വെച്ചത് ഗൾഫ് വിനോദ സഞ്ചാര മേഖലക്കും തിരിച്ചടിയായി. യാത്രക്കാരുടെ സുരക്ഷക്ക് ഉയർന്ന പരിഗണന നൽകുന്നതിനാൽ ഗൾഫ് വിമാന കമ്പനികളും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്.

അതിനിടെ, എല്ലാ പൗരൻമാരെയും അടിയന്തരമായി ഇറാഖിൽ നിന്ന് ഒഴിപ്പിക്കാൻ ഫിലിപ്പീൻസ് തീരുമാനിച്ചു. മറ്റു രാജ്യങ്ങളും സമാന നിലപാട് സ്വീകരിച്ചേക്കും. ഇറാഖിലെ ഇന്ത്യക്കാർ ജാഗ്രത പുലർത്തണമെന്ന് ആവശ്യപ്പെട്ട ഇന്ത്യ, അത്യാവശ്യമല്ലാത്ത യാത്ര മാറ്റിവെക്കണമെന്നും നിർദേശിച്ചു. പ്രതിസന്ധി പരിഹരിക്കാൻ ലോകരാജ്യങ്ങൾ ഇടപെടണമെന്ന് ജപ്പാനും ആസ്ട്രേലിയയും ആവശ്യപ്പെട്ടു. സംഘർഷം രൂക്ഷമായതോടെ പെന്റഗൺ, വൈറ്റ്ഹൗസ് അധികൃതർ സൗദി ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളുമായി തിരക്കിട്ട ആശയവിനിമയം തുടരുകയാണ്.

Post a Comment

Previous Post Next Post