(www.kl14onlinenews.com)
(29-jan-2025)
മഹാകുംഭമേളയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചത് 30 പേർ, അറുപതിലേറെ പേർക്ക് പരിക്ക്, ഔദ്യോഗിക സ്ഥിരീകരണം
പ്രയാഗ്‌രാജ്: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിച്ചതായി സ്ഥിരീകരണം. മരണപ്പെട്ടവരിൽ 25 പേരെ തിരിച്ചറിഞ്ഞതായി പൊലീസ് ഡിഐജി വൈഭവ് കൃഷ്ണ അറിയിച്ചു. 5 പേരെ ഇനിയും തിരച്ചറിയാനുണ്ടെന്നും 60 പേർക്ക് പരിക്കേറ്റതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിക്കേറ്റവർ പ്രാദേശിക മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ഭക്തരുടെ സൗകര്യാർത്ഥം '1920' എന്ന ഹെൽപ്പ് ലൈൻ നമ്പർ ആരംഭിച്ചതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അമൃത് സ്‌നാനത്തിനിടെ ബാരിക്കേഡ് തകർന്നാണ് അപകടമുണ്ടായത്. തിരക്കിനെ തുടർന്ന് സ്‌നാനം നിർത്തിവെച്ചിരുന്നു.
പെട്ടെന്നാണ് ആൾക്കൂട്ടം രൂപപ്പെട്ടതെന്ന് ദൃക്സാക്ഷിയായ ബസ്ദേവ് ശർമ്മ പറഞ്ഞു. 'ഞാൻ നദീ തീരത്തേക്ക് നടക്കുമ്പോൾ തിരക്ക് കൂടുന്നതായി തോന്നി. എനിക്ക് ശ്വാസം മുട്ടി. എല്ലാവർക്കും വീർപ്പുമുട്ടുന്നതായി തോന്നി. പെട്ടന്നു തന്നെ ഞാൻ താഴേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ആളുകൾ എന്റെ മുകളിലൂടെ നടന്നു നീങ്ങി. വീണു കിടന്നവരെ ചവിട്ടിമെതിച്ചാണ് ആളുകൾ നടന്നത്. എങ്ങനെയോ നിസ്സാര പരിക്കുകളോടെ ഞാൻ രക്ഷപെട്ടു.
പക്ഷെ 65 വയസ്സുള്ള അമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ആംബുലൻസിൽ അമ്മയെ ആശുപത്രിയിലെത്തിച്ചു. ഞങ്ങളുടെ കൈയ്യിലുണ്ടായിരുന്ന പണവും ഫോണും എല്ലാം നഷ്ടപ്പെട്ടു. ഇനി എങ്ങനെ വീട്ടിലേക്ക് തിരിച്ചു പോകുമെന്ന് അറിയില്ല,' ബസ്ദേവ് പറഞ്ഞു.
അതേസമയം, മരണപ്പെട്ടവരുടെ കുടുംബങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. പ്രദേശത്തെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
Post a Comment