(www.kl14onlinenews.com)
(26-jan-2025)
മാനന്തവാടി: വയനാട്ടിൽ നരഭോജി കടുവയുടെ ആക്രമണത്തിൽ ആർആർടി ഉദ്യോഗസ്ഥന് പരുക്കേറ്റു. കടുവയെ കണ്ടെത്താനുള്ള ശ്രമത്തിനിടയിലാണ് ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥന് പരുക്കേറ്റത്. തറാട്ട് ഭാഗത്ത് തിരച്ചിലിന് ഇറങ്ങിയ ഉദ്യോഗസ്ഥനുനേരെയാണ് കടുവയുടെ ആക്രമണമുണ്ടായത്.
ആര്‍ആര്‍ടി സംഘാംഗം ജയസൂര്യയെയാണ് കടുവ ആക്രമിച്ചത്. കൈയ്ക്കും ശരീരത്തിന്റെ പലഭാഗങ്ങളിലും പരുക്കേറ്റ ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് പഞ്ചാരക്കൊല്ലിയിലെ വനപ്രദേശത്ത് നരഭോജി കണ്ടെത്താനുള്ള തിരച്ചിലിൽ ഏർപ്പെട്ടിരിക്കുന്നത്. മൂന്നു വെറ്റിനറി ഡോക്ടർമാരും സംഘത്തിലുണ്ട്.
വയനാട്ടിലെ നരഭോജി കടുവയെ വെടിവെച്ചു കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിരുന്നു. മാനന്തവാടിയില്‍ കടുവ യുവതിയെ കൊന്നുതിന്ന സംഭവത്തില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെയാണ് കടുവയെ വെടിവയ്ക്കാൻ ഉത്തരവിട്ടത്. മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലിയില്‍ വനമേഖലയോടു ചേർന്നാണ് കടുവയുടെ ആക്രമണത്തിൽ ആദിവാസി യുവതി കൊല്ലപ്പെട്ടത്.
പഞ്ചാരക്കൊല്ലി തറാട്ട് ഉന്നതിയിലെ വനംവകുപ്പ് വാച്ചറായ അച്ചപ്പന്റെ ഭാര്യ രാധ (45) ആണു കൊല്ലപ്പെട്ടത്. രാവിലെ വനത്തോടു ചേര്‍ന്നു പരിശോധന നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘമാണു പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
Post a Comment