ലീഗുമായി ചർച്ചകൾ അനുകൂലം, പിണറായിയുടെ ആവശ്യത്തിന് കേന്ദ്രസർക്കാർ കൂട്ടുനിൽക്കുന്നു; പി വി അൻവർ

(www.kl14onlinenews.com)
(25-APR-2025)

ലീഗുമായി ചർച്ചകൾ അനുകൂലം, പിണറായിയുടെ ആവശ്യത്തിന് കേന്ദ്രസർക്കാർ കൂട്ടുനിൽക്കുന്നു; പി വി അൻവർ

മലപ്പുറം: മുസ്ലിം ലീഗുമായി താൻ നടത്തിയ ചർച്ചകൾ അനുകൂലമെന്ന് പി വി അൻവർ. യുഡിഎഫിലെ രണ്ടാം കക്ഷി എന്ന നിലയ്ക്കാണ് ലീഗ് നേതാക്കളെ കണ്ടത് എന്നും മറ്റ് ഘടകകക്ഷികളെയും കാണാൻ ശ്രമിക്കുന്നുണ്ട് എന്നും പി വി അൻവർ പറഞ്ഞു. പാണക്കാട്ടെത്തി ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു അൻവറിന്റെ പ്രതികരണം.


നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകുമോ എന്ന സംശയവും അൻവർ പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻഉപതിരഞ്ഞെടുപ്പിൽ നിന്ന് പിന്നോട്ട് പോകുകയാണ്. പിണറായിയുടെ ആവശ്യം ആണ് ഈ തിരഞ്ഞെടുപ്പ് നടത്താതിരിക്കുക എന്നത്. അതിന് കേന്ദ്ര സർക്കാരും കൂട്ടുനിൽക്കുകയാണ്. തിരഞ്ഞെടുപ്പ് നടത്താതിരിക്കാൻ പിണറായിയും ബിജെപിയും ചേർന്ന് ശ്രമിക്കുന്നുവെന്നും ഈ ആഴ്ച കൂടി വിജ്ഞാപനം വന്നില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും അൻവർ പറഞ്ഞു.

ഏപ്രിൽ 23ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പി വി അൻവറുമായി മുന്നണി പ്രവേശന ചർച്ചകൾ നടത്തിയിരുന്നു. രമേശ് ചെന്നിത്തല, കെ സുധാകരൻ എന്നിവരും കൂടിക്കാഴ്ചയിൽ ഉണ്ടായിരുന്നു. കോൺഗ്രസ് എല്ലാ രീതിയിലും അൻവറിന്റെ മുന്നണിപ്രവേശനത്തെ പിന്തുണയ്ക്കുന്നുവെന്ന സൂചന നൽകിയ സതീശൻ മുന്നണിയിലെ ഘടകകക്ഷികളുമായി ആലോചിച്ച് കൂടി അന്തിമതീരുമാനം എടുക്കുമെന്നാണ് അറിയിച്ചത്.

അൻവറിന്റെ യുഡിഎഫ് പ്രവേശനമോഹത്തിന് കോൺഗ്രസ് ഹൈക്കമാൻഡ് നേരത്തെ പച്ചക്കൊടി കാണിച്ചിരുന്നു. കേരളത്തിൽ തൃണമൂൽ കോൺഗ്രസിനെ മുന്നണിയിൽ ഉൾപ്പെടുത്തുന്നതിന് തടസ്സമില്ലെന്ന ഹൈക്കമാൻ്റ് നിലപാട് കേരള നേതൃത്വത്തെ അറിയിച്ചിരുന്നു.

ബംഗാളിൽ തൃണമൂലിനെതിരെ അരയും തലയും മുറുക്കി കോൺഗ്രസ് രംഗത്തുള്ളപ്പോഴാണ് കേരളവുമായി ബന്ധപ്പെട്ട് മറിച്ചൊരു തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡ് എടുത്തിരിക്കുന്നത്. പ്രാദേശിക സഖ്യങ്ങൾക്ക് ദേശീയ നിലപാട് ബാധകമല്ല എന്നായിരുന്നു ഈ വിഷയത്തിൽ കോൺഗ്രസ് ഹൈക്കമാന്റിന്റെ നിലപാട്. മതേതര പാർട്ടികളെ ചേർത്ത് നിർത്തുന്നതിൽ തെറ്റില്ലെന്നും ഹൈക്കമാൻഡ് വിലയിരുത്തിയിരുന്നു.

Post a Comment

Previous Post Next Post