(www.kl14onlinenews.com)
(31-jan-2025)
ഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കെ ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഏഴ് എംഎൽഎമാർ വെള്ളിയാഴ്ച രാജിവച്ചു.
രോഹിത് കുമാർ (ത്രിലോക്പുരി), നരേഷ് യാദവ് (മെഹ്റൗളി), രാജേഷ് ഋഷി (ജനക്പുരി), മദൻ ലാൽ (കസ്തൂർബ നഗർ), പവൻ ശർമ (ആദർശ് നഗർ), ഭാവ്‌ന ഗൗഡ് (പലാം), ഭൂപീന്ദർ സിങ് ജൂൺ (ബിജ്‌വാസൻ) എന്നിവരാണ് രാജിവച്ചത്.
പാർട്ടിയിൽ അഴിമതി വർദ്ധിച്ചുവരികയാണെന്നും, മൂല്യങ്ങളിൽ നിന്നും തത്വങ്ങളിൽ നിന്നും പാർട്ടിക്ക് വ്യതിചലനം ഉണ്ടായെന്നുമാണ് രാജിവച്ച എംഎൽഎമാരുടെ ആരോപണം. പാർട്ടിയിലും അരവിന്ദ് കേജ്‌രിവാളിലുമുള്ള വിശ്വാസം നഷ്ടമായെന്ന് പലാം മണ്ഡലത്തിൽനിന്നുള്ള എംഎൽഎയായ ഭാവ്ന ഗൗഡ് രാജിക്കത്തിൽ പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് രാജിയെന്നും സൂചനയുണ്ട്.
അതിനിടെ, യമുന നദിയിൽ ഹരിയാന സർക്കാർ വിഷം കലർത്തുകയാണെന്ന പ്രസ്താവനയിൽ മറുപടി നൽകാൻ പാർട്ടി കൺവീനർ അരവിന്ദ് കെജ്രിവാൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലെത്തിയിരുന്നു. ജനുവരി 26-27 തീയതികളിൽ അമോണിയയുടെ അളവ് 7 പിപിഎമ്മിൽ നിന്ന് 2.1 പിപിഎമ്മിലേക്ക് കുറയ്ക്കാൻ ആം ആദ്മി സർക്കാരിൻ്റെ ശ്രമങ്ങൾ കാരണമായെന്ന് കെജ്രിവാൾ പറഞ്ഞു. ബിജെപിയുടെ നേതൃത്വത്തിലുള്ള ഹരിയാന സർക്കാരിന് ഡൽഹിയിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ ആഗ്രഹമുണ്ടെന്ന്, അത് വ്യക്തമാണെന്നും, കെജ്‌രിവാൾ കുറ്റപ്പെടുത്തി
Post a Comment