(www.kl14onlinenews.com)
(23-Feb-2025)
ദുബായ് :
ചെയ്സിങ് കിങ് താൻ തന്നെയെന്ന് വിരാട് കോഹ്ലി ഒരിക്കൽ കൂടി പ്രഖ്യാപിച്ച രാത്രിയിൽ പാക്കിസ്ഥാനെ ചാംപ്യൻസ് ട്രോഫിയിൽ തോൽപ്പിച്ച് ഇന്ത്യ. ടോസ് നേടി പാക്കിസ്ഥാൻ മുൻപിൽ വെച്ച 242 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യ 45 പന്തുകൾ ശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ വിജയ ലക്ഷ്യം മറികടന്നു.
51ാം ഏകദിന സെഞ്ചുറിയിലേക്ക് ബാറ്റ് വീശിയാണ് പാക്കിസ്ഥാന് എതിരെ കോഹ്ലി വിജയ റൺസ് കുറിച്ചത്. 111 പന്തിൽ നിന്ന് ഏഴ് ഫോറോടെയാണ് കോഹ്ലി 100 തികച്ചത്.
ചാംപ്യൻസ് ട്രോഫിയിൽ പാക്കിസ്ഥാൻ മുൻപിൽ വെച്ച 242 റൺസ് വിജയ ലക്ഷ്യം മുൻപിൽ വെച്ച് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ പ്രഹരമേൽപ്പിച്ച് പാക്കിസ്ഥാൻ പേസർ ഷഹീൻ. പോസിറ്റീവ് ടച്ചോടെ കളിച്ചിരുന്ന ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെ ഷഹീൻ ക്ലീൻ ബൗൾഡാക്കി. ന്യൂബോളിൽ പന്ത് സ്വിങ് ചെയ്യിക്കാൻ സാധിക്കും എന്ന മുൻതൂക്കം മുതലെടുത്താണ് പാക്കിസ്ഥാൻ പേസർമാർ ആദ്യ ഓവറുകൾ എറിഞ്ഞത്.
15 പന്തിൽ നിന്ന് മൂന്ന് ഫോറും ഒരു സിക്സും പറത്തി 20 റൺസ് എടുത്ത് നിൽക്കെ ഷഹീന്റെ ഇൻസ്വിങ്ങിങ് യോർക്കറിലാണ് രോഹിത് വീണത്. ഇതോടെ ഇന്ത്യ 31-1ലേക്ക് വീണു. ഗില്ലിനൊപ്പം നിന്ന് ഇന്നിങ്സ് പടുത്തുയർത്താൻ കോഹ്ലിക്ക് സാധിച്ചു. എന്നാൽ അർഹിച്ച അർധ ശതകത്തിന് അരികെ ഗിൽ വീണു.
നിർണായക മത്സരത്തിൽ 49.2 ഓവറിൽ 241 റൺസിന് പാക്കിസ്ഥാൻ ഓൾഔട്ടായി. സൗദ് ഷക്കീലിന്റേയും മുഹമ്മദ് റിസ്വാന്റേയും സെഞ്ചുറി കൂട്ടുകെട്ടാണ് പാക്കിസ്ഥാൻ സ്കോർ 241ലേക്ക് എത്തിച്ചത്.
പവർപ്ലേയിൽ ഓപ്പണർമാരെ നഷ്ടമായി എങ്കിലും ക്യാപ്റ്റൻ മുഹമ്മദ് റിസ്വാനും സൗദ് ഷക്കീലും ചേർന്ന് സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി പാക്കിസ്ഥാനെ കരകയറ്റി. 76 പന്തിൽ നിന്ന് 62 റൺസ് നേടിയ സൗദ് ഷക്കീൽ ആണ് പാക്കിസ്ഥാന്റെ ടോപ് സ്കോറർ. അഞ്ച് ഫോറുകളാണ് സൗദിന്റെ ബാറ്റിൽ നിന്ന് വന്നത്. മുഹമ്മദ് റിസ്വാൻ 46 റൺസ് എടുത്തത് 77 പന്തിൽ നിന്നും. വെറും 59 ആണ് റിസ്വാന്റെ സ്ട്രൈക്ക്റേറ്റ്.
