(www.kl14onlinenews.com)
(31-jan-2025)
ന്യൂയോർക്ക്: വാഷിങ്ടൺ ഡിസിയിൽ യുഎസ് ആർമി ബ്ലാക്ക്ഹോക്ക് ഹെലികോപ്റ്ററും പാസഞ്ചർ ജെറ്റും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് നിഗമനം. പോട്ടോമാക് നദിയിൽ നിന്ന് ഇതുവരെ 30 മൃതദേഹങ്ങൾ കണ്ടെടുത്തു. ''ഈ ഘട്ടത്തിൽ അതിജീവിച്ചവരുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല,'' വാഷിങ്ടൺ ഫയർ ചീഫ് ജോൺ ഡോണലി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അപകടത്തിന്റെ കാരണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും ഇപ്പോൾ നൽകാറായിട്ടില്ലെന്ന് ജോൺ ഡോണലി പറഞ്ഞു. കാൻസാസിൽ നിന്ന് വാഷിങ്ടൺ ഡിസിയിലേക്ക് വന്ന അമേരിക്കൻ എയർലൈൻസിന്റെ ഇഞഖ700 യാത്രാ വിമാനം റെയ്ഗൻ നാഷണൽ എയർപോർട്ടിൽ ഇറങ്ങാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെയാണ് ദുരന്തം സംഭവിച്ചത്.
വിമാനവും ഹെലികോപ്റ്ററും തണുത്തുറഞ്ഞ പോട്ടോമാക് നദിയിലാണ് പതിച്ചത്. നിമിഷങ്ങൾക്കകം തുടങ്ങിയ തെരച്ചിൽ ഇപ്പോഴും തുടരുന്നു. അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് 24 അടി ആഴമുള്ള നദിയിൽ തിരയുന്നത്. പോടോമാക് നദിയിലും സമീപപ്രദേശങ്ങളിലുമായി വലിയ രീതിയിലുള്ള തിരച്ചിലാണ് നടന്നുകൊണ്ടിരിക്കുന്നത്.
പൊട്ടോമാക് നദിയിൽ ഹെലികോപ്റ്ററിനെ തലകീഴായി കിടക്കുന്ന നിലയിലും യാത്ര വിമാനം തകർന്ന് വേർപെട്ട നിലയിലും കണ്ടെത്തിയെന്നാണ് വിവരം. വിവിധ സുരക്ഷാ ഏജൻസികളുടെ നേതൃത്വത്തിലാണ് തിരച്ചിൽ പുരോഗമിക്കുന്നത്.
2009 ന് ശേഷം രാജ്യത്തുണ്ടാകുന്ന വലിയ വിമാനാപകടമാണ് ഇത്. നാഷണൽ ട്രാൻസ്പോർട്ടേഷൻ ഏജൻസി അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ഞെട്ടിപ്പിക്കുന്ന അപകടമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചത്. 60 യാത്രക്കാരും നാല് ജീവനക്കാരും ഉണ്ടായിരുന്ന വിമാനത്തിലെ ആരെയും ഇതുവരെ ജീവനോടെ കണ്ടെത്താൻ സാധിച്ചിട്ടില്ല. അപകടത്തിൽപെട്ട വിമാനത്തിൽ യുഎസ് ഫിഗർ സ്‌കേറ്റിംഗിന്റെ അത്ലറ്റുകളും കോച്ചുകളും ഉണ്ടായിരുന്നതായി റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. 300 വിദഗ്ധർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. പൊട്ടോമാക് നദിയുടെ പല ഇടങ്ങളും കൊടും തണുപ്പിൽ തണുത്തുറഞ്ഞ നിലയിലാണെന്നാണ് വിവരം.
Post a Comment