(www.kl14onlinenews.com)
(16-Feb-2025)
തൃശൂരിലെ ബാങ്ക് കൊള്ള; ചാലക്കുടി സ്വദേശി പിടിയില്‍, ബാങ്കിലെ ബാധ്യത വീട്ടാനെന്ന് പ്രതി, 10 ലക്ഷം കണ്ടെത്തി
ചാലക്കുടി ബാങ്ക് കവര്‍ച്ച പ്രതി പിടിയില്‍. ചാലക്കുടി സ്വദേശി തന്നെയാണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും 10 ലക്ഷം രൂപ കണ്ടെത്തിയെന്നാണ് പൊലീസ് നല്‍കുന്ന സൂചന. പിടിയിലായത് ചാലക്കുടി സ്വദേശി റിജോ ആന്റണി.
റോഡില്‍ സ്ഥാപിച്ച സി സി ടി വി വെട്ടിച്ചു കടക്കാന്‍ പ്രതി നടത്തിയ ശ്രമങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ചാലക്കുടി സ്വദേശി തന്നെയാണ് പ്രതിയെന്ന നിഗമനത്തിൽ എത്തിയത്. കടം വീട്ടാനാണ് ബാങ്ക് കൊള്ള നടത്തിയതെന്നു പ്രതി പൊലീസിനോടു പറഞ്ഞതായി റിപ്പോർട്ട്
വീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. കവർച്ച നടന്ന് മൂന്നാം ദിവസമാണ് പ്രതി പിടിയിലാകുന്നത്. ചാലക്കുടി പോട്ടയിലെ ഫെഡറൽ ബാങ്ക് കൊള്ളയടിച്ച് 15 ലക്ഷം രൂപയാണ് പ്രതി കവർന്നത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ബാങ്കിൽ മോഷണം നടന്നത്. സ്കൂട്ടറിൽ ഹെൽമെറ്റും ജാക്കറ്റും കയ്യുറകളും ധരിച്ചെത്തിയ മോഷ്ടാവ് കത്തികാട്ടി ജീവനക്കാരെ മുറിയിലിട്ട് പൂട്ടി കൗണ്ടറിന്റെ ചില്ല് തകർത്താണ് കവർച്ച നടത്തിയത്.
ജീവനക്കാരുടെ ഉച്ചഭക്ഷണത്തിന്റെ സമയത്തെത്തിയ മോഷ്ടാവിന്റെ ദൃശ്യങ്ങൾ ബാങ്കിന് അകത്തും പുറത്തുമുള്ള സിസിടിവി ക്യാമറകളിൽ പതിഞ്ഞങ്കിലും മുഖം മറച്ചിരുന്നതിനാൽ ആരാണെന്നതിൽ വ്യക്തതയുണ്ടായിരുന്നില്ല.
ഹെൽമെറ്റും ജാക്കറ്റ് ധരിച്ചാണ് മോഷ്ടാവ് ബാങ്കിൽ എത്തിയത്. ബാങ്കിൽ ഉണ്ടായിരുന്ന ജീവനക്കാരനെ ഭീഷണിപ്പെടുത്തി ബാത്ത്റൂമിൽ കയറ്റി അടച്ചശേഷം ക്യാഷ് കൗണ്ടർ അടിച്ചു തകർത്തതിന് പിന്നാലെയാണ് പണം കവർന്നത്. 45 ലക്ഷം രൂപയുടെ നോട്ടുകെട്ടുകൾ കൗണ്ടറിൽ ഉണ്ടായിരുന്നെങ്കിലും15 ലക്ഷം രൂപ വരുന്ന മൂന്ന് ബണ്ടിലുകൾ മാത്രമാണ് മോഷ്ടാവ് എടുത്തു കൊണ്ടുപോയത്. ബാങ്കിനെ കുറിച്ച് കൃത്യമായി അറിയാവുന്ന ആൾ തന്നെയാണ് മോഷണത്തിന് പിന്നിൽ എന്ന സൂചന ഇതോടെ പോലീസിന് ലഭിച്ചിരുന്നു
Post a Comment