നെന്മാറ ഇരട്ട കൊലക്കേസ്: 35 മണിക്കൂർ ഒളിവിൽ; ഒടുവിൽ കൊലയാളി ചെന്താമര പിടിയിൽ

(www.kl14onlinenews.com)
(27-jan-2025)

നെന്മാറ ഇരട്ട കൊലക്കേസ്: 35 മണിക്കൂർ ഒളിവിൽ; ഒടുവിൽ കൊലയാളി ചെന്താമര പിടിയിൽ

നെന്മാറ: പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമര പിടിയില്‍. പോത്തുണ്ടി മാട്ടായിയില്‍ നിന്നാണ് ചെന്താമര പിടിയിലായത്. വൈകുന്നേരം പോത്തുണ്ടി മാട്ടായിയില്‍ ചെന്താമരയെ കണ്ടതായി വിവരം ലഭിച്ചതിന് പിന്നാലെയാണ് പൊലീസും നാട്ടുകാരും പ്രദേശത്ത് ചെന്താമരയ്ക്കായി വ്യാപകമായ തിരച്ചിൽ ആരംഭിക്കുകയായിരുന്നു. ചെന്തമാര ഒളിച്ചിരിക്കാൻ സാധ്യതയുള്ള ഇടങ്ങളെല്ലാം അരിച്ചുപെറുക്കി പരിശോധിച്ചിരുന്നു. പിന്നാലെ പരിശോധന കഴിഞ്ഞ പൊലീസ് മടങ്ങും വഴിയാണ് ചെന്താമര പിടിയിലായത്. ചെന്താമരയുടെ വീടിനടുത്തുള്ള പാടത്ത് നിന്നാണ് പ്രതിയെ പിടികൂടിയതെന്ന് ആലത്തൂർ ഡിവൈഎസ്പി വ്യക്തമാക്കി. മെഡിക്കൽ പരിശോധന പൂർത്തിയാക്കിയതിന് ശേഷമാണ് ചെന്താമരയെ നെന്മാറ സ്റ്റേഷനിലേയ്ക്ക് എത്തിച്ചത്.

36 മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് പ്രതിപിടിയിലായത്. പ്രതിയെ നെന്മാറ പൊലീസ് സ്റ്റേഷനിലേയ്ക്ക് എത്തിച്ചു. ചെന്താമരയെ സ്റ്റേഷനിൽ എത്തിച്ചതിന് പിന്നാലെ ഇവിടെ തടിച്ച് കൂടിയ ജനക്കൂട്ടം രോഷപ്രകടനവുമായി രംഗത്ത് വന്നിട്ടുണ്ട്. ചെന്താമരയെ കൊണ്ടുവന്ന വാഹനം തടയാനും നാട്ടുകാർ ശ്രമിച്ചു. ഗേറ്റ് തകർത്ത് സ്റ്റേഷനിലേയ്ക്ക് അതിക്രമിച്ച് കയറാൻ തടിച്ച് കൂടിയ നാട്ടുകാർ ശ്രമിച്ചതിന് പിന്നാലെ പൊലീസ് ലാത്തി വീശിയതോടെ ജനങ്ങൾ ചിതറിയോടി. എന്നാൽ പിരിഞ്ഞ് പോകാൻ തയ്യാറാകാതെ ജനങ്ങൾ വീണ്ടും സ്റ്റേഷനിലേയ്ക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് പെപ്പർ സ്പ്രേ പ്രയോഗിക്കുകയായിരുന്നു. ഇതോടെ വീണ്ടും പിരിഞ്ഞു പോയ നാട്ടുകാർ വീണ്ടും സംഘടിച്ചെത്തിയിരിക്കുകയാണ്. ചെന്താമരയെ വിട്ടുതരണമെന്നാണ് നാട്ടുകാരുടെ ആവശ്യം

ചെന്താമരയെ പിടിച്ചത് സ്വന്തം വീടിന് സമീപത്തുനിന്ന്'; ഓടാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്ന് പൊലീസ്

നെന്മാറ: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ പൊലീസ് പിടികൂടിയത് സ്വന്തം വീടിന് സമീപത്തുനിന്ന്. വീടിന് തൊട്ടടുത്തുള്ള പാടത്തുനിന്നാണ് ചെന്താമരയെ പിടികൂടിയതെന്ന് ആലത്തൂർ ഡിവഐഎസ്പി വ്യക്തമാക്കി. ചെന്താമരയ്ക്ക് വിശപ്പ് സഹിക്കാന്‍ കഴിയില്ലെന്ന് അറിയാമായിരുന്നു. ഭക്ഷണം കഴിക്കാന്‍ ഇയാള്‍ വീട്ടിലേക്ക് വരുമെന്നും കണക്കുകൂട്ടി. ഇതിന്റെ അടിസ്ഥാനത്തില്‍ ചെന്താമരയുടെ വീടിന് സമീപം പൊലീസ് വലവിരിച്ചിരുന്നു. വീട്ടിലേക്ക് വരുന്നതിനിടെയാണ് ചെന്താമരയെ പിടികൂടിയത്. പ്രതി കീഴടങ്ങിയതല്ല. പ്രതിക്ക് ഓടാന്‍ കഴിയാത്ത അവസ്ഥയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ചെന്താമരയെ പിടിച്ച വാര്‍ത്തയറിഞ്ഞ് നിരവധി പേരാണ് നെന്മാറ പൊലീസ് സ്റ്റേഷന് മുന്നിലെത്തിയത്. പ്രതിയെ പൊലീസ് എത്തിച്ചതോടെ ജനങ്ങളും പൊലീസ് സ്റ്റേഷന്റെ ഗേറ്റിന് സമീപത്തേയ്ക്ക് പാഞ്ഞടുത്തു. ഇതോടെ പൊലീസ് ഗേറ്റ് അടയ്ക്കുകയും ജനങ്ങളെ പുറത്താക്കുകയും ചെയ്തു. ഗേറ്റിന് പുറത്ത് ജനരോഷം അലയടിക്കുകയാണ്. ചെന്താമരയെ തങ്ങളെ കാണിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ഇതിനിടെ പ്രതിയെ പൊലീസ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു.

Post a Comment

Previous Post Next Post