പാക്കിസ്ഥാനും ഇന്ത്യയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ തോൽവി എന്നത് ഇരു രാജ്യങ്ങളിലേയും ആരാധകർക്ക് ചിന്തിക്കാൻ കൂടിയാവില്ല. ഇത്തവണ പാക്കിസ്ഥാൻ ആരാധകർ നിരാശയോടെ മുഖം താഴ്ത്തേണ്ടി വരുന്നു. ഫോറടിച്ച് തന്റെ 51ാം സെഞ്ചുറിയും തികച്ച് ഇന്ത്യക്കായി വിജയ റണ്ണും നേടി ലോക ക്രിക്കറ്റിലെ ചെയ്സിങ് കിങ് നിറഞ്ഞാടിയപ്പോൾ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. പാക്കിസ്ഥാൻ മുൻപിൽ വെച്ച് 242 റൺസ് ഇന്ത്യ 45 പന്തുകൾ ശേഷിക്കെ മറികടന്നു.
ഇന്ത്യയോടും ന്യൂസിലൻഡിനോടും ഏറ്റ തോൽവിയോടെ 29 വർഷത്തിന് ശേഷം ആതിഥേയത്വം വഹിക്കുന്ന ഐസിസി ടൂർൺമെ്റിൽ സെമി ഫൈനലിൽ എത്താനാവാതെ കാഴ്ച്ചകാരന്റെ റോളിലേക്ക് പാക്കിസ്ഥാന് നിൽക്കേണ്ടി വരുന്നു.
പാക്കിസ്ഥാന് എതിരായ മത്സരത്തിന് മുൻപ് മറ്റ് ടീം അംഗങ്ങൾ പരിശീലനത്തിന് എത്തുന്നതിനും രണ്ട് മണിക്കൂറോളം മുൻപാണ് കോഹ്ലി നെറ്റ്സിൽ പരിശീലനം ആരംഭിച്ചത്. അത് വെറുതെയായില്ല. പാക്കിസ്ഥാന് എതിരായ അഭിമാന പോരാട്ടത്തിൽ കോഹ്ലി ഇന്ത്യയെ മുൻപിൽ നിന്ന് നയിച്ചു. കളിയിലെ താരമായി തിരഞ്ഞെടുത്തതിന് ശേഷം കോഹ്ലിയുടെ വാക്കുകൾ ഇങ്ങനെ, "സെമി യോഗ്യത ഉറപ്പാക്കാൻ പാകത്തിൽ ഇങ്ങനെ ബാറ്റ് ചെയ്യാനായത് ഏറെ സന്തോഷിപ്പിക്കുന്നതായി കോഹ്ലി പറഞ്ഞു. രോഹിത്തിനെ തുടക്കത്തിലെ നഷ്ടമായി. കഴിഞ്ഞ മത്സരത്തിൽ എവിടെയാണോ പിഴച്ചത് അതിൽ നിന്ന് ഞങ്ങൾ പാഠം പഠിച്ചിരുന്നു," കോഹ്ലി പറഞ്ഞു.
