കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാരുടെ 24 മണിക്കൂർ പണിമുടക്ക് തുടങ്ങി

(www.kl14onlinenews.com)
(04-Feb-2025)

കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാരുടെ 24 മണിക്കൂർ പണിമുടക്ക് തുടങ്ങി
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി. ഇന്നു രാത്രി 12 വരെയാണ് പണിമുടക്ക്. ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഐഎന്‍ടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (ടിഡിഎഫ്) ആണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യുക, 31% ഡിഎ കുടിശിക അനുവദിക്കുക, ദേശസാൽകൃത റൂട്ടുകളുടെ സ്വകാര്യവത്ക്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ മുന്നോട്ടുവച്ചിട്ടുള്ളത്. എല്ലാ മാസവും അഞ്ചിന് മുന്‍പ് നല്‍കുമെന്ന് മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും ശമ്പളം നല്‍കുന്നത് മാസം പകുതിയോടെയാണെന്ന് ടിഡിഎഫ് നേതൃത്വം ആരോപിച്ചു. ഇതാണ് സമരത്തിന്റെ പ്രധാന കാരണമെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം, പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്നോം പ്രഖ്യാപിച്ചു. പണിമുടക്കിനെ കര്‍ശനമായി നേരിടാനാണു മാനേജ്‌മെന്റിന് സര്‍ക്കാര്‍ നൽകിയിട്ടുള്ള നിര്‍ദേശം. പണിമുടക്ക് ദിവസം ഓഫിസര്‍മാര്‍ ജോലിയിലുണ്ടാകണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.  സിവില്‍ സര്‍ജന്റെ റാങ്കില്‍ കുറയാത്ത മെഡിക്കല്‍ ഓഫിസര്‍ നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ അല്ലാതെ അവധി അനുവദിക്കരുതെന്നും നിർദേശമുണ്ട്

Post a Comment

Previous Post Next Post