വധശിക്ഷ റദ്ദാക്കണം: അമീറുല്ലിന്റെ അപ്പീൽ സുപ്രീം കോടതിയിൽ

(www.kl14onlinenews.com)
(19-Feb-2025)

വധശിക്ഷ റദ്ദാക്കണം: അമീറുല്ലിന്റെ അപ്പീൽ സുപ്രീം കോടതിയിൽ

പെരുമ്പാവൂർ ജിഷ വധക്കേസിലെ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഏക പ്രതി അമീറുൽ ഇസ്ലാം നൽകിയ അപ്പീൽ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വിചാരണ കോടതി നൽകിയ വധശിക്ഷ ശരിവെച്ച ഹൈക്കോടതി വിധി റദ്ദാക്കണമെന്നാണ് അപ്പീലിലെ ആവശ്യം. ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത, മൻമോഹൻ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അമീറുൽ ഇസ്ലാമിന്റെ മാനസിക നിലയിൽ പ്രശ്‌നങ്ങളില്ലെന്നാണ് മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ട്. ജയിലിൽ അമീറുൽ ഇസ്ലാമിന്റെ പെരുമാറ്റത്തിലും പ്രശ്നങ്ങളില്ലെന്നാണ് വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് നൽകിയ റിപ്പോർട്ട്. തൃശൂർ മെഡിക്കൽ കോളേജിലെ മെഡിക്കൽ ബോർഡ് തയ്യാറാക്കിയ പരിശോധന റിപ്പോർട്ട് കഴിഞ്ഞ തവണ സംസ്ഥാന സർക്കാർ സുപ്രീംകോടതിക്ക് കൈമാറിയിരുന്നു. 

കുറ്റകൃത്യം അപൂർവങ്ങളിൽ അത്യപൂർവമാണെന്ന് വിലയിരുത്തി വധശിക്ഷ ശരിവച്ച ഹൈക്കോടതി നടപടി ചോദ്യം ചെയ്താണ് പ്രതി സുപ്രീം കോടതിയെ സമീപിച്ചത്. 2016 ഏപ്രിൽ 28നാണ് പെരുമ്പാവൂരിൽ നിയമ വിദ്യാർഥിനി കൊല്ലപ്പെട്ടത്. ഡിഎൻഎ സാംപിളുകൾ ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ പരിശോധിച്ച ശേഷമായിരുന്നു വധശിക്ഷ ശരിവച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ്. യാതൊരു പ്രകോപനവുമില്ലാതെ യുവതിയെ പീഡിപ്പിച്ചശേഷം അതിക്രൂരമായരീതിയിൽ കൊലപ്പെടുത്തിയ പ്രതി വധശിക്ഷയ്ക്ക് അർഹനാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

Post a Comment

Previous Post Next Post