രണ്ടര വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്നത് പ്രതിക്ക് സഹോദരിയോടുള്ള വഴിവിട്ട താല്പര്യങ്ങൾ നടക്കാത്തതിലുള്ള വൈരാഗ്യം മൂലമെന്ന് മൊഴി

(www.kl14onlinenews.com)
(31-jan-2025)

രണ്ടര വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്നത് പ്രതിക്ക് സഹോദരിയോടുള്ള വഴിവിട്ട താല്പര്യങ്ങൾ നടക്കാത്തതിലുള്ള വൈരാഗ്യം മൂലമെന്ന് മൊഴി

തിരുവനന്തപുരം ബാലരാമപുരത്ത്  രണ്ടര വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്നത് പ്രതിക്ക് സഹോദരിയോടുള്ള വഴിവിട്ട താല്പര്യങ്ങൾ നടക്കാത്തതിലുള്ള വൈരാഗ്യം മൂലമെന്ന് മൊഴി . അറസ്റ്റിലായ  ഹരികുമാർ സഹോദരിയും കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയുമായ ശ്രീതുവിനോട് വഴിവിട്ട ബന്ധങ്ങൾക്ക് ശ്രമിച്ചു എന്നാണ് പൊലീസ് കണ്ടെത്തൽ. ഇത് നടക്കാത്തതിന്റെ വൈരാഗ്യമാണ് കുഞ്ഞിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഹരികുമാർ പൊലീസിനുമൊഴി നൽകി.

പല പ്രശ്നങ്ങളിൽ നിന്നും ഹരികുമാറിനെ സംരക്ഷിച്ചത് കുഞ്ഞിൻറെ അമ്മ ശ്രീതുവായിരുന്നു. പിന്നീട് സഹോദരിയോട് ഇയാൾ വഴിവിട്ട താല്പര്യങ്ങൾ കാണിച്ചു തുടങ്ങി. ഹരികുമാറിനെ പ്രകോപിപ്പിക്കാതിരിക്കാൻ ശ്രീതു ശ്രമിച്ചു. കുട്ടി തന്റെ ആവശ്യങ്ങൾക്ക് തടസ്സമാണെന്ന് കണ്ടതോടെയാണ് കൊലപ്പെടുത്തിയത് എന്നാണ് പ്രതിയുടെ കുറ്റ സമ്മതം.ശ്രീതുവും ഹരികുമാറും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റ് അടക്കം ശേഖരിച്ചതിനെത്തുടർന്നുള്ള ചോദ്യം ചെയ്യലിനൊടുവിലായിരുന്നു പ്രതിയുടെ കുറ്റസമ്മതം.
എന്നാൽ ഇത് പൊലീസ് പൂർണമായുമം വിശ്വസിച്ചിട്ടില്ല. അമ്മ ശ്രീതുവും സംശയത്തിന്റെ നിഴലിലാണ്. അമ്മയെ കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുമെന്നും പോലീസ് പറയുന്നു.

ഹരികുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇയാളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ ആലോചന. കുഞ്ഞിൻറെ മാതാപിതാക്കളായ ശ്രീതുവിനെയും ശ്രീജിത്തിനെയും പൊലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞദിവസം ചോദ്യം ചെയ്യലിനു ശേഷം ശ്രീതുവിനെ പൂജപ്പുര മഹിളാ മന്ദിരത്തിലേക്ക് മാറ്റിയിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു ഉറങ്ങിക്കിടന്ന കുഞ്ഞിനെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞു കൊന്നത്. കോട്ടുകാല്‍ക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകള്‍ ദേവേന്ദു ആണ് മരിച്ചത്. രാവിലെ ഏഴു മണിയോടെയാണ് രണ്ടര വയസ്സുകാരിയായ കുട്ടിയെ കാണാനില്ലെന്ന വിവരം നാട്ടുകാര്‍ അറിയുന്നത്. വീട്ടുകാര്‍ തന്നെയാണു നാട്ടുകാരോടു വിവരം പറഞ്ഞത്. കഴിഞ്ഞ ദിവസം കുട്ടിയുടെ മുത്തച്ഛന്റെ മരണാനന്തര ചടങ്ങുകള്‍  നടക്കുന്നതിനുമുൻപായിരുന്നു സംഭവം.ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ബന്ധുക്കളും നാട്ടുകാരുമാണ് കുഞ്ഞിനെ കണ്ടെത്താനായി തിരച്ചില്‍ നടത്തിയത്. ഇതിനിടയിലാണ് വീട്ടുമുറ്റത്തെ കിണറ്റില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഗ്നിരക്ഷാസേന ഉള്‍പ്പെടെ എത്തി കുട്ടിയുടെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു.

കുട്ടിയുടെ അമ്മ ഉള്‍പ്പെടെ പൊലീസിനോട് പറഞ്ഞ കാര്യങ്ങളില്‍ വൈരുധ്യമുണ്ടായിരുന്നു. പ്രാഥമിക മൊഴികളിൽ പൊരുത്തക്കേടുണ്ടായതിനെത്തുടർന്ന തുടക്കം മുതൽതന്നെ പൊലീസ് കൊലപാതകം സംശയിക്കുന്നുണ്ടായിരുന്നു. തുടർന്ന് കുട്ടിയുടെ  അമ്മയെയും അച്ഛനെയും മുത്തശ്ശി ശ്രീകലയെയും ചോദ്യം ചെയ്തിരുന്നു. അന്വേഷിച്ച് കണ്ടു പിടിക്കെന്നായിരുന്നു ഹരികുമാർ പൊലീസിനോട് ആദ്യം പറഞ്ഞത്.


ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട സ്ഥാപനത്തിലാണ് കുഞ്ഞിന്റെ അമ്മ ശ്രീതു ജോലി ചെയ്തിരുന്നത്. പിതാവ് ശ്രീജിത്ത് സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനാണ്. ഇവര്‍ കഴിഞ്ഞ കുറേ നാളുകളാണ് അകന്നാണ് താമസിച്ചിരുന്നത്. ശ്രീതുവിന്റെ പിതാവിന്റെ മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ടാണ് ശ്രീജിത്ത് ഇന്നലെ വീട്ടില്‍ എത്തിയത്. കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും പറയപ്പെടുന്നു. 30 ലക്ഷം രൂപ കാണാനില്ലെന്ന‌് കാട്ടി കഴിഞ്ഞ ദിവസം കുടുംബം നല്‍കിയ പരാതി വ്യാജമാണെന്നാണ് പൊലീസിന്റെ നിഗമനം. വീട്ടിൽ കുരുക്കിട്ട നിലയിൽ കയറുകളും കണ്ടെത്തിയിരുന്നു. പുലര്‍ച്ചെ ശ്രീതുവിന്റെ സഹോദരന്റെ മുറിയില്‍ തീപിടിത്തമുണ്ടായതും ദുരൂഹത വര്‍ധിപ്പിക്കുന്നു. ചോദ്യം ചെയ്ത് തത്കാലത്തേക്ക് വിട്ടയച്ചെങ്കിലും കുട്ടിയുടെ അമ്മ ശ്രീതു സംശയനിഴലിൽ തന്നെയാണ്. കുഞ്ഞിനെ അമ്മയുടെ കുടുംബവീട്ടിൽ സംസ്കരിച്ചു

Post a Comment

Previous Post Next Post