മുകേഷ് എംഎൽഎ ആയി തുടരും; കോടതി തീരുമാനംവരട്ടെയെന്ന് എം വി ഗോവിന്ദൻ

(www.kl14onlinenews.com)
(02-Feb-2025)

മുകേഷ് എംഎൽഎ ആയി തുടരും; കോടതി തീരുമാനംവരട്ടെയെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം :
ലൈംഗിക പീഡനപരാതിയില്‍ നടനും ഭരണകക്ഷി എം.എല്‍.എയുമായ മുകേഷിനെതിരേ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും, മുകേഷ് എം.എല്‍.എ. സ്ഥാനത്ത് തുടരുമെന്ന നിലപാട് സ്വീകരിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. മുകേഷിനെതിരായ കേസില്‍ കോടതി തീരുമാനം വരുന്നത് വരെ അദ്ദേഹം എം.എല്‍.എ. സ്ഥാനത്ത് തുടരുമെന്നും എം.വി.ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ലൈംഗിക പീഡനപരാതിയില്‍ നടനും എം.എല്‍.എയുമായി മുകേഷിനെതിരെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. ആലുവ സ്വദേശിയായ നടി ആരോപിച്ച കുറ്റം തെളിഞ്ഞതായി കുറ്റപത്രത്തിൽ പറയുന്നു. എംഎൽഎക്കെതിരെ ഡിജിറ്റൽ തെളിവുകളുണ്ട്. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. 

മുകേഷിനെതിരെയുള്ള ഡിജിറ്റല്‍ തെളിവുകളിൽ വാട്ട്സ് ആപ്പ് ചാറ്റുകളുണ്ടെന്നും ഇമെയിൽ സന്ദേശങ്ങളുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. കൂടാതെ സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചിട്ടുണ്ട്. താരസംഘടന ആയിരുന്ന അമ്മയുടെ അംഗത്വം വാഗ്ദാനം ചെയ്താണ് നടന്‍ മുകേഷ്  പല സ്ഥലങ്ങളിൽ വെച്ച് നടിയെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് കേസ്. ലൈംഗികാതിക്രമ വകുപ്പ് കൂടി ചേര്‍ത്താണ് മുകേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. നടിയുടെ രഹസ്യമൊഴിയടക്കം രേഖപ്പെടുത്തിയിട്ടുണ്ട്. കേസില്‍ മുകേഷിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

ആലുവ സ്വദേശിയായ നടി 2024 ഓഗസ്റ്റ് 29-നാണ് മുകേഷിനെതിരെ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് 30-ന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തും അമ്മയില്‍ അംഗത്വം നല്‍കാമെന്ന് ഉറപ്പുനല്‍കിയും തന്നെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു എന്നാണ് മുകേഷ് എം.എല്‍.എയ്‌ക്കെതിരായി നല്‍കിയ പരാതി. 2010-ലാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്.

സംഭവത്തിന്റെ കാലപ്പഴക്കം കേസില്‍ വെല്ലുവിളിയാകുമെന്ന വിലയിരുത്തലുകള്‍ ഉണ്ടായിരുന്നുവെങ്കിലും ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിക്കാന്‍ പോലീസിന് സാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇ-മെയില്‍ സന്ദേശങ്ങളും വാട്‌സ്ആപ്പ് ചാറ്റുകളും പരാതിക്കാരുമായി മുകേഷ് ഒരുമിച്ച് യാത്ര ചെയ്തതിന്റെ സാഹചര്യ തെളിവുകളും ഇവരെ ഒരുമിച്ചുകണ്ട സാക്ഷികളുടെ മൊഴികളും ഉള്‍പ്പെടെയുള്ള തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്.

Post a Comment

Previous Post Next Post