മധ്യഓവറുകളിൽ സ്കോർ ചെയ്യുകയായിരുന്നു എന്റെ ദൗത്യം. റിസ്ക് എടുക്കാതെ സ്പിന്നർമാരെ നേരിടണമായിുന്നു. അവസാനമായപ്പോൾ ശ്രേയസ് സ്കോറിങ്ങിന്റെ വേഗം കൂട്ടി. എനിക്കും ബൗണ്ടറി കണ്ടെത്താനായി. എന്റെ തനത് ശൈലിയിൽ ഏകദിന മത്സരം കളിക്കാനായതായും കോഹ്ലി പറഞ്ഞു
രോഹിത്തിനെ വീഴ്ത്തിയ ഇൻസ്വിങ്ങിങ് യോർക്കർ
31 റൺസിൽ നിൽക്കെയാണ് ഇന്ത്യയുടെ ഓപ്പണിങ് സഖ്യത്തെ പാക്കിസ്ഥാൻ തകർക്കുന്നത്. രോഹിത്തിനെ ഇൻസ്വിങ്ങിങ് യോർക്കറിലൂടെ ഷഹീൻ ക്ലീൻ ബൗൾഡാക്കി. എന്നാൽ ഗില്ലും കോഹ്ലിയും ചേർന്ന് 69 റൺസിന്റെ കൂട്ടുകെട്ട് ഉയർത്തി. ആവശ്യമായ റൺറേറ്റ് ഉയർന്ന് പോകുന്നില്ലെന്ന് ഇരുവരും ഉറപ്പാക്കി.
27 റൺസിൽ നിൽക്കെ ശ്രേയസിന് പുതുജീവൻ
ഗിൽ മടങ്ങിയതിന് പിന്നാലെ ശ്രേയസിനെ കൂട്ടുപിടിച് കോഹ്ലി സ്കോറിങ് മുൻപോട്ട് കൊണ്ടുപോയി. പതിയെയാണ് പാക്കിസ്ഥാന് എതിരെ ശ്രേയസ് സ്കോർ കണ്ടെത്തി തുടങ്ങിയത്. എന്നാൽ ഇന്നിങ്സ് മുൻപോട്ട് പോകുംതോറും സ്കോറിങ്ങിന്റെ വേഗം കൂട്ടി. ഒടുവിൽ 67 പന്തിൽ നിന്ന് 56 റൺസ് എടുത്താണ് ശ്രേയസ് മടങ്ങിയത്. അഞ്ച് ഫോറും ഒരു സിക്സും ശ്രേയസിന്റെ ബാറ്റിൽ നിന്ന് വന്നു. 114 റൺസ് ആണ് ശ്രേയസും കോഹ്ലിയും ചേർന്ന് കണ്ടെത്തിയത്. തന്റെ 21ാം അർധ ശതകത്തിലേക്കാണ് ശ്രേയസ് എത്തിയത്
ശ്രേയസ് മടങ്ങിയതിന് പിന്നാലെ തൊട്ടടുത്ത ഓവറിൽ ഹർദിക് പാണ്ഡ്യയെ ഷഹീൻ അഫ്രീദി മുഹമ്മദ് റിസ്വാന്റെ കൈകളിൽ എത്തിച്ചു. ആറ് പന്തിൽ എട്ട് റൺസ് മാത്രമാണ് ഹർദിക് എടുത്തത്. അപ്പോഴും വിരാട് കോഹ്ലി പതറാതെ നിന്നും. വിരാട് കോഹ്ലിയുടെ സ്കോർ 90ൽ നിൽക്കെ ഇന്ത്യക്ക് ജയിക്കാൻ 10 റൺസ് കൂടി മതി എന്ന നിലയിലയിരുന്നു. ഇതോടെ കോഹ്ലിക്ക് സെഞ്ചുറിയിലേക്ക് എത്താനാവുമോ എന്ന ആകാംക്ഷ ഉയർന്നിരുന്നു. ഈ സമയം ഡ്രസ്സിങ് റൂമിലിരുന്ന് സിക്സ് അടിച്ച് ഫിനിഷ് ചെയ്യാൻ രോഹിത് കോഹ്ലിയോട് പറയുന്നുണ്ടായിരുന്നു. ഫോറടിച്ച് കോഹ്ലി വിജയ റണ്ണും തന്റെ സെഞ്ചുറിയും പൂർത്തിയാക്കി വിമർശകരുടെ വായടപ്പിച്ചു.
Post a Comment