(www.kl14onlinenews.com)
(01-Feb-2025)
കൊച്ചി: ബീഹാറിന് ബിഗ് ബജറ്റ് പ്രഖ്യാപനങ്ങൾ ഇത്തവണയും നൽകിയപ്പോഴും കേരളത്തിന് ബജറ്റിൽ അവഗണന മാത്രം. കേരളം കേന്ദ്ര ബജറ്റിൽ 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ എട്ടാമത്തെ ബജറ്റ് പ്രഖ്യാപനം നടത്തി ചരിത്രം കുറിച്ച ധനമന്ത്രി നിർമല സീതാരാമൻ കേരളത്തിന് പേരിനുപോലുമൊരു പദ്ധതി അനുവദിച്ചില്ല എന്ന് മാത്രമല്ല സംസ്ഥാനത്തെ കുറിച്ച് ഒരക്ഷരം മിണ്ടാൻ പോലും കൂട്ടാക്കിയില്ല.
വയനാടിനും പ്രഖ്യാപനങ്ങളില്ല
വയനാടിന് 2,000 കോടിയുടെ പാക്കേജും രാജ്യത്തിന്റെ അഭിമാന പദ്ധതി എന്ന നിലയിൽ വിഴിഞ്ഞം തുറമുഖത്തിന് 5,000 കോടിയും ചോദിച്ചിരുന്നു. വായ്പ പരിധി പ്രവാസി സംരക്ഷണ പദ്ധതികൾക്കായി 300 കോടിയും റബർ താങ്ങുവില 250 രൂപയായി നിലനിർത്തുന്നതിന് 1,000 കോടിയും ചോദിച്ചിരുന്നെങ്കിലും ബജറ്റിൽ കേരളത്തിനായി യാതൊരു പ്രഖ്യാപനവും ഇല്ല.
കേരളം കാത്തിരുന്ന എയിംസും ധനമന്ത്രി പരാമർശിച്ചതേയില്ല. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ആവശ്യപ്പെട്ട 24,000 കോടിയുടെ പ്രത്യേക പാക്കേജും കിട്ടിയില്ല. സിൽവർലൈൻ പദ്ധതിയിലും കേരളത്തിന് ഇത്തവണത്തെ ബജറ്റിലും നിരാശ തന്നെയാണ്. രാജ്യത്തെയാകെ നടുക്കിയ മുണ്ടക്കൈ- ചൂരൽമല ദുരന്തത്തിന് ശേഷം ആ പ്രദേശത്തിന്റെ പുനർനിർമാണത്തിനായി പ്രത്യേക പാക്കേജുകളൊന്നും പരാമർശിക്കാത്തതാണ് മുൻവർഷങ്ങളെ അപേക്ഷിച്ച് കേരളത്തിന് ഏറ്റവുമധികം നിരാശയുണ്ടാക്കുന്നത്
Post a Comment